അട്ടപ്പാടിയിൽ പൊലീസ് സന്നാഹത്തോടെ ആദിവാസിഭൂമി പിടിച്ചെടുത്തു

കോഴിക്കോട്: അട്ടപ്പാടിയിൽ പൊലീസ് സന്നാഹത്തോടെ ആദിവാസിഭൂമി പിടിച്ചെടുത്തു. കോട്ടത്തറ വില്ലേജിലെ വടക്കേ കടമ്പാറയിൽ ഇന്ന് രാവിലെ വൻ പൊലീസ് സന്നാഹത്തോടെ ഷോളയൂർ വില്ലേജ് ഓഫിസർ എത്തിയാണ് ആദിവാസി ഭൂമി പിടിച്ചെടുത്തത്. വ്യാഴാഴ്ച ഭൂമി പിടിച്ചെടുക്കുമെന്ന് ഇന്നലെ മാധ്യമം ഓൺലൈൻ വാർത്ത നൽകിയിരുന്നു. അഗളി ഡിവൈ.എസ്.പി അറിയിച്ചത് പ്രകാരം പൊലീസ് ഹൈകോടതി വിധി നടപ്പാക്കുകയാണ് ചെയ്തത്.

അതേസമയം, ഒറ്റപ്പാലം സബ് കലക്ടർ 2022 ജൂൺ 22ന് നൽകിയ നിർദേശ പ്രകാരം ഈ ഭൂമി സംബന്ധിച്ച് അട്ടപ്പാടി ട്രൈബൽ തഹസിൽദാർ നൽകിയ റിപ്പോർട്ടാണ് ആദിവാസിഭൂമി പിടിച്ചെടുക്കുന്നതിന് നിർണായകമായത്. അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ തർക്കഭൂമി സന്ദർശിച്ച് 2022 ജൂൺ 22നാണ് റിപ്പോർട്ട് നൽകിയത്. ആദിവാസികളായ പെരുമാൾ, പാപ്പയ്യൻ എന്നിവർ വീട് വെച്ച് താമസിച്ച് മരച്ചീനിയും വാഴയും കൃഷി ചെയ്തെന്ന ജീവിക്കുകയാണെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി. റിപ്പോർട്ട് പ്രകാരം കോട്ടത്തറ വില്ലേജിലെ പ്രിലിമിനറി സർവേ നമ്പർ 1210/1 ലെ 2.04 ഹെക്ടർ ഭൂമി ചിന്നന്റെ പേരിൽ എ.ആൻഡ് ബി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുതൂർ ലാൻഡ് ട്രിബ്യൂണലിൽ നിന്ന് ചിന്നന്റെ പേരിൽ1972ൽ (1552/1972) ഭൂമിക്ക് പട്ടയം(പർച്ചേസ് സർട്ടിഫിക്കറ്റ്) ലഭിച്ചു.


തുടർന്ന് മണ്ണാർക്കാട് എസ്.ആർ.ഒയിലെ ആധാരപ്രകാരം 1.24 ഹെക്ടർ ചിന്നൻ, രങ്കൻ, ചെല്ലൻ എന്നിവർ ചേർന്ന് വടക്കേ കടമ്പാറയിലെ രങ്ക സ്വാമി കൗണ്ടർക്ക് വിറ്റു. പിന്നീട് പല കൈമാറ്റം വഴിയാണ് ഇപ്പോഴത്തെ ഉടമയുടെ കൈവശം ഭൂമി എത്തിയത്. നിലവിൽ ഈ ഭൂമിയിൽ താമസിക്കുന്ന ആദിവാസികൾ ഭൂമിയുടെ ഉടമകളെ( ഹരജിക്കാരെ) ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ഈ നടപടി ക്രമസമാധാന പ്രശ്നമായി മാറിയെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി.

