മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് അധിക സീറ്റിൽ മത്സരിക്കുന്ന കാര്യത്തിൽ മുസ്ലിം ലീഗ് കോൺഗ്രസിൽനിന്ന് രേഖാമൂലം ഉറപ്പ് വാങ്ങും. യു.ഡി.എഫ് മാണി വിഭാഗത്തിന് നൽകിയ സീറ്റ് മുന്നണിയിലെ രണ്ടാം കക്ഷിയായ ലീഗിന് കിട്ടണമെന്നാണ് ആവശ്യം. ഈ ആവശ്യം ശക്തമായി ഉന്നയിക്കും. ഇതു സംബന്ധിച്ച് അനൗപചാരിക ചർച്ച ലീഗ്-കോൺഗ്രസ് നേതാക്കൾ തമ്മിൽ തുടരുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന രണ്ട് ഉഭയകക്ഷി ചർച്ചകളിലും സീറ്റ് വിഭജന വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല. ഫെബ്രുവരി 14ന് യു.ഡി.എഫ് ഏകോപനസമിതി ചേരുന്നുണ്ട്. അതിന് മുമ്പ് തന്നെ ഈ വിഷയത്തിൽ ലീഗും കോൺഗ്രസും തമ്മിൽ ഒത്തുതീർപ്പിലെത്തുമെന്നാണ് സൂചന.
രാജ്യസഭ സീറ്റ് വേണമെന്ന് ലീഗ് സൂചിപ്പിച്ചതിനാൽ കോൺഗ്രസ് ഈ വിഷയം ഹൈകമാൻഡിന് വിട്ടിരിക്കുകയാണ്. ഹൈകമാൻഡിന്റെ അഭിപ്രായം കൂടി ലഭിച്ചാലേ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഈ വിഷയത്തിൽ ലീഗിന് ഉറപ്പുനൽകാനാവൂ. ശനിയാഴ്ച മുസ്ലിം ലീഗ് നേതാക്കൾ യോഗം ചേർന്ന് ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.
നിയമസഭ തെരഞ്ഞെടുപ്പിലും അധിക സീറ്റ് എന്ന ആവശ്യം ലീഗ് ഉന്നയിക്കുമെന്നാണ് സൂചന. കോൺഗ്രസ് ആദ്യം കരുതിയയത്ര എളുപ്പത്തിലല്ല ലീഗുമായുള്ള ഉഭയകക്ഷി ചർച്ച പുരോഗമിക്കുന്നത്. പതിവുപോലെ അധികസീറ്റ് ചോദിച്ച് അനുനയത്തിൽ പിരിയാമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. യു.ഡി.എഫ് സഖ്യം നിലവിൽ വന്ന ശേഷം ഇതുവരെ ലീഗിന് രണ്ടിലധികം പാർലമെന്റ് സീറ്റ് ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.