കണ്ണൂർ: തനിക്കെതിരെ കാപ്പ ചുമത്താനുള്ള പൊലീസിന്റെ ശിപാർശയിൽ ഫർസീൻ മജീദ് മറുപടി നൽകി. ഉത്തരമേഖല ഡി.ഐ.ജി രാഹുൽ ആർ. നായർക്കാണ് മറുപടി നൽകിയത്. മുഖ്യമന്ത്രിക്കുനേരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം വൈസ് പ്രസിഡന്റായ ഫർസീനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ഇദ്ദേഹത്തിനെതിരെ കാപ്പ ചുമത്താൻ കലക്ടർക്ക് ശിപാർശ നൽകിയത്.
എന്നാൽ, രാഷ്ട്രീയ പ്രതിഷേധങ്ങളുടെ ഭാഗമായുള്ള കേസുകളിൽ മാത്രമാണ് താൻ ഉൾപ്പെട്ടതെന്നും ഇതൊന്നും കാപ്പ പരിധിയിൽ വരില്ലെന്നും ഫർസീൻ മറുപടിയിൽ പറഞ്ഞു. 13 കേസുകളുടെ വിശദാംശങ്ങൾ കൈമാറി.
നൂറുകണക്കിനുപേർ ഉൾപ്പെട്ട രാഷ്ട്രീയ സമരങ്ങളിൽ പ്രതിചേർക്കപ്പെട്ടതാണ് മിക്ക കേസുകളും. ഇതിൽ ഭൂരിപക്ഷം കേസുകളിലെ എഫ്.ഐ.ആറിൽ പോലും തന്റെ പേര് ഉൾപ്പെട്ടിട്ടില്ല. അതിനാൽ കാപ്പ ചുമത്താനുള്ള നടപടിയിൽനിന്ന് പിന്മാറണമെന്നും ഫർസീൻ ആവശ്യപ്പെട്ടു. ഡി.ഐ.ജി മുമ്പാകെ 30ന് ഹിയറിങ്ങിൽ നേരിട്ട് ഹാജരാകാൻ ഇദ്ദേഹത്തിന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. വിമാനത്തിൽ നടന്ന പ്രതിഷേധത്തിലെ രണ്ടാംപ്രതി നവീൻ കുമാർ, മൂന്നാംപ്രതി സുജിത്ത് നാരായണൻ എന്നിവരെ ഒഴിവാക്കി ഫർസീനെതിരെ മാത്രം കാപ്പ ചുമത്താനുള്ള പൊലീസ് നീക്കത്തിൽ വ്യാപക പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.