1999-ലെ നിയമപ്രകാരം ടി.എൽ.എ (ട്രൈബൽ ലാൻഡ് അന്യാധീനപ്പെട്ടത്) കേസുകളിൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം റവന്യൂ ഡിവിഷണൽ ഓഫിസർക്കുണ്ട്. അതേസമയം, 1999-ലെ നിയമപ്രകാരം ഈ ഭൂമിയുമായി ബന്ധപ്പെട്ട് ടി.എൽ.എ( ട്രൈബൽ ലാൻഡ് അന്യാധീനപ്പെട്ടത് ) കേസ് നിലവിലില്ലെന്നും തഹസിൽദാർ റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ടാണ് ആദിവാസികൾക്ക് തരിച്ചടിയായത്.


അട്ടപ്പാടിയിൽ ഏതാണ്ട് പതിനായിരത്തോളം ഏക്കർ ഭൂമിയാണ് ആദിവാസികൾക്ക് അന്യാധീനപ്പെട്ടത്. 1975ലും 1999ലും നിയമസഭയിൽ ആദിവാസികൾക്ക് ഭൂമി നൽകാൻ നിയമനിർമാണങ്ങൾ നടത്തിയെങ്കിലും അന്യാധീനപ്പെട്ട ഒരു സെൻറ് ഭൂമിയും സർക്കാരിന് ഇതുവരെ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഭൂമി തിരിച്ചുപിടിച്ചാൽ ക്രമസമാധാന പ്രശ്നമുണ്ടാകും എന്നാണ് റവന്യൂ വകുപ്പിന്‍റെ നിലപാട്. 

അട്ടപ്പാടിയിലെ രാം രാജിന്‍റെ കേസിൽ ആദിവാസി ഭൂമി തിരിച്ചുപിടിച്ചു നൽകാൻ 2011ൽ സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. അഞ്ച് ഏക്കറിലധികം ഭൂമി അന്യാധീനപ്പെട്ട 36 കേസുകളിൽ ആദിവാസിഭൂമി തിരിച്ചുപിടിച്ചു നൽകാൻ പാലക്കാട് കലക്ടർ ഉത്തരവിട്ടുവെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ മറുപടി നൽകിയിരുന്നു. അതിലും റവന്യൂ വകുപ്പോ തഹസിൽദാരോ നടപടി സ്വീകരിച്ചിട്ടില്ല.

 


കടമ്പാറയിൽ നടന്നത് ആദിവാസികൾ കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി, അതിന്മേൽ കോടതി വ്യവഹാരത്തിലൂടെ ഭൂമി തട്ടിയെടുക്കുന്ന പുതിയ രീതിയാണെന്ന് ആദിവാസി ഭാരത് മഹാസഭ നേതാവായ ടി.ആർ. ചന്ദ്രൻ മാധ്യമം ഓൺലൈനോട് പറഞ്ഞു. കൈയേറ്റക്കാർക്ക് വേണ്ടി ആദിവാസിഭൂമി തിരിച്ചുപിടിക്കാൻ പൊലീസ് സംരക്ഷണം നൽകുകയാണ് സർക്കാർ. ആദിവാസിഭൂമി കൈയേറിയവർ കോടതികളിൽ ഹാജരാക്കുന്നത് തെറ്റായ രേഖകളും വിവരങ്ങളുമാണ്. ആദിവാസികൾക്കുവേണ്ടി കോടതികളിൽ ഹാജരാകുന്ന പല വക്കീലന്മാരും ആദിവാസികളെ ചതിക്കുന്നു. റവന്യൂ ഉദ്യോഗസ്ഥരെ വിലക്കെടുത്ത് വ്യാജരേഖയുണ്ടാക്കി അതിന്‍റെ ബലത്തിൽ കോടതി ഉത്തരവിലൂടെ ആദിവാസികളെ കുടിയിറക്കുന്നതിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്നും ടി.ആർ. ചന്ദ്രൻ അറിയിച്ചു. 

Tags:    
News Summary - In Attapadi, the police seized the tribal land with enthusiasm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.