കാസർകോട്: കേന്ദ്ര സർവകലാശാലയിൽ പുതിയ രജിസ്ട്രാറെ നിയമിച്ചത് ചട്ടം പാലിച്ചല്ലെന്ന് ആരോപണം. ഡോ. എം. മുരളീധരൻ നമ്പ്യാരാണ് പുതിയ രജിസ്ട്രാർ. ഇദ്ദേഹത്തെ നിയമിക്കുംമുമ്പ് പാലിക്കേണ്ട വിജ്ഞാപനം നടത്തിയിട്ടില്ല.
തൊട്ടുമുമ്പുള്ള വിജ്ഞാപനത്തിനനുസരിച്ചുണ്ടാക്കിയ റാങ്ക് പട്ടികയിൽനിന്നാണ് നിയമനമെങ്കിൽ, മുൻ റാങ്ക് പട്ടികയിൽ മുരളീധരൻ നമ്പ്യാർ ഉണ്ടായിരുന്നുവെന്ന് പറയാൻ അന്ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.അദ്ദേഹത്തിന്റെ പേര് രണ്ടാമത് ഇല്ലാതിരുന്നതുകൊണ്ട്, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ സഹയാത്രികനായ നമ്പ്യാർക്ക് രജിസ്ട്രാർ പദവിയിലേക്ക് കടന്നുവരാനുള്ള വഴി അന്നേ ഒരുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
രജിസ്ട്രാറായിരുന്ന സന്തോഷ് കുമാറിനെ രാജിവെപ്പിച്ചതും മുരളീധരൻ നമ്പ്യാർക്ക് വേണ്ടിയായിരുന്നുവെന്നതും ശക്തമായ ആരോപണമാണ്. രജിസ്ട്രാർ നിയമനത്തിന്റെ ഉയർന്ന പ്രായപരിധി 56 ആണ്. പരീക്ഷ കൺട്രോളർ സ്ഥാനത്തുനിന്ന് വിരമിച്ച മുരളീധരൻ നമ്പ്യാർക്ക് ആ പ്രായപരിധിയും കഴിഞ്ഞു.
വാഴ്സിറ്റി നിയമന ചട്ടത്തിലെ അധ്യാപകേതര നിയമനത്തിനുള്ള കാഡർ റിക്രൂട്ട്മെന്റ് ചട്ടം (സി.ആർ.ആർ 22 (ക്യു)-ii) പ്രകാരം നിലവിലെ രജിസ്ട്രാർ കാലാവധി തികച്ചശേഷം വിരമിക്കാതെ, രാജിവെക്കുകയാണെങ്കിൽ ആ രജിസ്ട്രാറെ നിയമിച്ച റാങ്ക് പട്ടിക റദ്ദാക്കപ്പെടും.
മുൻ രജിസ്ട്രാർ സന്തോഷ് കുമാർ രാജിവെക്കുകയാണുണ്ടായത്. പുനർവിജ്ഞാപനം ചെയ്തുവേണം പുതിയ രജിസ്ട്രാറെ നിയമിക്കാനെന്ന് ചട്ടം പറയുന്നു. സന്തോഷിനെ നിയമിച്ച 2021 ഫെബ്രുവരി 16ന്റെ വിജ്ഞാപന പ്രകാരമുള്ള റാങ്ക് പട്ടിക നിയമാനുസൃതം പ്രസിദ്ധീകരിച്ചില്ല. സിലുവൈനാഥൻ, പങ്കജാക്ഷൻ, ടി.പി. അബ്ബാസ്, സുകുമാർ എന്നിവരാണ് സന്തോഷിനുശേഷം റാങ്ക് പട്ടികയിൽ ഉണ്ടായിരുന്നത് എന്നാണ് അറിയുന്നത്.
അഭിമുഖത്തിൽ ഹാജരായ ഈശ്വരമൂർത്തി മുത്തുസ്വാമിയുടെ പരാതി മാനവശേഷി മന്ത്രാലയം ജോയന്റ് സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ട്.മറ്റുള്ളവർ പരാതി നൽകാതിരിക്കുന്നത് അവർ മറ്റു കേന്ദ്രസർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലായതിനാലും അവിടെ ഭീഷണി നേരിടുമെന്നതിനാലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.