തിരുവനന്തപുരം: റവന്യൂ പുറമ്പോക്കിലെ അനധികൃത പാറക്വാറികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ്. അനധികൃത ഖനനം കണ്ടെത്തുന്നതിന് ഡ്രോൺ സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് നടപടികൾ പുരോഗമിക്കുകയാണെന്നും പി. ഉബൈദുള്ള, പി.കെ ബഷീർ, മഞ്ഞളാംകുഴി അലി, പി. അബ്ദുൽ ഹമീദ് എന്നിവർക്ക് നിയമസഭയിൽ മറുപടി നൽകി.
റവന്യൂ ഭൂമിയുടെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരാണ്. അനധികൃത ഖനനം മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ശ്രദ്ധയിൽപെടുന്ന സാഹചര്യത്തിൽ 2015-ലെ കെ.എം.എം.സി ചട്ടങ്ങൾ പ്രകാരം നിയമനടപടി സ്വീകരിക്കുന്നുണ്ട്.
നീക്കം ചെയ്ത കരിങ്കല്ലിന്റെ റോയൽറ്റി, വില, പിഴ എന്നിവ വകുപ്പ് ഈടാക്കുന്നു. ഇത് സംബന്ധിച്ച സീനിയറേജ് ഈടാക്കുന്നതിന് ബന്ധപ്പെട്ട റവന്യൂ അധികാരി കൾക്ക് അറിയിപ്പ് നൽകാറുണ്ട്. വിശദാംശങ്ങൾ ലഭിക്കാത്ത പക്ഷം വേണ്ട അന്വേഷണങ്ങൾ നടത്തുന്നതിന് പൊലീസ് വകുപ്പിന് രേഖാമൂലം അറിയിപ്പും നൽകാറുണ്ട്.
അനധികൃത ധാതു ഖനന, ഗതാഗത പ്രവർത്തനങ്ങൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിന് വകുപ്പിന്റെ ജില്ലാ ആഫീസുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ജില്ലാ മിനറൽ സ്ക്വാഡുകൾ രൂപവത്കരിച്ചു. നിലവിൽ പൊലീസ്, റവന്യൂ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെൻറ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തി. അനധികൃത ഖനനം കണ്ടെത്തുന്നതിന് ഡ്രോൺ സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് നടപടികൾ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.