ആലപ്പുഴയിലുണ്ട്​, ഒരേ വിലാപമുയരുന്ന രണ്ട്​ വീടുകൾ

ഈ ആൾക്കൂട്ടങ്ങളെല്ലാം പിരിഞ്ഞുകഴിയുമ്പോൾ ആ വീടുകളിൽ അവർ മാത്രമാകും. അനാഥരാക്കപ്പെട്ട ആ കുഞ്ഞുങ്ങളും അകാലത്തിൽ വിധവകളായ അവരുടെ അമ്മമാരും. അവരുടെ നൊമ്പരങ്ങളുടെ തുരുത്തായി അവിടം മാറും. അവരെ അനാഥരാക്കിയ വെറുപ്പിന്‍റെ പ്രത്യയശാസ്ത്രത്തിന്​ ഒരിക്കലും ആ വേദന മനസ്സിലാകില്ല. ആലപ്പുഴയിൽ കൊല്ലപ്പെട്ട കെ.എസ്​. ഷാനിന്‍റെയും രഞ്ജിത്ത്​ ശ്രീനിവാസന്‍റെയും അന്ത്യകർമ്മ സമയത്ത്​ ഉയർന്നുകേട്ട വിലാപങ്ങളിൽ വെറുപ്പിന്‍റെയും പ്രതിരോധത്തിന്‍റെയും രാഷ്ട്രീയത്തോടുള്ള ചോദ്യങ്ങളുണ്ട്​, ഉത്തരങ്ങളും...

ഞായറാഴ്ച അർധരാത്രിയാണ്​ ആലപ്പുഴ കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിൽ ബസ്​ ഇറങ്ങിയത്​. വളരെ നേരത്തേ പുതച്ചുമൂടി ഉറങ്ങുന്ന നഗരമൊന്നുമല്ല ആലപ്പുഴ. എന്നിട്ടും ഡിസംബറിന്‍റേതല്ലാത്ത ഒരു തണുപ്പും മരവിപ്പുമായിരുന്നു അവിടെ. വളരെ കുറഞ്ഞ യാത്രക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്​. എസ്​.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്.​ ഷാൻ കൊല്ലപ്പെട്ട രാത്രിയായിരുന്നു അത്​. ശനിയാഴ്ച രാത്രി എട്ട്​ മണിയോടെ നഗരത്തിൽനിന്നും മണ്ണഞ്ചേരിയിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു 38കാരനായ ഷാൻ. ഷാന്​ രണ്ട്​ പെൺമക്കളാണ്, ഹിബയും ഫിദയും. ഉപ്പ വരാൻ വൈകിയാൽ അവർ ​​മൊബൈൽ ഫോണിൽ നിർത്താതെ വിളിച്ചുകൊണ്ടിരിക്കും. ആർ.എസ്​.എസ്​ പ്രവർത്തകർ കാർ ഇടിപ്പിച്ചിട്ട്​ വെട്ടിവീഴ്ത്തുന്നതിന്​ തൊട്ടുമുമ്പും ആ പെൺകുഞ്ഞുങ്ങൾ അവരുടെ ഉപ്പയെ വിളിച്ചു. 'ദാ എത്തിക്കഴിഞ്ഞു' എന്നാണ്​ അയാൾ അവസാനം മക്കൾക്ക്​ കൊടുത്ത വാക്ക്​.

വീടിന്​ ഏതാനും വിളിപ്പാടകലെയാണ്​ ആ യുവാവ്​ അക്രമികളുടെ വെട്ടേറ്റു പിടഞ്ഞുവീണത്​. ആലപ്പുഴ മെഡിക്കൽ ട്രസ്റ്റ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ ഷാൻ മരണപ്പെട്ടു. ഏറെ ആശങ്കയോടെ ആ രാത്രി ഉറങ്ങിയ കിഴക്കിന്‍റെ വെനീസ്​ അതിലേറെ ആശങ്കയും ഭാരവും പേറിയാണ്​ ഞായറാഴ്​ച ഉറക്കമുണർന്നത്​. ആർ.എസ്​.എസ്-ബി.ജെ.പി സജീവ പ്രവർത്തകനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രഞ്ജിത്​​ ശ്രീനിവാസനെ വീട്ടിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. നാട്​ വിറങ്ങലിച്ചുപോയി. 12 മണിക്കൂർ ഇടവേളയിൽ കേവലം 13 കിലോമീറ്റർ അകലത്തിൽ രണ്ട്​ യുവാക്കൾക്ക്​ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. രഞ്ജിത്തിനും രണ്ട്​ പെൺകുഞ്ഞുങ്ങളാണ്​. നാല്​ പെൺകുഞ്ഞുങ്ങൾ അനാഥരാക്കപ്പെട്ടിരിക്കുന്നു. രണ്ട്​ യുവതികൾ അകാല വൈധവ്യത്തിന്​ ഇരകളായിരിക്കുന്നു. ആലപ്പുഴ പട്ടണത്തിൽ​ ​ചോരയുടെ മണം പടർന്നിരിക്കുന്നു...

