കൊടുവള്ളി: എളേറ്റില്‍ വട്ടോളിയില്‍ യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസിൽ മൂന്നു പേർ പിടിയിൽ. കിഴക്കോത്ത് ആവിലോറ പാറക്കൽ അബ്ദുറസാഖ് (51), സക്കരിയ (36), റിയാസ് (29) എന്നിവരെയാണ് കൊടുവള്ളി പൊലീസ് സി.ഐ കെ. പ്രജീഷ് പിടികൂടിയത്. അബ്ദുറസാഖിനെ ചൊവ്വാഴ്ച വീട്ടിൽനിന്നും മറ്റു രണ്ടു പേരെ ബുധനാഴ്ച രാവിലെ ആവിലോറേ റോഡിൽനിന്നുമാണ് പിടികൂടിയത്. ഇവരിൽനിന്നും തട്ടിക്കൊണ്ടു പോകുന്നതിനായി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
ഇവരെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിസംബർ 12നായിരുന്നു സംഭവം. എളേറ്റില്‍ വട്ടോളിയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ചോലയില്‍ മുഹമ്മദ് ജസീമിനെയാണ് കടയിലെത്തിയ സംഘം സംസാരിക്കാന്‍ ഉണ്ടെന്നു പറഞ്ഞു കാറില്‍ കയറ്റിക്കൊണ്ടുപോയത്.
ജസീമിന്റെ കടയില്‍ എത്തിയിരുന്ന ഒരു യുവതിയുമായി ബന്ധമുണ്ടെന്ന് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമമെന്ന് ജസീം പറയുന്നു. കത്തറമ്മല്‍ ഭാഗത്തെ ആളില്ലാത്ത വീട്ടിലെത്തിച്ച് കത്തി, വാള് തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ഇടതുകൈയിലെ എല്ലുകള്‍ പൊട്ടിയ നിലയിലാണ്. മുഖത്തെയും മൂക്കിന്റെയും എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കത്തി കൊണ്ടുള്ള മുറിവുണ്ട്. ആക്രമിച്ച ശേഷം താമരശ്ശേരി റെസ്റ്റ് ഹൗസില്‍ എത്തിക്കുകയും അവിടെ ഉണ്ടായിരുന്നവരോട് ആക്രമിസംഘം പറഞ്ഞപോലെ പറയാന്‍ നിര്‍ബന്ധിക്കുകയും ആയിരുന്നു. ശരീരമാസകലം രക്തം പരന്നതിനാല്‍ ജസീമിനെ കുളിപ്പിച്ച ശേഷം രക്തംപുരണ്ട വസ്ത്രത്തിന് പകരം മറ്റൊരു വസ്ത്രം നല്‍കിയാണ് താമരശ്ശേരിയിലെത്തിച്ചത്.
പിന്നീട് കത്തറമ്മല്‍ ഭാഗത്ത് തന്നെ ഇറക്കിവിട്ടു. ജസീം വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തിയാണ് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ജസീമിന് സംസാരിക്കാന്‍ പറ്റിയത്. ആക്രമി സംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.