തിരുവനന്തപുരം : ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ നിർമാണ നിയന്ത്രണത്തിൽ പരിസ്ഥിത പ്രവർത്തകരുടെ നിർദേശം തഴഞ്ഞത് സർക്കാരിന് തിരിച്ചടിയായി. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവിറക്കുമ്പോൾ 2017 മെയ് ഏഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ചർച്ചകളൊന്നും പരിഗണിച്ചില്ല. പരിസ്ഥിതി പ്രവർത്തകർ പ്രശ്ന പരിഹാരത്തിനായി നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ഡോ.വിസ.എസ് വിജയൻ, സുഗതകുമാരി,അഡ്വ. ഹരീഷ് വാസുദേവൻ, ഡോ.ഇന്ദിരാദേവി തുടങ്ങിയവരാണ് പുതിയ നിർദേശങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്. ഇക്കാര്യത്തിൽ സർക്കാർ ഒരടി മുന്നോട്ടു പോയില്ല.
മൂന്നാർ സംരക്ഷിക്കുന്നതിനായി വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കണെമെന്നായിരുന്നു പ്രധാന നിർദേശം. ഈ വിഷയത്തിൽ യു.എൻ ഡി.പി. മുൻകൈയെടുത്ത് ഒരു പഠനം നടത്തിയിരുന്നു. പഠനറിപ്പോർട്ട് നടപ്പിലാക്കുന്നതിനുള്ള സാധ്യത പരിശോധിക്കണെന്നും അവർ ആവശ്യപ്പെട്ടു.
പരിസ്ഥിതി ലോലപ്രദേശമായതിനാൽ ചരിവുള്ള പ്രദേശങ്ങളിൽ വൻകെട്ടിടങ്ങൾ പണിയാൻ പാടില്ല. ശക്തമായ പാരിസ്ഥിതിക ആഘാതങ്ങൾ ഉളവാക്കും. തോട്ടങ്ങൾക്ക് കൃഷിക്കു വേണ്ടിയാണ് ഭൂമി നൽകിയത്. അവിടെ റിസോർട്ടുകൾ പണിയുന്നതിന് അനുവാദം നൽകാൻ പാടില്ല. ടാറ്റ, കണ്ണൻ ദേവൻ ഹിൽസ്,ഹാരിസൺസ് തുടങ്ങിയവർ കൈവശംവെച്ചിരിക്കുന്ന സർക്കാർ ഭൂമി നിർബന്ധമായും പിടിച്ചെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
കൈയേറ്റങ്ങൾ നിർബന്ധമായും ഒഴിപ്പിക്കണം. പശ്ചിമഘട്ട മലനിരകളുമായി ബന്ധപ്പെട്ടു കിടക്കുന്ന റവന്യൂഭൂമി നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരണം. നിലവിലുള്ള അക്കേഷ്യ, യൂക്കാലിപ്റ്റസ് ഘട്ടംഘട്ടമായി മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് കെ.എ.പി.ആർ.ഐയുമായി ചർച്ച നടത്തി നടപടി സ്വീകരിക്കണം. പകരം കാഷ്യൂ പ്ലാൻറേഷൻകൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകളിലെ നല്ല ശുപാർശകൾ നടപ്പിലാക്കണം.
കാർഷിക ഭൂവിനിയോഗത്തിലും ക്രയവിക്രയത്തിനും കർശന നിയന്ത്രണം വേണം. ക്രയവിക്രയം ചെയ്യണം എന്ന് നിർബന്ധം ഉള്ളവരുടെ ഭൂമി സർക്കാർ ഏറ്റെടുത്ത് വനം വകുപ്പിന് കീഴിൽ ആക്കണം. ജൈവകൃഷി, മൃഗപരിപാലനം തുടങ്ങിയവയിൽ പരിസ്ഥിതി സംരക്ഷിക്കുന്ന തരത്തിലുള്ള കൃഷി രീതികൾ അവലംബിക്കുന്ന കർഷകർക്ക് പ്രോത്സാഹനമായി മാസംപ്രതി നിശ്ചിത തുക നൽകണം. അതിനായി പശ്ചിമഘട്ട ഫണ്ട് രൂപീകരിക്കണം. വരൾച്ചാ പ്രതിരോധത്തിന് കേന്ദ്രം അനുവദിക്കുന്ന തുകയിൽ നിന്നും ഇതിനാവശ്യമായ തുക കണ്ടെത്താം.
