കാട്ടാക്കട: പ്ലാവൂർ ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് വിഷ്ണുവിനെ കുത്തിയ സംഭവത്തിലെ മൂന്ന് പ്രതികളെ കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി റിമാൻഡ് ചെയ്തു. കാട്ടാക്കട അമ്പലത്തിൻകാല തോട്ടരികത്ത് വീട്ടിൽ കിരൺകുമാർ (22), അമ്പലത്തിൻകാല സുജിത് ഭവനിൽ വിശാഖ് (32) അമ്പലത്തിൻകാല ലെനിൻ ജങ്ഷൻ കുന്നുവിള സുരേഷ് ഭവനിൽ നിവിൻ എസ്. സാബു (29) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കീഴാറൂർ കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്രയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിലായിരുന്നു അഞ്ചംഗ സംഘം ആക്രമിച്ചത്. അക്രമി സംഘത്തിൽ ഉൾപ്പെട്ടവരെല്ലാം പ്ലാവൂര്‍, ആമച്ചല്‍ പ്രദേശത്തെ ലഹരി സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് ലഹരി വില്പനയും ഉപയോഗവും വര്ദിച്ചെന്ന നാട്ടുകാരുടെ നിരന്തരമായുള്ള പരാതികള്‍ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.
അടുത്തിടെ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള പ്രഫഷനല്‍ കോളജ് വിദ്യാർഥികളും ഉന്നതരുടെ മക്കളും ലഹരിയുമായി പിടികൂടിയത് രക്ഷിതാക്കളില്‍ ആശങ്ക ഉയര്‍ത്തുന്നു. വാഹന പരിശോധനക്കിടെയാണ് ഇവരെ എക്സൈസ് സംഘം ലഹരിയുമായി പിടികൂടിയത്.
ഇതോടെയാണ് കുട്ടികളുടെ ലഹരി ഉപയോഗ വ്യാപ്തി രക്ഷിതാക്കള്‍ അറിയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പന്നിയോടും കോട്ടൂര്‍ നെല്ലിക്കുന്ന് കോളനിയിലും ലഹരി മാഫിയ പൊലീസിനെ ആക്രമിച്ചിരുന്നു. ഏറെക്കാലമായി ഗ്രാമങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്പന തകൃതിയാണ്.
കുറ്റിച്ചല്‍ പ്രദേശത്ത് നിന്ന് നിരവധിപേരെ പൊലീസും എക്സൈസ് സംഘവും പിടികൂടിയിട്ടും ലഹരി മാഫിയ തഴച്ചുവളരുകയാണ്. ഗ്രാമപ്രദേശമായതിനാല്‍ പൊലീസിന്റെയും എക്സൈസിന്റെയും പട്രോളിങ്ങുകളും പരിശോധനകളും നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.