ഷാനിന്‍റെയും രഞ്ജിത്​ ശ്രീനിവാസിന്‍റെയും കുടുംബം

ഷാനിനെയും രഞ്ജിത്തിത്തിനെയും അടുത്തറിയാം. 'മാധ്യമ'ത്തിന്‍റെ ആലപ്പുഴ ഓഫിസിൽ ഇരുവരും വന്നിട്ടുണ്ട്​. വാർത്തകളുടെ കാര്യത്തിൽ ഇരുവരുമായും കലഹിച്ചിട്ടുമുണ്ട്​. രാഷ്ട്രീയത്തിലും നിലപാടിലും അങ്ങേയറ്റം വിയോജിപ്പുള്ള രണ്ട്​​ വ്യക്​തികളോടുള്ള​ തൊഴിൽപരമായ ഇട​പെടലുകളായിരുന്നു അത്​. മാന്യമായി ഇടപെട്ടിരുന്ന രണ്ടുപേർ. ആലപ്പുഴയിലെ ഓരോ മാധ്യമപ്രവർത്തകർക്കും ഇതുതന്നെയാകണം ഇരുവരെയും കുറിച്ചുള്ള അനുഭവം. ഷാനിന്‍റെയും രഞ്ജിത്തിന്‍റെയും മരണദിവസം ആലപ്പുഴ നഗരത്തിലൂടെയുള്ള സഞ്ചാരം പഴയതുപോലെയാണെന്ന്​ തോന്നിയില്ല. നിരോധനാജ്ഞയായിരുന്നു. പൊലീസുകാർ എല്ലായിടത്തും റോന്ത്​ ചുറ്റുന്നു. അത്യാവശ്യത്തിന്​ പുറത്തിറങ്ങിയവർ വേഗം കാര്യം സാധിച്ച്​ മടങ്ങാനുള്ള തത്രപ്പാടിലാണെന്ന്​ തോന്നി. നഗരം ഒരു ഊമയെപ്പോലെ! ഷാനിന്‍റെയും രഞ്ജിത്തിന്‍റെയും രാഷ്ട്രീയ പാർട്ടികൾ പരസ്പര വാഗ്വാദങ്ങളാൽ മുറിവേൽപ്പിച്ചുകളിച്ചു. സമൂഹ മാധ്യമങ്ങളിൽ അവർ കൊലവിളികൾ നടത്തി. 13 കിലോമീറ്റർ മാത്രം അകലങ്ങളിലുള്ള വീടുകളിൽ സ്വന്തം പെൺമക്കളെ മാറോട്​ ചേർത്ത്​ ഉറങ്ങേണ്ട ഒരു അച്ഛനും ബാപ്പയും എറണാകുളത്തെയും വണ്ടാനത്തെയും ആശുപത്രികളിൽ ഊഴം കാത്ത്​ മരവിച്ചുകിടന്നിരുന്നു അപ്പോഴും. അച്ഛൻമാർ എന്നന്നേക്കുമായി ഉറങ്ങിയ രണ്ട്​ വീടുകളിൽനിന്നും പെണ്ണുങ്ങളുടെ നിലവിളികൾ മാത്രം ഉയർന്നുകേട്ടു. അതെ, ഒരേ വിലാപമുയർന്നിരുന്ന രണ്ട്​ വീടുകൾ...

