കൊച്ചി: കോതമംഗലം മാർത്തോമൻ ചെറിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന 2019 ഡിസംബറിലെ ഉത്തരവ് 2021 ജനുവരി എട്ടിനകം നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ അന്ത്യശാസനം. അല്ലാത്തപക്ഷം പള്ളി ഏറ്റെടുക്കാൻ തിരുവനന്തപുരം പള്ളിപ്പുറത്തെ സി.ആര്.പി.എഫിന് നിർദേശം നൽകിയ ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ ഇക്കാര്യം അസിസ്റ്റൻറ് സോളിസിറ്റർ ജനറലിനെ അറിയിക്കാനും നിർദേശിച്ചു.
പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന 2019 ഡിസംബര്‍ മൂന്നിലെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഓര്‍ത്തഡോക്സ് വിഭാഗം വികാരി തോമസ് പോള്‍ റമ്പാന് നല്കിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിധി സമാധാനപരമായി നടപ്പാക്കാൻ മൂന്നുമാസംകൂടി അനുവദിക്കണമെന്നായിരുന്നു സർക്കാറിെൻറ ആവശ്യം. പ്രായോഗിക പരിഹാരം കണ്ടെത്താൻ സമാധാനപരമായ കൈമാറ്റത്തിനാണ് ശ്രമിക്കുന്നതെന്നും നവംബർ 25ന് സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ, ഒരുവർഷം മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കൽ ഇനിയും വൈകിപ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സർക്കാറിന് അന്ത്യശാസനം നൽകുകയായിരുന്നു. വിധി ജനുവരി എട്ടിനകം സര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കില്‍ പള്ളിയിലുള്ളവെരയും പള്ളി വളപ്പിലുള്ളവരെയും നീക്കി ഇവയുടെയും പള്ളിയിലെ ജംഗമവസ്തുക്കളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ നടപടിയെടുക്കണമെന്ന് സി.ആര്.പി.എഫ് പള്ളിപ്പുറം കേന്ദ്രത്തിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിന് കോടതി നിർദേശം നൽകി. മറ്റൊരു ഉത്തരവുവരെ ഏറ്റെടുത്ത പള്ളിയും മറ്റും കസ്റ്റഡിയിൽ സൂക്ഷിക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.