തിരുവനന്തപുരം: തിടുക്കപ്പെട്ട് സ്പെഷൽ റൂൾസ് ഭേദഗതി ചെയ്ത് ഐ.എച്ച്.ആർ.ഡി ഡയറക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ നടന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ ഉൾപ്പെടെ ആറ് പേർ ഇന്റർവ്യൂവിൽ പങ്കെടുത്തു. നിലവിൽ ഡയറക്ടറുടെ താൽക്കാലിക ചുമതലയുള്ള അരുൺകുമാറിന് വേണ്ടിയാണ് യോഗ്യതയിൽ ഇളവ് വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതെന്ന് ആരോപണമുയർന്നിരുന്നു.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിറ്റൽ സർവകലാശാല വൈസ് ചാന്‍സലർ, കുസാറ്റ് മുൻ വൈസ് ചാൻസലർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറി എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ. അരുൺകുമാർ ഒഴികെ, ഇൻറർവ്യൂവിൽ പങ്കെടുത്തവരെല്ലാം ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള വിവിധ എൻജിനീയറിങ് കോളജുകളിൽ പ്രിൻസിപ്പൽമാരായും സീനിയർ പ്രഫസർമാരായും പ്രവർത്തിച്ചവരാണ്. സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറും.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നിയമന യോഗ്യതക്ക് തുല്യമായ രീതിയിൽ എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരമുള്ള യോഗ്യതയാണ് ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനത്തിനും വേണ്ടത്. ഇതിലേക്ക് ഐ.എച്ച്.ആർ.ഡി അഡീഷനൽ ഡയറക്ടറായി ഏഴ് വർഷത്തെ സേവനം പുതിയ യോഗ്യതയായി ചേർത്താണ് സ്പെഷൽ റൂൾസിൽ ഗവേണിങ് ബോഡി അറിയാതെ ഭേദഗതി വരുത്തിയത്. ഡയറക്ടറുടെ താൽക്കാലിക ചുമതലയുള്ള അരുൺകുമാർ വർഷങ്ങളായി അഡീഷനൽ ഡയറക്ടർ പദവിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.