തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിൽ ക്രൈംബ്രാഞ്ചിന്റെ പരിശോധന. തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലെ ലാപ്ടോപ്പിൽ സൂക്ഷിച്ച 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർന്നെന്നാണ് ജോയൻറ് ചീഫ് ഇലക്ടറൽ ഓഫിസർ നൽകിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് ആറ് കമ്പ്യൂട്ടറുകളും മൂന്ന് ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
ഈ കമ്പ്യൂട്ടറുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. ഔദ്യോഗികമായി സൂക്ഷിച്ച രഹസ്യ വിവരങ്ങളാണ് ചോർന്നിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ടീക്കാറാം മീണയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.
ഐ.ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണക്കുറ്റങ്ങളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും ആരെയും പ്രതിസ്ഥാനത്ത് ചേർത്തിട്ടില്ല. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് എസ്.പി എസ്. ഷാനവാസിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വോട്ടർ പട്ടികയിൽ ഇരട്ടിപ്പുണ്ടെന്ന ആക്ഷേപം ഉന്നയിച്ചത്. തെളിവായി വോട്ടർ പട്ടികയിലെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. കമീഷെൻറ സൈറ്റിൽനിന്ന് വിവരങ്ങൾ ലഭിച്ചെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്.
എന്നാൽ, ഓഫിസിലെ കമ്പ്യൂട്ടറിൽനിന്നാണ് വിവരങ്ങൾ നഷ്ടപ്പെട്ടതെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും കമീഷൻ സംശയിക്കുന്നു. പട്ടികയിൽ 3.25 ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്നും ഇതിന് പിന്നിൽ ക്രമക്കേടുണ്ടെന്നുമായിരുന്നു പ്രതിപക്ഷ ആക്ഷേപം. ഇരട്ടവോട്ട് വിഷയത്തിൽ സർക്കാറിനും കമീഷനും വലിയ വീഴ്ച സംഭവിച്ചതായി അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 38000 ത്തോളം വോട്ട് ഇരട്ടിപ്പ് നടന്നെന്ന് കമീഷന് സമ്മതിക്കേണ്ടിയും വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.