കുന്നംകുളം: ലൈഫ് ഇൻഷുറൻസ് ഏജൻറ് കോഓപറേറ്റിവ് സൊസൈറ്റിയുടെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെ ഒമ്പതുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. നിക്ഷേപക ആർത്താറ്റ് സ്വദേശി ചെറുവത്തൂർ മിനി വർഗീസ് കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നടപടി.
കുന്നംകുളം പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാത്തതിനെ തുടർന്നാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗമായിരുന്നു. സൊസൈറ്റി സെക്രട്ടറി ഗീത വിജയൻ, പ്രസിഡൻറ് ജോസ് പോൾ, വൈസ് പ്രസിഡൻറ് പി.വി. പത്മിനി, അംഗങ്ങളായ പി.വി. ജോസ്, കെ.എൻ. അജയൻ, എം.ജെ. സെബാസ്റ്റ്യൻ, ജോർജ് ഇട്ടി ചെറിയ, കെ.ജി. ശശികുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പണം നിക്ഷേപിച്ചാൽ നല്ലൊരു സംഖ്യ പലിശയായി ഒരുവർഷത്തിനകം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് 2015ൽ നിക്ഷേപം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
പരാതിക്കാരിക്ക് പുറമെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരിൽനിന്നായി 32 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപം സ്വീകരിച്ച ശേഷം ചുരുങ്ങിയ കാലം മാത്രമാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും പരാതിയിൽ പറയുന്നു. അതേസമയം, സീത രവീന്ദ്രനെതിരെ കേസെടുത്തുവെന്ന പ്രചാരണം അവരെ ആക്ഷേപിക്കാനും അപമാനിക്കാനുമാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം.എൻ. സത്യൻ പറഞ്ഞു. 2007 മുതൽ 2012 വരെ സഹകരണ സംഘം ഡയറക്ടറായിരുന്നു സീത രവീന്ദ്രൻ. 2012ൽ ഡയറക്ടർ സ്ഥാനമൊഴിഞ്ഞിരുന്നു. വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.