കാക്കനാട്: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നായുടെ കടിയേറ്റത് എട്ട് ലക്ഷത്തോളം പേർക്ക്. ഇക്കാലയളവിൽ പേ വിഷബാധയേറ്റും തെരുവുനായ്ക്കൾ കടിച്ചുകീറിയതിനെത്തുടർന്നുണ്ടായ ഗുരുതര പരിക്കും മൂലം 42 പേർക്കാണ് ജീവഹാനി സംഭവിച്ചത്. വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പിൽനിന്ന് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
2016 ജനുവരി മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിലെ കണക്കാണ് പുറത്തുവന്നത്. 16,95,664 പേർക്കാണ് അഞ്ച് വർഷത്തിനിടെ മൃഗങ്ങളുടെ കടിയേറ്റത്. അതിൽ 8,09,629 പേർക്കാണ് നായുടെ കടിയേറ്റത്.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പേർക്ക് നായ്ക്കളുടെ ആക്രമണമേറ്റത്. ഇവിടെ മാത്രം 1,46,528 പേർ കടിയേറ്റ് ചികിത്സ തേടി. പാലക്കാട് ജില്ലയാണ് നായുടെ കടിയിൽ രണ്ടാമത്. 1,12,197 പേർക്ക് പാലക്കാട് നായ്ക്കടി ഏറ്റു. മൂന്നാമതുള്ള എറണാകുളത്ത് 76,300 പേർക്കും കടിയേറ്റു. വയനാട് ജില്ലയിലായിരുന്നു കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കുറച്ച് പേർക്ക് നായുടെ കടിയേറ്റത്.
21,269 പേരെ നായ്ക്കൾ കടിച്ച് പരിക്കേൽപിച്ചപ്പോൾ മറ്റ് ജില്ലകളിലെല്ലാം കാൽ ലക്ഷത്തിലധികം പേർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. 2019ലായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ നായ്ക്കൾ ആക്രമിച്ചത്. 1,61,050 പേരാണ് 2019ൽ ചികിത്സ തേടിയത്.
ഇക്കാലയളവിൽ നായ് കടിയേറ്റും പേവിഷബാധ മൂലവും 42 പേർ മരിച്ചതായാണ് കണക്കുകൾ പറയുന്നത്. കോഴിക്കോട് ജില്ലയിൽ ഒമ്പത് പേരും തിരുവനന്തപുരത്ത് അഞ്ച് പേരും ഇത്തരത്തിൽ കൊല്ലപ്പെട്ടു. എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളിൽ നാല് പേർ വീതവും തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ മൂന്ന് പേർ വീതവും പത്തനംതിട്ടയിലും ഇടുക്കിയിലും പാലക്കാടും രണ്ട് പേർ വീതവും നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടിരുന്നു. ആലപ്പുഴയിൽ ഒരാൾക്കും ജീവഹാനി സംഭവിച്ചു. അതേസമയം, കാസർകോട്, കോട്ടയം ജില്ലകളിൽ നിരവധി പേരെ നായ്ക്കൾ ആക്രമിച്ചെങ്കിലും ആർക്കും ജീവൻ നഷ്ടപ്പെട്ടില്ല.
അഞ്ചു വർഷത്തിനിടെ ഇത്രയധികം പേർ കൊല്ലപ്പെട്ടെങ്കിലും ആരോഗ്യ വകുപ്പിെൻറ ഭാഗത്തുനിന്ന് ഇവരുടെ കുടുംബാംഗങ്ങൾക്ക് സഹായം ലഭിച്ചിട്ടില്ല. കാക്കനാട് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ ലഭ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.