കൊണ്ടോട്ടി: തമിഴ്നാട്ടില്‍ മഴ പെയ്യുമ്പോള്‍ ജീവിത ചെലവ് താളം തെറ്റി മലയാളികള്‍. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പൊതു വിപണിയില്‍ പച്ചക്കറികള്‍ക്ക് വിലക്കയറ്റവും ക്ഷാമവും രൂക്ഷമാണ്. നാടന്‍ വിഭവങ്ങളുടെ വരവും വിപണിയിലെ സര്‍ക്കാര്‍ ഇടപെടലും നാമമാത്രമായതോടെ വന്‍ വിലയ്ക്ക് പച്ചക്കറികള്‍ വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാർ. പ്രധാനമായും തമിഴ്നാട്ടില്‍ നിന്നാണ് പച്ചക്കറികള്‍ സംസ്ഥാനത്തെ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ എത്തുന്നത്.
കർണാടകയില്‍ നിന്നു ഇടത്തട്ടുകാര്‍ വഴി പച്ചക്കറികള്‍ വരുന്നുണ്ട്. ഈ മേഖലകളിലെല്ലാം മഴ കനത്തതോടെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാണ്. വിളവിനു പാകമായ പച്ചക്കറി മഴയില്‍ നശിച്ചതോടെ നേരത്തെ സംഭരിച്ച കാര്‍ഷിക വിളകളാണ് സംസ്ഥാനത്തെ വിപണികളില്‍ എത്തുന്നത്. ഓണക്കാലത്ത് ഉയര്‍ന്ന വില താഴുന്നില്ലെന്ന് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നു. കിലോഗ്രാമിന് 50 രൂപ വിലയുണ്ടായിരുന്ന പയറിന് ഇപ്പോള്‍ 70ലധികമാണ്. ബീന്‍സിന് 50ല്‍ നിന്ന് 70ലേക്ക് വില ഉയര്‍ന്നു. മുരിങ്ങക്കായ്ക്ക് 60 രൂപയായിരുന്നു ഓണക്കാലത്ത് വിലയെങ്കില്‍ ഇപ്പോള്‍ കിലോക്ക് ഇരട്ടിയിലധികമായി വർധിച്ചു. വഴുതനക്ക് 25 രൂപയില്‍ നിന്ന് 50 രൂപയായും അമരക്ക് 40ല്‍ നിന്ന് 50 രൂപയായും വില വര്‍ധിച്ചു. കോളിഫ്ലവറിനും കൈപ്പയ്ക്കും കാബേജിനും 20 രൂപയാണ് കൂടിയത്. വലിയ ഉള്ളിയുടെ വില 25 രൂപയില്‍ നിന്ന് 35 രൂപയായും 40 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 80 രൂപയായും തക്കാളിയുടെ നിരക്ക് കിലോഗ്രാമിന് 20 രൂപയില്‍ നിന്ന് 45 രൂപയായും ചില്ലറ വിപണിയിൽ വര്‍ധിച്ചു. 20 രൂപയായിരുന്ന മത്തന്റെ വില 35 രൂപയായും ചിരങ്ങയ്ക്ക് 20ല്‍ നിന്ന് 40 രൂപയായും കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.