പാലക്കാട്: സംസ്ഥാനാതിർത്തിയായ വാളയാറിൽ മൂന്നുവർഷം മുമ്പ് ആരംഭിച്ച ഇന്റഗ്രേറ്റഡ് ചെക്കുപോസ്റ്റിന്റെ നിർമാണം എങ്ങുമെത്തിയില്ല. ഉദ്യോഗസ്ഥരുടെ അഴിമതിയും കൈക്കൂലിയും ഇല്ലായ്മ ചെയ്യുന്നതിനൊപ്പം സർക്കാറിന് വരുമാന വർധനയും ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. അഴിമതി രഹിത വാളയാർ പദ്ധതിയുടെ ഭാഗമായാണ് 2021 ഫെബ്രുവരി 15ന് ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റിന് തറക്കല്ലിട്ടത്.
പദ്ധതിയുടെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചു മാറ്റിയതൊഴിച്ചാൽ മൂന്നുവർഷം പിന്നിടുമ്പോഴും പദ്ധതിയുടെ ഭാഗമായി പ്രവൃത്തികളൊന്നും നടന്നട്ടില്ല. അരനൂറ്റാണ്ടു പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലവും സമീപത്തെ പഴയ ബേ ബ്രിഡ്ജുമെല്ലാം ലോട്ടറി കടകൾ കൈയടക്കി. 1958ൽ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് രൂപവത്കരിച്ചപ്പോൾ സ്ഥാപിച്ച പ്രഥമ ചെക്പോസ്റ്റുകൂടിയാണ് വാളയാറിലേത്.
രാജ്യത്ത് സംസ്ഥാനാതിർത്തികളിലെ മോട്ടോർ വാഹന ചെക്പോസ്റ്റുകൾ നിർത്തലാക്കണമെന്ന ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവും ദേശീയപാത അതോറിറ്റിയുടെ സാങ്കേതിക ബുദ്ധിമുട്ടുകളറിയിച്ചുള്ള നിർദേശവുമാണ് പദ്ധതി നിലക്കാൻ കാരണമെന്നാണ് പറയുന്നത്.
തറക്കല്ലിടൽ കഴിഞ്ഞപ്പോൾ ഏഴുമാസത്തിനകം ചെക്പോസ്റ്റ് പ്രവർത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റിനായുള്ള ടെൻഡർ നടപടികളും വേഗത്തിലായിരുന്നതിനു പുറമെ ഊരാളുങ്കലിനും കോസ്റ്റ് ഗാർഡിനുമായിരുന്നു നിർമാണ ചുമതല. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി ആദ്യ ഗഡുവായി രണ്ടു കോടി രൂപ അനുവദിച്ചു.
എന്നാൽ പദ്ധതിയുടെ ഭാഗമായ പഴയകെട്ടിടം പൊളിച്ച ശേഷമാണ് അതിർത്തികളിലെ ചെക്പോസ്റ്റുകൾ നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ഉത്തരവിറങ്ങുന്നതെന്നതിനാൽ പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല.
11 കോടി രൂപ ചെലവിൽ നിർമിക്കാൻ ഉദ്ദേശിച്ച ചെക്കുപോസ്റ്റിൽ താഴത്തെ നിലയിൽ ബേ ബ്രിഡ്ജ്, ഓഫിസ്, രണ്ടാം നിലയിൽ ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറി, അടുക്കള, ശൗചാലയങ്ങൾ, കോൺഫറൻസ് ഹാൾ എന്നിവയും മൂന്നാം നിലയിൽ ആധുനിക കൺട്രോൾ റൂമിനുപുറമെ ഇതര ഓഫിസുകളുമാണ് ലക്ഷ്യമിട്ടത്. ചരക്കുവാഹനങ്ങൾ കടന്നുപോകുമ്പോൾ ഭാര പരിശോധനക്കായി മൂന്ന് ബേ ബ്രിഡ്ജുകളും ഒരു സ്റ്റാൻറിങ് ബ്രിഡ്ജും 16 സി.സി.ടി.വി കാമറകളുടെ തത്സമയ റെക്കോർങ്ങുമുണ്ടാകും. എന്നാൽ ഇതെല്ലാം ഇന്ന് ഫയലുകളിലൊതുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.