'എന്‍റിക്ക പാവമായിരുന്നില്ലേ, എന്നിട്ടും വെട്ടിക്കൊന്നുകളഞ്ഞില്ലേ'

ഷാനിന്‍റെ മൃതദേഹമാണ്​ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ആദ്യം വിട്ടുകിട്ടിയത്​. എൽഎൽ.ബി പൂർത്തിയാക്കിയെങ്കിലും പ്രാക്​ടീസിന്​ പോകാതെ കർട്ടൻ ബിസിനസ്​ നടത്തുകയായിരുന്നു ഷാൻ. ആലപ്പുഴ നഗരത്തിന്​ അടുത്ത പൊന്നാടാണ്​ താമസം. ഒരു കുഞ്ഞു വീട്​. ഷാന്‍റെ ശരീരം വീട്ടിലെത്തിച്ചപ്പോൾ ഭാര്യ ഫൻസില നിലവിളിക്കാൻ പോലുമാകാതെ നിന്നു. 'എന്‍റിക്ക പാവമായിരുന്നില്ലേ, എന്നിട്ടും വെട്ടിക്കൊന്നുകളഞ്ഞില്ലേ. ഇക്ക ഇല്ലാത്ത വീട്ടിൽ ഞാനിനി എന്തിനാ. എന്‍റെ മക്കൾ ഇനി എന്തു ചെയ്യും'-വിതുമ്പലടക്കാനാവാതെ ഫൻസില പറഞ്ഞു. ഹിബയും ഫിദയും 'ദാ എത്തിക്കഴിഞ്ഞു' എന്ന അവസാന വാക്കിന്‍റെ മണംമായും മുമ്പ്​ എന്നന്നേക്കുമായി ഉറങ്ങിപ്പോയ ഉപ്പയെ കണ്ട്​ അലറി വിളിച്ചു. വാർധ്യകത്തിൽ തുണയാകേണ്ടിയിരുന്ന മകന്​ അന്ത്യകർമങ്ങൾ ചെയ്യേണ്ടിവന്നതിന്‍റെ ദുഃഖം താങ്ങാനാകാതെ പിതാവ്​ സലിം വിതുമ്പി. മറ്റാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചവനല്ല മകനെന്ന് മയ്യിത്തിനരികെ നിന്ന്​ ആ പിതാവ്​ പറഞ്ഞു.

'സഹായിക്കുക എന്നല്ലാതെ ആരെയെങ്കിലും ഉപദ്രവിക്കാൻ മകന് സാധിക്കില്ല. രാഷ്ട്രീയമായി വിശ്വസിച്ച പ്രസ്ഥാനത്തിനൊപ്പം നിൽക്കുക മാത്രമാണ് അവൻ ചെയ്തത്. ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ അവൻ പ്രവർത്തിച്ചിട്ടില്ല. ഒരു അക്രമക്കേസിൽ പോലും ഷാൻ പ്രതിയായിട്ടില്ല. എല്ലാവരോടും ദയയോടെ പെരുമാറുന്ന രീതിയാണ് ഷാനിനുള്ളത്​. ഞാനവനെ കഷ്ടപ്പെട്ട് വളർത്തിയതാ. എനിക്ക് എന്‍റെ മകനെ നഷ്ടപ്പെട്ടു. എന്നെപ്പോലെ കഷ്ടപ്പെട്ട് അച്ഛന്മാർ കുട്ടികളെ വളർത്തിക്കൊണ്ടുവന്ന്, അവർ ഒരു ആശയത്തിൽ വിശ്വസിക്കുമ്പോൾ അതിന്‍റെ പേരിൽ അവരെ കൊലപ്പെടുത്തുന്നത് വേദനാജനകമാണ്. ഇതുപോലെ ഇനിയും കൊലപാതകങ്ങൾ ഉണ്ടായാൽ ഇനിയും കുടുംബങ്ങളിൽ കുഞ്ഞുങ്ങൾ വഴിയാധാരമാകുന്ന സ്ഥിതിയുണ്ടാകും.

ഷാനിന്‍റെ കുടുംബം

രക്തം കുടിക്കുന്ന കാപാലികർക്ക് ആരുടെയെങ്കിലും രക്തം കുടിച്ചാൽ മതി. മറ്റുള്ളവരുടെ വേദന അവർക്കറിയേണ്ട. അങ്ങനെയൊരു സമൂഹം ഇവിടെ വളർന്നുവരുന്നുണ്ട്. അതിന്‍റെ ഫലമാണ് മകനെ നഷ്ടമായത്. ഷാനിന്‍റെ മരണത്തോടെ രണ്ട് കുഞ്ഞുങ്ങളാണ് വഴിയാധാരമായത്. വാർധക്യത്തിലെത്തിയ എനിക്ക് എത്രനാൾ ഈ ചെറിയ മക്കളെ സഹായിക്കാനും വളർത്താനും കഴിയും. ഈ ക്രൂരത കാണിക്കാൻ അവർക്കുണ്ടായ മനസ്സ്​ പോലും എന്തിനാണെന്ന് മനസിലാകാത്ത അവസ്ഥയിലാണ് ഞാനും കുടുംബവുമുള്ളത്'-മകന്‍റെ മയ്യിത്തിനെ മുന്നിൽകിടത്തി ആ പിതാവ്​ പറഞ്ഞു​. ഉമ്മ റഹീമ ബീവി മകന്‍റെ വിയോഗത്തിൽ എല്ലാം തകർന്ന്​ ബോധരഹിതയായി. ഷാനിന്‍റെ മക്കളായ ഹിബ ഫാത്തിമ ആറാം ക്ലാസിലും ഫിദ ഫാത്തിമ യു.കെ.ജിയിലും ആണ്​ പഠിക്കുന്നത്​. അവർക്കിനി ഉപ്പയോർമകൾ മാത്രമാണ്​ കൂട്ടിനുള്ളത്​.

