കോഴിക്കോട്: ജനതാദൾ എസ് ദേശീയ നേതൃത്വം ബി.ജെ.പിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ആർ.ജെ.ഡിയിൽ ലയിക്കാൻ തീരുമാനിച്ചെന്ന് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എച്ച്.ഡി. ദേവഗൗഡ പ്രസിഡന്റായ ദേശീയനേതൃത്വം എൻ.ഡി.എയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച് മാസങ്ങളായിട്ടും ആ പാർട്ടിയുടെ ഭാഗമായിത്തന്നെ തുടരുകയാണ് സംസ്ഥാന നേതൃത്വം. ഇതിനാൽ പ്രസ്ഥാനത്തിന് ജനങ്ങളുടെ ഇടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്.
മോദി ഭരണം എല്ലാ മതേതര മൂല്യങ്ങളും തകർത്ത് മുന്നോട്ടുപോകുമ്പോൾ ഇതിനെ ചോദ്യംചെയ്യാൻ പേരിനൊപ്പം ‘സെക്യുലർ’ എന്നെഴുതിയ പാർട്ടിക്ക് ബാധ്യതയുണ്ട്. ഇന്ത്യയിൽ മോദിയോട് വിധേയപ്പെടാത്ത ഒരേയൊരു സോഷ്യലിസ്റ്റ് നേതാവ് ലാലു പ്രസാദ് യാദവ് മാത്രമാണ്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ല ഘടകം ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡന്റുമാർ, മറ്റ് ജില്ലയിൽ നിന്നുള്ള നേതാക്കൾ, പ്രവർത്തകർ എന്നിവർ ആർ.ജെ.ഡിയിൽ ലയിക്കാൻ തീരുമാനിച്ചത്.
മാർച്ച് രണ്ടിന് അഞ്ച് മണിക്ക് സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന ലയന സമ്മേളനത്തിൽ ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ, കെ.പി. മോഹനൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റുമാരായ ടി.കെ. കരുണാകരൻ, സുരേഷ് മേലപുറത്ത്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.ആർ. ഹർഷൻ, പി. കിഷോർ, എൻ.പി. സലിം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.