കൊച്ചി: കുട്ടികളിലെ ഇൻറർനെറ്റ് സ്വാധീനം അപകടകരമാംവിധം വർധിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമെന്ന് ഓർമിപ്പിക്കുന്നു, ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മൊബൈൽ ഫോൺ, ഇൻറർനെറ്റ് എന്നിവയുടെ പ്രശ്നങ്ങളിൽ അകപ്പെട്ട 28 കുട്ടികൾ ജീവനൊടുക്കി. ലഹരിക്കച്ചവടം മുതൽ ലൈംഗിക ചൂഷണം വരെയുണ്ട്. മൂന്നുവർഷത്തിനിടെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഏഴ് കുട്ടികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കോവിഡ് അടച്ചുപൂട്ടൽ കാലത്ത് കുട്ടികൾ മൊബൈൽ ഫോണുമായി കൂടുതൽ ഇടപഴകാൻ തുടങ്ങിയശേഷമുള്ള കണക്കുകളാണിത്. ഇൻറർനെറ്റും ഫോണും പഠനത്തിന് അത്യാവശ്യമായ സമയമായിരുന്നു അത്. വിഷാദരോഗത്തിന്റെ പിടിയിലായശേഷമാണ് കൂടുതൽ കുട്ടികളും ആത്മഹത്യയിലേക്ക് നീങ്ങിയതെന്ന് സംഭവങ്ങളിൽനിന്ന് വ്യക്തമാകുന്നു.
അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തതിൽ മനംനൊന്തുള്ള ആത്മഹത്യയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ഗെയിമിൽ അകപ്പെട്ട് സാമ്പത്തിക തട്ടിപ്പിനിരയായ കുട്ടികളും നിരവധിയാണ്. സമൂഹമാധ്യമങ്ങളിലെ ലഹരി ഉപഭോക്താക്കളുടെയും വിപണനം ചെയ്യുന്നവരുടെയും ഗ്രൂപ്പുകളിൽ അകപ്പെടുന്നവരുമുണ്ട്. സോഷ്യൽ പൊലീസിങ് ഡിവിഷന്റെ ഭാഗമായി ഓൺലൈൻ ദുരുപയോഗത്തിൽപെട്ട കുട്ടികൾക്കും അതിക്രമങ്ങൾക്ക് ഇരയായ കുട്ടികൾക്കും കൗൺസലിങ് നൽകാനും കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കാനും അതുവഴി സുരക്ഷിത ഇൻറർനെറ്റ് സാധ്യതകൾ പ്രദാനം ചെയ്യുന്ന പദ്ധതികളുണ്ട്. ഇതിന്റെ ഭാഗമായി ആറ് ഡി-അഡിക്ഷൻ സെൻററുകൾ തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, തൃശൂർ സിറ്റി, കോഴിക്കോട് സിറ്റി, കണ്ണൂർ സിറ്റി പൊലീസ് ജില്ലകളിൽ സജ്ജമാക്കി. ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനം വേഗം ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.