മൂന്നാർ: റോഡ് നിർമാണത്തിെൻറ മറവിൽ സി.എച്ച്.ആർ മേഖലയിലെ വന്മരങ്ങൾ രാത്രിയിൽ മുറിച്ചുകടത്തിയ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ കലക്ടറുടെ റിപ്പോർട്ട്. ചിത്തിരപുരം-ഉടുമ്പൻചോല റോഡിൽ ചെമ്മണ്ണാർ ഭാഗത്തെ 50 മരം വനംവകുപ്പിെൻറ അനുമതിയില്ലാതെ മുറിച്ചതാണ് വിവാദമായത്. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം അപകടകരമായ മരങ്ങളാണ് മുറിച്ചതെന്നാണ് പൊതുമരാമത്ത് അധികൃതർ വനപാലകരെ അറിയിച്ചത്. എന്നാൽ, ഇങ്ങനെയൊരു അനുമതി നൽകിയിട്ടില്ലെന്ന് കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു.
മഴക്കാലത്ത് അപകടകരമായി നിൽക്കുന്ന മരച്ചില്ലകളും ആവശ്യമെങ്കിൽ മരവും മുറിക്കാൻ ദുരന്തനിവാരണ അതോറിറ്റി പൊതുതീരുമാനം എടുത്തിട്ടുണ്ട്. എന്നാൽ, മരങ്ങൾ മുറിക്കാൻ വനംവകുപ്പിൽനിന്ന് മുൻകൂട്ടി അനുവാദം വാങ്ങണം. ചിത്തിരപുരം-ഉടുമ്പൻചോല റോഡിലെ മരങ്ങൾ മുറിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുവാദം ചോദിക്കുകയോ അപേക്ഷ നൽകുകയോ ചെയ്തിട്ടില്ല. മരങ്ങൾ മുറിച്ചതിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയതായാണ് കലക്ടറുടെ കണ്ടെത്തൽ. ശാന്തൻപാറ സെക്ഷനിലെ 32 മരവും തേവാരംമെട്ട് സെക്ഷനിലെ 18 എണ്ണവും മുറിച്ചതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ വനംവകുപ്പ് കേെസടുത്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് നെടുങ്കണ്ടം സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ബിബിൻ ജിത്ത്, ശാന്തൻപാറ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ കാർത്തിക് കൃഷ്ണൻ, കരാറുകാരനായ അടിമാലി സ്വദേശി കെ.എച്ച്. അലി എന്നിവർക്കെതിരെയാണ് കേസ്.
ഇവർക്ക് നോട്ടീസ് നൽകി മൊഴിയെടുത്ത് മൂന്നാർ ഡി.എഫ്.ഒക്ക് സമർപ്പിക്കുമെന്ന് ദേവികുളം റേഞ്ച് ഓഫിസർ അരുൺ മഹാരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.