ചൂരൽമല (വയനാട്): ചവിട്ടിനിൽക്കുന്ന മണ്ണിനടിയിൽ ജീവന്റെ തുടിപ്പുകളുണ്ടോ...? ചരിത്രത്തിലില്ലാത്തവിധം വയനാടിന്റെ മാറുപിളർത്തിയ ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിലും ചൂരൽമലയിലും നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നൂറുകണക്കിനാളുകളുടെ മനസ്സ് സ്വയം ചോദിക്കുന്ന ചോദ്യമാണിത്.
മുണ്ടക്കൈയിൽ ഉരുൾപൊട്ടി കിലോമീറ്ററുകളോളമുള്ള മലവെള്ളപ്പാച്ചിലിൽ സ്വന്തം ജീവനൊപ്പം സർവവും നശിച്ചവർ നിരവധിയാണെന്ന് മാത്രമേ പറയാനാവൂ. കാണാതായ ആളുകളുടെ കണക്കുപോലും അന്തിമമായി തിട്ടപ്പെടുത്താനായില്ലെന്ന് പറയുമ്പോൾ മണ്ണിനടിയിലായവരെത്ര എന്നതിപ്പോഴും ചോദ്യമായി അവശേഷിക്കുന്നു. പുറമെ കാണുന്ന മൃതദേഹങ്ങൾ മാത്രമാണ് ഇപ്പോൾ എടുക്കുന്നത്. മണ്ണ് മാറ്റിയുള്ള രക്ഷാദൗത്യത്തിന് ഇനിയും സമയമെടുക്കും. ചൂരൽമലയിൽനിന്ന് മുണ്ടക്കൈയിലേക്കുള്ള സൈനിക പാലം വ്യാഴാഴ്ച വൈകീട്ടോടെയാണ് യാഥാർഥ്യമാവുക. തുടർന്നുവേണം കൂറ്റൻ യന്ത്ര സാമഗ്രികൾ എത്തിച്ച് മണ്ണും മരവും പാറക്കല്ലും നീക്കിയുള്ള രക്ഷാദൗത്യം തുടങ്ങാൻ. ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യത്തെ അന്വർഥമാക്കുന്ന തരത്തിൽ ഇവിടെയെത്തിയ സൈന്യവും കർഷകരുമെല്ലാം തോളോടുതോൾ ചേർന്നാണ് രക്ഷാദൗത്യത്തിൽ മുന്നേറുന്നത്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും വയനാട്ടിലേക്ക് സഹായ പ്രവാഹവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.