'ഇതൊന്നും വേണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ ഏട്ടാ, എന്നിട്ടും എന്തിനായിരുന്നു?'

ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശിയായിരുന്നു അഡ്വ. രഞ്ജിത്​ ശ്രീനിവാസൻ. ആലപ്പുഴ ​ജില്ലാ കോടതിയിൽ വക്കീൽ ആയിരുന്നു. ഭാര്യ ലിഷയും വക്കീലാണ്​. സജീവ ആർ.എസ്​.എസ്​-ബി.ജെ.പി പ്രവർത്തകൻ. ആലപ്പുഴ നഗരത്തിലെ വെള്ളക്കിണർ പ്രദേശത്താണ്​ താമസിക്കുന്നത്​. മൂത്ത മകൾ ഭാഗ്യ ഒമ്പതാം ക്ലാസിലും ഇളയ മകൾ ഹൃദ്യ ആറാം ക്ലാസിലും പഠിക്കുന്നു.

ഞായറാഴ്ച പുലർച്ചെ ആറരക്ക്​ അമ്മ വിലാസിനിക്കും ഭാര്യക്കും ഇളയ മകൾ ഹൃദ്യക്കും മുന്നിൽവെച്ചാണ്​ ആക്രമി സംഘം രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയത്​. തിങ്കളാഴ്ച ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹം വെള്ളക്കിണറിലെ വീട്ടിൽ എത്തിച്ചപ്പോൾ ഷാനിന്‍റെ വീട്ടിലേതിന്​ സമാനമായ നിലവിളികൾ തന്നെയാണ്​ അവിടെയും ഉയർന്നത്​. ഹിബയെയും ഫിദയെയും പോലെ തന്നെ ഭാഗ്യയും ഹൃദ്യയും അച്ഛന്‍റെ ചേതനയറ്റ ദേഹത്തിനുമുന്നിൽ വാവിട്ട്​ നിലവിളിച്ചു. ഹൃദ്യയുടെ അലറിക്കരച്ചിൽ കേട്ടവരുടെ ഹൃദയം നുറുക്കി.

ഒറ്റപ്പെടലിന്‍റെ എല്ലാ നൊമ്പരങ്ങളും പേറി ലിഷ അലറിക്കരഞ്ഞു. 'ഏട്ടാ, ഞാനിനി കോടതിയിൽ പോകില്ല. എനിക്കിനി ഒന്നും പറയാൻ കഴിയില്ല. ജോലി നോക്കാൻ കഴിയില്ല. നമ്മുടെ കുഞ്ഞുങ്ങളെ ഞാനിനി എന്ത്​ ചെയ്യണം. അവസാനമായി ഞാൻ എന്തുചെയ്യണം എന്നുപോലും പറഞ്ഞില്ല. എനിക്കിനി ഒന്നും ചെയ്യാനാകില്ല. കുഞ്ഞിന്‍റെ അരങ്ങേറ്റത്തിന്​ ഡ്രസ്​ എടുക്കാൻ പോകാൻ ഇരുന്നതല്ലേ, അവളുടെ അരങ്ങേറ്റം കാണണ്ടേ. അയ്യോ എന്തിനാ ഇങ്ങനെ ചെയ്തത്​. ഞാൻ ഒറ്റക്കായില്ലേ, എത്രയോ പേരെ സഹായിച്ചിട്ടുണ്ട്​. സമയത്ത്​ ആരും ഉണ്ടായില്ലല്ലോ. ഇതൊന്നും ഇഷ്ടമില്ലെന്ന്​ ഞാൻ പറഞ്ഞിരുന്നതല്ലേ ഏട്ടാ, ഇതൊന്നും വേണ്ടാന്ന്​. എന്നിട്ടും എന്തിനായിരുന്നു. അയ്യോ ഞാനിനി എന്ത്​ ചെയ്യും? ഞാൻ എന്ത്​ ചെയ്യണം എന്ന്​ പറഞ്ഞിട്ട്​ പോ ഏട്ടാ'-മൃതദേഹം വലിയഴീക്കലിലുള്ള തറവാട്​ വീട്ടിലേക്ക്​ എടുക്കുംവരെ ലിഷ നിർത്താതെ നിലവിളിച്ചു.

