തിരുവനന്തപുരം: മാധ്യമപ്രവർത്തകർ അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിലെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം. പി. ഗോവിന്ദപ്പിള്ള ദേശീയ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും സുരക്ഷയൊരുക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം 150 ആണ്. ഇവിടെയും മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്. ഇവരാരും വ്യക്തിപരമായ കാരണങ്ങളുടെ പേരിലല്ല കൊല്ലപ്പെട്ടത്. ജോലി നിർവഹിച്ചതാണ് കാരണം.
നിരവധി മാധ്യമപ്രവർത്തകരാണ് ജയിലിലടക്കപ്പെടുന്നത്. സിദ്ദീഖ് കാപ്പനടക്കമുള്ള മാധ്യമപ്രവർത്തകർ ഇതിനുദാഹരണമാണ്. ഫേസ്‌ബുക്കടക്കം സമൂഹമാധ്യമങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണ്. വനിതകൾക്ക് ബലാത്സംഗ ഭീഷണിയടക്കം നേരിടേണ്ടിവരുന്നു. ഇഷ്ടമില്ലാത്ത വാർത്തകൾ നൽകുന്നവർക്ക് ഭീഷണിയും ജീവഹാനിയും ശാരീരികാതിക്രമങ്ങളും നേരിടേണ്ടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് തുകയായ മൂന്നു ലക്ഷം രൂപ സന്നദ്ധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
'മാധ്യമങ്ങൾ: പുതിയ ഭീഷണികളും അവസരങ്ങളും' വിഷയത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്ക് പാർശ്വവത്കരിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും ഇത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ഒരുമിച്ചുനിന്ന് പോരാട്ടം നടത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.