സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടൽ: സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി

കൊച്ചി: സംസ്ഥാനത്തെ സഹകരണ സംഘം -ബാങ്ക് ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടണമെന്ന നിവേദനത്തിൽ അവരുടെ വാദം കൂടി കേട്ട് സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ കാര്യത്തിൽ രണ്ടു മാസത്തിനകവും ജില്ല സഹകരണ ബാങ്ക് ജീവനക്കാരുടെ കാര്യത്തിൽ മൂന്നു മാസത്തിനകവും തീരുമാനമെടുക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. പെൻഷൻ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.

പെൻഷൻ പ്രായം 60 ആക്കണമെന്ന ഹരജി, ഇത് സർക്കാറിന്റെ നയപരമായ കാര്യമാണെന്ന് പറഞ്ഞ് സർക്കാർ അഭിഭാഷകൻ എതിർത്തു. കേരള സഹകരണ നിയമത്തിൽ പെൻഷൻ പ്രായം 58 ആണെന്ന് വ്യവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടി.

എന്നാൽ, വസ്തുതകൾ പരിശോധിക്കാതെയാണ് സർക്കാർ എതിർക്കുന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. തുടർന്നാണ് നിവേദനങ്ങൾ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും സർക്കാർ തീരുമാനത്തിന് അനുസരിച്ചായിരിക്കും ഹരജിക്കാരുടെ വിരമിക്കലെന്നും കോടതി വ്യക്തമാക്കിയത്.

ജില്ല സഹകരണ ബാങ്ക് ജീവനക്കാരുടെ കാര്യത്തിൽ ഈ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചതോടെ ബാങ്കിങ് റെഗുലേഷൻ ആക്ടും റിസർവ് ബാങ്ക് നിയമവും ബാധകമാണെന്ന് ഹരജിക്കാർ വാദിച്ചു. മറ്റു ഷെഡ്യൂൾ ബാങ്കുകളിൽ പെൻഷൻ പ്രായം 60 ആണെന്നും ചൂണ്ടിക്കാട്ടി. ഇവരുടെ നിവേദനം പരിഗണനയിലുണ്ടെന്ന് സർക്കാർ അഭിഭാഷകൻ മറുപടി നൽകി. തുടർന്നാണ് നിവേദനങ്ങൾ മൂന്നുമാസത്തിനകം പരിഗണിച്ച് തീരുമാനമെടുക്കാൻ ഉത്തരവിട്ടത്.

Tags:    
News Summary - Increase in pension age of co-operative society employees: High Court should take a decision by the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.