ഇടുക്കി പൂച്ചപ്ര നഴ്സറി സ്കൂൾ നവീകരണം ആരംഭിക്കാത്തതിന് കാരണം പൂമാല ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറുടെ വീഴ്ചയെന്ന് റിപ്പോർട്ട്

കോഴിക്കോട് : ഇടുക്കി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പൂച്ചപ്ര നഴ്സറി സ്കൂൾ നവീകരണത്തിന് തുക അനുവദിച്ചിട്ടും നിർമാണ പ്രവർത്തി തുടങ്ങാത്തതിന് കാരണം പൂമാല ട്രൈബൽ എക്സറ്റൻഷൻ ഓഫീസറുടെ വീഴ്ചയെന്ന് ധനകാര്യ റിപ്പോർട്ട്. ഫണ്ട് അനുവദിച്ച് നൽകിയാലും സമയബന്ധിതമായി പദ്ധതി നടപ്പാക്കുന്നതിൽ പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പരിശോധന വിഭാഗം ഇടുക്കി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറുടെ കാര്യാലയം, ഐ.ടി.ഡി.പി പദ്ധതി നിർവഹണം നടത്തിയ കോളനികൾ എന്നിവിടങ്ങളിലാണ് അന്വേഷണം നടത്തിയത്.

പൂച്ചപ്ര നഴ്സറി സ്കൂൾ നവീകരണത്തിന് 2019 ജനുവരി ഒന്നിലെ ജില്ലാതല വർക്കിങ് ഗ്രൂപ്പിൽ അനുമതി ലഭിച്ചു. 2019 മാർച്ച് ആറിന് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി ഉത്തരവായി. 2019 മാർച്ച് എട്ടിന് 2,50,000 രൂപ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഡിപ്പോസിറ്റ് ചെയ്തു. എന്നാൽ, പരിശോധനയിൽ ഈ പ്രവർത്തി നാളിതുവരെ ആരംഭിച്ചിട്ടില്ല. സ്കൂളിന്റെ സിലിങ് ഉൾപ്പെടെ ഇളകി അപകടാവസ്ഥയിലാണെന്ന് നഴ്സറി സ്കൂൾ ടീച്ചർ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസറെ അറിയിച്ചിട്ടും ഫലമുണ്ടായില്ല.

അഞ്ച് ലക്ഷം രൂപ വരെയുള്ള പ്രവർത്തികളുടെ നിർവഹണം പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് നിർവഹിക്കുന്നതെന്നതിനാൽ പരിശോധനാ സംഘം പൊതുമരാമത്ത് കെട്ടിട വിഭാഗം തൊടുപുഴ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്ന് വിശദീകരണം ആരാഞ്ഞിരുന്നു. പ്രവർത്തിക്ക് ഫണ്ടും ഭരണാനുമതിയും ലഭ്യമായ വിവരം നടത്തിപ്പ് ചുമതലയുള്ള കരിമണ്ണൂർ ഓഫീസിലോ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലോ അറിയിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

പരിശോധനാ സംഘം അന്വേഷണക്കുറിപ്പ് നൽകിയപ്പോൾ മാത്രമാണ് ഫണ്ട് ഡിപ്പോസിറ്റ് ചെയ്ത വിവരം അറിയുന്നത് എന്നും ഫണ്ട് ഡിപ്പോസിറ്റ് ചെയ്തിരിക്കുന്നത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അക്കൗണ്ടിലാണെന്നും മറുപടി നൽകി.

2019 മാർച്ച് എട്ടിന് തുക മുൻകൂറായി ഡിപ്പോസിറ്റ് ചെയ്തിട്ടും അപകടാവസ്ഥയിലാണെന്ന് നഴ്സറി സ്കൂൾ ടീച്ചർ അറിയിച്ച കെട്ടിടത്തിന്റെ നവീകരണം ഇതുവരെ ആരംഭിക്കാത്തത് ഈ പദ്ധതി മോണിറ്റർ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ പൂമാല ട്രൈബൽ എക്സറ്റൻഷൻ ഓഫീസറുടെ വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടാക്കാട്ടി.

Tags:    
News Summary - Idukki Poochpra Nursery School Renovation: Failure of Poomala Tribal Extension Officer Reportedly Caused Not Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.