കൊല്ലപ്പെട്ട ഷാനും രഞ്​ജിത്​ ശ്രീനിവാസും

ഇരുവീടുകളിലെയും പെണ്ണുങ്ങളിൽനിന്നും ഉറ്റവരിൽനിന്നും ഒരേ ആർത്തനാദങ്ങളാണ്​ ഉയർന്നത്​. ആ കുഞ്ഞുങ്ങളുടെ നെഞ്ചുലച്ച കരച്ചിലുകൾക്കും ഒരേ സ്വരമായിരുന്നു. ഫൻസിലക്കും ലിഷക്കും അവരുടെ ഇണക​ളെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരേ ആഴവും വ്യസനവും കലർന്ന നഷ്ടങ്ങൾ. ഹിബയും ഫിദയും ഹൃദ്യയും ഭാഗ്യയും ഇനി ഈ മണ്ണിൽ ഒരേ നഷ്ടം പേറുന്നവരാണ്​. വെറുപ്പിന്‍റെയും പ്രതിരോധത്തിന്‍റെയും രാഷ്ട്രീയം അനാഥരാക്കിയ മക്കൾ. 'എത്രയോ പേർ അസുഖം ബാധിച്ചും അപകടങ്ങളിലും അകാലത്തിൽ മരണപ്പെടുന്നു. പിന്നെ, നെഞ്ചേറ്റിയ രാഷ്ട്രീയത്തിന്​ വേണ്ടി കൊല്ലപ്പെട്ടാൽ എന്താ?' എന്ന്​ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിൽ ഇരുന്ന്​ ചോദിക്കുന്നവരുണ്ട്​. അവർക്കുള്ള ഉത്തരം ഈ നാല്​ പെൺകുഞ്ഞുങ്ങളും അവരുടെ അമ്മമാരും പറഞ്ഞുതരും.

ഈ ആൾക്കൂട്ടങ്ങളെല്ലാം പിരിഞ്ഞുകഴിയുമ്പോൾ ആ വീടുകളിൽ അവർ മാത്രമാകും. അനാഥരാക്കപ്പെട്ട ആ കുഞ്ഞുങ്ങളും അകാലത്തിൽ വിധവകളായ അവരുടെ അമ്മമാരും. അവരുടെ നൊമ്പരങ്ങളുടെ തുരുത്തായി അവിടം മാറും. അവരെ അനാഥരാക്കിയ വെറുപ്പിന്‍റെ പ്രത്യയശാസ്ത്രത്തിന്​ ഒരിക്കലും ആ വേദന മനസ്സിലാകില്ല. പ്രതിരോധം അപരാധമല്ല എന്നതാണ്​ മുദ്രാവാക്യം. പക്ഷേ, എത്രയോ പേരോട്​ അപരാധം ചെയ്താണ്​ ഒരു കൂട്ടർ പ്രതിരോധം തീർക്കുന്നത്​. ഒരുപാട്​ നിരപരാധികൾക്ക്​ അത്​ എന്നത്തേക്കുമുള്ള പൊള്ളലും നീറ്റലും വേദനയും സമ്മാനിക്കുന്നുണ്ട്​. കേരളത്തിൽ ഇന്നോളം നടന്നിട്ടുള്ള രാഷ്ട്രീയ കൊലകളിൽ ഒക്കെയും ഇത്​ തന്നെയായിരുന്നു കാഴ്ച. എന്നിട്ടും മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ഒരു മുഖ്യധാരാ പാർട്ടിയും അരുതെന്ന്​ കൈകൾ ഉയർത്തുന്നില്ല. ​പൊതുസമൂഹത്തിന്‍റെ കൈകളിലും ഈ കുഞ്ഞുങ്ങളുടെ കണ്ണീരിന്‍റെ പാടുകൾ വീഴും, ഇനിയും കൊലയാളികളുടെ കൈക്ക്​ പിടിച്ചില്ലെങ്കിൽ...

Tags:    
News Summary - In Alappuzha, there are two houses with the same lament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.