റിദാൻ, ഷാൻ

‘റിദാനെ കൊന്നത് ഷാൻ തന്നെ, കൊലയ്ക്ക് പിന്നിലാരെന്ന് അറിയണം’; സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം

മലപ്പുറം: എടവണ്ണ റിദാൻ ബാസിലിനെ കൊലപ്പെടുത്തിയത് പ്രതി ഷാൻ തന്നെയാണെന്ന് വിശ്വസിക്കുന്നുവെന്ന് കുടുംബം. എന്നാൽ കൊലയ്ക്ക് പിന്നിൽ ഷാൻ മാത്രമാണെന്ന് കരുതുന്നില്ല. പൊലീസിൽ വിശ്വാസമില്ലാത്തതിനാൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. റിദാന്‍റേത് സ്വര്‍ണക്കടത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന പി.വി. അൻവർ എം.എല്‍.എ.യുടെ ആരോപണത്തിനു പിന്നാലെയാണ് കുടുംബത്തിന്‍റെ പ്രതികരണം.

“റിദാനെ കൊന്നത് ഷാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിൽ ഷാൻ മാത്രമാണെന്ന് കരുതുന്നില്ല. ലഹരിമരുന്നു കേസിൽ എസ്.പിയുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം റിദാനെ കുടുക്കുകയായിരുന്നു എന്ന കാര്യം പിന്നീട് മനസിലാക്കാനായി. ഇതിലെല്ലാം തുടരന്വേഷണം വേണം. ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. കേസ് സി.ബി.ഐ അന്വേഷിക്കണം” -റിദാന്‍റെ പിതാവ് പറഞ്ഞു.

റിദാന്‍ ബാസിലിനെ കൊലപ്പെടുത്തിയത് സ്വര്‍ണക്കടത്തിന്റെ ഭാഗമായാണെന്നും എന്നാല്‍ കേസില്‍ പൊലീസ് മറ്റൊരു കഥ കെട്ടിച്ചമച്ചതാണെന്നുമാണ് പി.വി. അൻവറിന്‍റെ വെളിപ്പെടുത്തൽ. 2023 ഏപ്രില്‍ 22നാണ് എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാന്‍ ബാസിലി(27)നെ വീടിന് സമീപമുള്ള പുലിക്കുന്ന് മലയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൂന്ന് വെടിയുണ്ടകളാണ് യുവാവിന്റെ ശരീരത്തില്‍ തറച്ചിരുന്നത്. സംഭവത്തില്‍ റിദാന്റെ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന്‍ മുഹമ്മദ് ഷാനെ(30) ഏപ്രില്‍ 24ന് പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ കേസിലെ കൂട്ടുപ്രതികളായ ഏഴുപേരും അറസ്റ്റിലായി. കേസ് രജിസ്റ്റര്‍ ചെയ്ത് 88-ാം ദിവസം 4598 പേജുകളുള്ള കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചു. ഷാന്‍ അടക്കം ആകെ എട്ട് പ്രതികളും 169 സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്.

Tags:    
News Summary - Edavanna Murder Case: Ridan's family demanding CBI probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.