തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയാറാണെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റ് മനുഷ്യസ്നേഹികളുടെയും ഹൃദയം നിറക്കുന്നതായിരുന്നു. എന്നാൽ, അതിനിടയിലും അപരവിദ്വേഷവും അശ്ലീലവും പറഞ്ഞ് ചിലർ രംഗത്തെത്തുകയുമുണ്ടായി. ഇത്തരക്കാർക്കെതിരെ കർശന നടപടിയുമായി പൊലീസ് തന്നെ രംഗത്തുവന്നിട്ടുണ്ട്.
പോസ്റ്റിൽ അശ്ലീല കമന്‍റിട്ട കണ്ണൂർ സ്വദേശി കെ.ടി. ജോർജ് എന്നയാളെ കഴിഞ്ഞ ദിവസം നാട്ടുകാർ കൈകാര്യം ചെയ്ത സംഭവമുണ്ടായിരുന്നു. കണ്ണൂർ പേരാവൂരിനടുത്ത എടത്തൊട്ടി സ്വദേശിയാണ് കെ.ടി. ജോർജ്. കണ്ണൂരിൽ ജോലി ചെയ്യുന്ന ഇയാൾ ജോലി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കൾ ഇയാളെ വളഞ്ഞിട്ട് തല്ലിയത്. ഇയാളുടെ ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിന് പിന്നാലെ, മർദനമേറ്റ് കൈയൊടിഞ്ഞ് കെ.ടി. ജോർജ് ആശുപത്രിയിൽ കിടക്കുകയാണെന്ന് കാണിച്ച് മറ്റൊരു ചിത്രവും വ്യാപകമായി പ്രചരിച്ചു. എന്നാൽ, ഈ ചിത്രം അശ്ലീല കമന്‍റിട്ട കെ.ടി. ജോർജിന്‍റേത് അല്ലെന്നും തന്‍റേതാണെന്നും അറിയിക്കുകയാണ് തിരുവനന്തപുരം അരുവിക്കര മൈലം സ്വദേശി രഞ്ജിത് എന്ന് വിളിക്കുന്ന ജി. വിശ്വാസ്.
ജൂലൈ 26ന് നെയ്യാറ്റിൻകരയിലുണ്ടായ അപകടത്തിൽ കൈക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണ് വിശ്വാസ്. എക്സിബിഷനും തെരുവോരകച്ചവടവും നടത്തിയാണ് വിശ്വാസ് കഴിഞ്ഞിരുന്നത്. താൻ ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ എക്സിബിഷൻ പ്രവർത്തകരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ വിശ്വാസ് ഇട്ടിരുന്നു. ഈ ഫോട്ടോയാണ് കണ്ണൂരിൽ മർദനമേറ്റ് കിടക്കുന്ന കെ.ടി. ജോർജിന്‍റേതെന്ന പേരിൽ പ്രചരിച്ചത്. ഫോട്ടോ വെച്ച് വ്യാപക സൈബർ ആക്രമണവുമുണ്ടായി.
അപകടത്തിൽ കൈ ഒടിഞ്ഞതിനേക്കാൾ വലിയ വേദനയാണ് വ്യാജ പ്രചാരണങ്ങൾ കാണുമ്പോൾ തനിക്കുണ്ടാകുന്നതെന്ന് വിശ്വാസ് പറയുന്നു. അപകടത്തിൽ പരിക്കേറ്റ വിശ്വാസിന് ചികിത്സക്കും സർജറിക്കുമായി ഇനിയും തുക ആവശ്യമുണ്ടായിരുന്നു. സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് എക്സിബിഷൻ പ്രവർത്തകരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഫോട്ടോയിട്ടത്. എന്നാൽ, അശ്ലീല കമന്‍റിട്ട് തല്ലുകൊണ്ടയാൾ എന്ന നിലക്കാണ് ഇപ്പോൾ തന്‍റെ ഫോട്ടോ പ്രചരിക്കുന്നതെന്ന് വിശ്വാസ് വേദനയോടെ പറയുന്നു. തനിക്ക് കുടുംബവും കുട്ടിയുമുണ്ടെന്നും താനല്ല അശ്ലീല കമന്‍റിട്ടതെന്ന് തിരിച്ചറിയണമെന്നും ഫോട്ടോ പ്രചരിപ്പിക്കരുതെന്നും വിശ്വാസ് അഭ്യർഥിക്കുന്നു.
അതിനിടെ, പോസ്റ്റിന് അശ്ലീല കമന്റിട്ട മറ്റൊരാളെ ഇന്നലെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ട ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി. മോഹനൻ ആണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.
വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ നിരീക്ഷണത്തിലാണെന്നും സോഷ്യൽ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.