തിരുവനന്തപുരം: സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റും മാവോവാദി സംഘടനകളും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഐ.എസിൽ ആകൃഷ്ടരായി സംസ്ഥാനത്തുനിന്ന് 22 ഓളം പേരെ കാണാതായിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകൾ ഇപ്പോൾ എൻ.ഐ.എയുടെ അന്വേഷണത്തിലായതിനാൽ വിശദാംശങ്ങൾ ലഭ്യമാക്കാനാവില്ല. കാണാതായ രണ്ടുപേർ മരിച്ചതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ചില സംഘടനകൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെങ്കിലും കണക്കുകൾ ലഭ്യമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
2500 അധ്യാപക തസ്തികകൾ സൃഷ്ടിക്കും
അധ്യാപകരുടെ കുറവ് കണക്കിലെടുത്ത് ഹയര്‍സെക്കന്‍ഡറി മേഖലയിൽ 2500 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച ഫയല്‍ ധനവകുപ്പിെൻറ പരിഗണനയിലാണ്. പല സ്ഥലങ്ങളിലും ദിവസവേതനക്കാർ ജോലിചെയ്യുകയാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ ദിവസവേതനക്കാര്‍ക്ക് നിലവില്‍ ശമ്പളം ലഭിക്കാത്ത സ്ഥിതിയില്ല. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിന് അധ്യാപക പരിശീലനം വഴി നൂതനമായ പഠനബോധന തന്ത്രങ്ങള്‍ വ്യാപിപ്പിച്ചുവരുകയാണ്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് അവധിക്കാല പരിശീലനം നല്കാന് പദ്ധതി തയാറാക്കിവരുകയാണെന്നും മന്ത്രി അറിയിച്ചു.
റവന്യൂ വകുപ്പില്‍ അഴിമതിക്കാരുണ്ട്
റവന്യൂ വകുപ്പില്‍ ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാെണന്ന് കണ്ടെത്തിയിട്ടുെണ്ടന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. അഴിമതിക്കാരാെണന്ന് കണ്ടെത്തിയ 54പേരെ സസ്പെൻഡ് ചെയ്തു. 130 പേര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഉയര്‍ന്ന തലത്തിലെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. വിേല്ലജ്, താലൂക്ക് ഓഫിസുകള്‍ ജനസൗഹൃദമാക്കാന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സി.സി ടി.വി സ്ഥാപിക്കുന്നത് പരിശോധിക്കും. വില്ലേജ് ഓഫിസുകളില്‍നിന്ന് നല്‍കിവരുന്ന 24 ഇന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
58 ഇന ഭക്ഷ്യപദാര്‍ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരം
2016 മുതൽ ഇതുവരെ ഭക്ഷ്യസുരക്ഷ വകുപ്പ് അനലിറ്റിക്കല്‍ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ 58 ഇനങ്ങളിൽപ്പെട്ട ഭക്ഷ്യപദാര്‍ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതായി മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു. 199 ഭക്ഷ്യവസ്തുക്കൾ ഗുണനിലവാരമില്ലെന്നും കണ്ടെത്തി. ഇവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള നടപടി എടുത്തതായും മന്ത്രി അറിയിച്ചു.
സാമ്പത്തിക ക്രമക്കേടിൽ 156 പരാതികൾ
വിവിധ വകുപ്പുകളിൽ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 156 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി. പരാതികളുടെ അടിസ്ഥാനത്തിൽ 91 ഓഫിസുകളില്‍ ധനകാര്യ പരിശോധന വിഭാഗം അന്വേഷണം നടത്തി. തക്കല പത്മനാഭപുരം കൊട്ടാരം, സംസ്ഥാന സാക്ഷരത മിഷൻ, കൊല്ലം-, തിരുവനന്തപുരം നഗരസഭകൾ, കേരള, ആരോഗ്യ സര്‍വകലാശാലകൾ, കായിക യുവജനകാര്യ ഡയറക്ടറേറ്റ്, തിരുവനന്തപുരം പരീക്ഷാ ഭവൻ, കേരഫെഡ്, തുറമുഖ വകുപ്പ് ഡയറക്ടറേറ്റ്, പി.എന്‍. പണിക്കര്‍ വിജ്ഞാന് വികാസ് കേന്ദ്രം, പുരാവസ്തു വകുപ്പ് ഡയറക്ടറേറ്റ്, ഹോര്‍ട്ടികോർപ്, സംസ്ഥാന വനിത വികസന കോർപറേഷൻ, കൊല്ലം എ.ആര് പൊലീസ് ക്യാമ്പ്, റെഡ്ക്രോസ് സൊസൈറ്റി ആസ്ഥാനം, കെല്‍പാം തുടങ്ങി 91 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. അന്വേഷണം പൂര്‍ത്തിയായ കേസുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഭരണ വകുപ്പുകൾക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നും മന്ത്രി രേഖാമൂലം അറിയിച്ചു.
പൈനാപ്പിൾ കൃഷി: ഹോർമോൺ പഠനം നടത്തുമെന്ന് മന്ത്രി
പൈനാപ്പിൾ ഒരുമിച്ച് വിളവെടുക്കാൻ സഹായിക്കുന്ന ‘എത്രയിൽ’ ഹോർമോൺ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയെ അറിയിച്ചു. ‘എത്രയിൽ’ കീടനാശിനിയല്ല ഹോർമോൺ ആണെന്നും മന്ത്രി മറുപടി നൽകി. റബർ തോട്ടങ്ങളിൽ മാരക രാസവസ്തുക്കൾ പ്രയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. പൈനാപ്പിൾ കൃഷി 400 ഹെക്ടറിൽ കൂടി വ്യാപിപ്പിക്കും. സംഭരണത്തിനും സംവിധാനം വരും. വിള ഇൻഷുറൻസ് ഹെക്ടറിന് 50,000 രൂപയാക്കി വർധിപ്പിക്കും. വാഴക്കുളത്തെ പൈനാപ്പിൾ കൃഷി ജൈവ രീതിയിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിൽ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി
ആശുപത്രികളിൽ അകാരണമായി ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മനഃപൂർവമായ ആശ്രദ്ധ ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായാൽ ഗൗരവമായി കാണും. എന്നാൽ അകാരണമായ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുമെന്നും ഡോ. എം.കെ. മുനീറിെൻറ സബ്മിഷന് അവർ മറുപടി നൽകി. സ്കൂളുകളിലെ മലയാളം അധ്യാപകരുടെ പി.എസ്.സി വഴി നികത്തേണ്ട മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചതായി െഎ.സി. ബാലകൃഷ്ണനെ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.