കാഞ്ഞങ്ങാട്: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ആര്.എസ്.എസ് രൂപവത്കരണത്തിന്റെ നൂറാം വാര്‍ഷികാഘോഷം നടക്കുന്ന 2025ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
പാര്‍ലമെന്ററി ജനാധിപത്യത്തിനോ തെരഞ്ഞെടുപ്പുകള്‍ക്കോ സ്ഥാനമില്ലാത്ത ഫാഷിസത്തിലേക്കാവും അവര്‍ രാജ്യത്തെ നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ആലാമിപ്പള്ളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ധന സെസ് മൂലം വിലക്കയറ്റമുണ്ടാകുമെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഞെരുക്കുന്ന സാഹചര്യത്തില്‍ നിലനില്പിനായാണ് സെസ് ഏര്‍പ്പെടുത്തിയത്.
ആര്.എസ്.എസും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ചനടത്തിയത് പരസ്പരം ശക്തി സംഭരിക്കാനാണെന്ന് അഭിപ്രായപ്പെട്ട സി.പി.എം സെക്രട്ടറി, ഗാന്ധിവധം മുതല്‍ ഇങ്ങോട്ട് ആര്.എസ്.എസ് എടുക്കുന്ന വര്‍ഗീയ നിലപാടുകള്‍ അറിയുന്ന ഒരാളും അവരുമായി ചര്‍ച്ചക്ക് തയാറാകില്ലെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡൻറ് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു. എസ്.ടി.എഫ്.ഐ ദേശീയ പ്രസിഡൻറ് കെ.സി. ഹരികൃഷ്ണൻ, എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ജനറൽ സെക്രട്ടറി വി. ശ്രീകുമാർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.