തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖല സ്ഥാപനങ്ങൾ മറ്റൊരു അഭിമാനനേട്ടം സ്വന്തമാക്കിയ സന്തോഷത്തിലാണ്. കേരളത്തിലെ നാല് പൊതുമേഖല വ്യവസായ സ്ഥാപനങ്ങളാണ് ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ സ്ഥാപനങ്ങളിൽ നിർമിച്ച വിവിധ ഉൽപന്നങ്ങൾ ആദിത്യ ഉപയോഗിച്ചിട്ടുണ്ട്.
പി.എസ്.എൽ.വി സി 57 ആദിത്യ എൽ1 മിഷന്റെ ഭാഗമായി പി.എസ്.എൽ.വി റോക്കറ്റിന് കെൽട്രോണിൽ നിർമിച്ച 38 ഇലക്ട്രാണിക്സ് മൊഡ്യൂൾ ഉപയോഗിച്ചിട്ടുണ്ട്. ദൗത്യത്തിനാവശ്യമായ വിവിധതരം ഇലക്േട്രാണിക്സ് മൊഡ്യൂളുലുകളുടെ ടെസ്റ്റിങ് സപ്പോർട്ടും കെൽട്രോണാണ് നൽകിയത്. ആദിത്യ എൽ1 വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ എസ്.ഐ.എഫ്.എൽ തദ്ദേശീയമായി വികസിപ്പിച്ച് നൽകിയിട്ടുള്ളതാണ്.
പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിങ്സ്, 15 സി.ഡി.വി6 ഡോം ഫോർജിങ്സ് എന്നിവക്കൊപ്പം വികാസ് എൻജിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിങ്ങുകളും മറ്റ് ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ്.ഐ.എഫ്.എൽ വികസിപ്പിച്ചതാണ്.പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ടി.സി.സിയാണ് നൽകിയത്. റോക്കറ്റിന്റെ സാറ്റ്ലൈറ്റ് സെപറേഷൻ സിസ്റ്റത്തിനാവശ്യമായ വിവിധതരം ഘടകങ്ങൾ നൽകിയത് കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ്.
സൂര്യശോഭയിൽ മലയാളികൾ
തിരുവനന്തപുരം: സൂര്യന്റെ കാണാരഹസ്യങ്ങൾ തേടിയുള്ള ആദിത്യയുടെ യാത്ര വിജയത്തിലേക്ക് എത്തിയതോടെ സൂര്യശോഭയിൽ കേരളവും മിന്നിത്തിളങ്ങുന്നു. ദൗത്യത്തിൽ ഉപയോഗിച്ച പേടകത്തിന്റെയും റോക്കറ്റിന്റെയും പല പ്രധാന ഭാഗങ്ങളും നിർമിച്ചത് കേരളത്തിലാണെന്നും ദൗത്യത്തിന് ചുക്കാൻപിടിച്ച് പ്രവർത്തിച്ച ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥും വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്. ഉണ്ണിക്കൃഷ്ണൻ നായരും മലയാളികളാണെന്നും കേരളത്തിന് അഭിമാനിക്കാം. ഏഴ് ഉപകരണങ്ങളിൽ ഒരെണ്ണം നിർമിച്ചത് മലപ്പുറം സ്വദേശികളായ ഡോ. ശ്രീജിത്ത് പടിഞ്ഞാറ്റേയിലും എ.എൻ.രാംപ്രകാശും. പുണെയിലെ ഇന്റർയൂനിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിലെ (ഐ.യു.സി.എ.എ) ശാസ്ത്രജ്ഞരാണ് ഇരുവരും. ഇവരടങ്ങിയ ടീമാണ് ആദിത്യയിലെ സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ് (എസ്.ക്യു.ഐ.ടി) വികസിപ്പിച്ചത്.
ആദിത്യയെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച പി.എസ്.എൽ.വി റോക്കറ്റ് നിർമിച്ചത് തിരുവനന്തപുരം തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ്. സൗരവാതത്തെക്കുറിച്ച് പഠിക്കുന്ന പാപ്പയെന്ന പേലോഡ് നിർമിച്ചതും ഇവിടെത്തന്നെ. നിർണായക ഭാഗങ്ങളായ ലിക്വിഡ് എൻജിനുകൾ വികസിപ്പിച്ചത് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റം സെന്ററിലായിരുന്നു.
ഗഗൻയാൻ 2025ൽ
തിരുവനന്തപുരം: 2025 ൽ മനുഷ്യനെ വഹിച്ചുള്ള ഗഗൻയാൻ സാധ്യമാകുമെന്ന് എൽ.പി.എസ്.സി ഡയറക്ടർ വി. നാരായണൻ. ഈ വർഷം ജൂണിൽ ആളില്ലാതെ റോക്കറ്റ് രാജ്യം പരീക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എല്ലാറ്റിനും പൂർണ സജ്ജമാണെന്നും ഘട്ടംഘട്ടമായി പരീക്ഷണങ്ങൾ പൂർത്തിയാക്കുമെന്നും ആദിത്യ എൽ ഒന്ന് ദൗത്യത്തിനു ശേഷം എൽ.പി.എസ്.സി ഡയറക്ടർ ഡോ.വി. നാരായണൻ അറിയിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.