കോട്ടയം: വൈകാരികതയെ തള്ളിക്കളഞ്ഞ ചരിത്രം പുതുപ്പള്ളിക്കുണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ്. ഏത് തെരഞ്ഞെടുപ്പിലും ജനജീവിതം സംബന്ധിച്ച പ്രശ്നങ്ങളാണ് ചർച്ചയാകേണ്ടത്. രാഷ്ട്രീയ ലാഭത്തിന് വൈകാരികത ഉപയോഗിച്ചാൽ ജനം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജെയ്ക്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മണ്ഡലം മാറി മത്സരിക്കുമെന്ന വാർത്തകളെ തുടർന്ന് പുതുപ്പള്ളിയിൽ വൈകാരിക പ്രതിഷേധങ്ങൾ ഉയർന്നിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് യു.ഡി.എഫിനുണ്ടായതെന്ന് ജെയ്ക് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അദ്ദേഹത്തിന്‍റെ പുതുപ്പള്ളിയിലെ വീടിനുമുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് കേരളം മുഴുവൻ കണ്ടു. ഏറെ വൈകാരികമായി ആ നിമിഷങ്ങൾ മാധ്യമങ്ങളിലൂടെ തൽസമയം പുതുപ്പള്ളിയും കേരളവും കണ്ടിട്ടും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടായില്ല.
പുതുപ്പള്ളിയിൽ വികസനവും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും ഉന്നയിച്ച് സംവാദത്തിന് എൽ.ഡി.എഫ് തയാറാണ്. ഈ സംവാദം ഏറ്റെടുക്കാൻ യു.ഡി.എഫ് തയാറുണ്ടോ. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ പ്രവർത്തകരാകും തന്‍റെ പ്രചാരണം നയിക്കുകയെന്നും ജെയ്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.