1997 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം വനഭൂമി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയും അതിൻ പ്രകാരം സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടനുസരിച്ച് ഇടുക്കിയിലെ ഭൂരിഭാഗം പ്രദേശങ്ങളും വലിയ ഭൂമിയിൽ ഉൾപ്പെട്ടുവരുന്നുവെന്ന് കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിൽ സി.എച്ച്.ആർ വനഭൂമിയല്ല എന്നു പരിഗണിച്ച് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ യുക്തിയല്ല.
മൂന്നാറിൽ പ്രത്യേക കെട്ടിടനിർമാണ ചട്ടം ആവശ്യമാണ്. മൂന്നാറിൽ ഫലപ്രദമായി നിയമം നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം അത്യാവശ്യാണ്. 10 സെൻറിൽ താഴെ ഭൂമി കൈയേറിയവരായാലും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലോ പതിച്ചു കൊടുക്കാൻ പാടില്ലാത്ത പ്രദേശത്തോ ആണെങ്കിൽ അത്തരം കൈയേറ്റങ്ങളൊഴിപ്പിച്ച് ഭൂമി പതിച്ചു കൊടുക്കാവുന്ന സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കാവുന്നതാണ്.ചരിവുള്ള സ്ഥലങ്ങളിൽ പണിതിട്ടുള്ളവയല്ലാത്തതും ബഹുനില മന്ദിരങ്ങളല്ലാത്തതുമായ അനധികൃത നിർമാണങ്ങൾ ഏറ്റെടുത്തു സർക്കാരിൻറെ ആവശ്യങ്ങൾക്കോ ടൂറിസം ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണം.
മൂന്നാറിൽ ഉൾക്കൊള്ളാവുന്ന ആൾക്കാരുടെയും പരിധി സംബന്ധിച്ച് അവർക്ക് വേണ്ട സൗകര്യങ്ങൾ സംബന്ധിച്ചും അടിയന്തരമായി പഠനം നടത്തണം. മാട്ടുപ്പെട്ടി ഡാമിൽ യന്ത്രവൽകൃത ബോട്ട് സർവീസ് അടിയന്തിരമായി നിർത്തലാക്കണം. ഖരമാലിന്യം സംസ്കരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. ലാൻഡ് യൂസ് പ്ലാൻ അടിയന്തരമായി തയ്യാറാക്കിയ ശേഷം പട്ടയവിതരണം നടത്താവൂ. നിവേദിത പി.ഹരൻ റിപ്പോർട്ടിലെ അടിസ്ഥാനത്തിൽ ഇറക്കിയ 2015ലെ സർക്കാർ ഉത്തരവ് നടപ്പിലാക്കണം.സത്യസന്ധമായ പ്രവർത്തന മികവുള്ള ഉദ്യോഗസ്ഥരെ മൂന്നാർ മേഖലയിൽ നിയമിക്കണം.യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശമാണ് മൂന്നാർ. അതീവ പരിസ്ഥിതിലോല പ്രദേശമായി ഇവിടം ജൈവവൈവിധ്യത്തെ കലവറയാണ്. നമ്മുടെ പുഴകൾ സംരക്ഷിക്കേണ്ടതുണ്ടെങ്കിൽ വനങ്ങളും പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കണം. കൈയേറ്റത്തിനെതിരെ ശക്തമായ സമീപനം സ്വീകരിക്കണമെന്നും പരിസ്ഥിത പ്രവർത്തകർ ആവശ്യപ്പെട്ടു.
പരിസ്ഥതി പ്രവർത്തകർ നിർദേശിച്ച പഠനങ്ങളൊന്നും നടത്താൻ സർക്കാർ തയാറായില്ല. ക്വറി ഉടമകളുടെ താൽപ്പര്യമാണ് 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നത്. വ്യവസായ വകുപ്പും ഇക്കാര്യം നിരന്തരം ആവശ്യപ്പെടുന്നു. രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കളുടെ ബന്ധുക്കളോ ബിനാമികളോ വ്യാപകമായി പട്ടയഭൂമിയിലെ പാറമടകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ചട്ടം ഭേഗതി ചെയ്ത് ഇളവ് ലഭിച്ചാൽ ഖനനത്തെ നിയമപരമായി എതിർക്കാനാവില്ല. കോടതി വിധിയുടെ മറവിൽ വ്യവസായവകുപ്പ് ഖനനാനുമതി നൽകും വിധം ചട്ടം ഭേദഗതി ചെയ്യമെന്ന് ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.