റാന്നി: റാന്നി-കോഴഞ്ചേരി റോഡിൽ പുതമണ്ണിലെ ബലക്ഷയം സംഭവിച്ച പാലത്തിൽക്കൂടി ഇരുചക്ര വാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായി.പാലം ബലക്ഷയം സംഭവിച്ച് ഗതാഗതം നിരോധിച്ച സാഹചര്യത്തിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 70 വർഷത്തിലധികം പഴക്കമുള്ള പുതമൺ പെരുന്തോടിന് കുറുകെയുള്ള പാലത്തിന് ഇരുവശത്തും രണ്ടര മീറ്റർ വീതിയിൽ പുതുതായി സ്ലാബ് നിർമിച്ച് 10 വർഷം മുമ്പ് പാലത്തിന് വീതി വർധിപ്പിച്ചിരുന്നു.
പാലത്തിെൻറ നടുവിലത്തെ ഭാഗം കാലപ്പഴക്കത്തിൽ തകർന്നതിനാൽ ഇവിടം കെട്ടി വേർതിരിച്ച് പാലത്തിന്റെ പുതുതായി നിർമിച്ച ഇരു ഭാഗത്തൂടെയും ഇരുചക്ര വാഹനങ്ങൾ മാത്രം കടത്തിവിടും.പാലം തകർന്നതിനാൽ റാന്നിയിൽനിന്ന് കോഴഞ്ചേരിക്കുള്ള ബസുകൾ ഇപ്പോൾ കീക്കൊഴൂർ പേരൂച്ചാൽ പാലത്തിലൂടെ മറുകരയിൽ എത്തി ചെറുകോൽപ്പുഴ - റാന്നി റോഡിലൂടെയാണ് പോകുന്നത്.
ഇതോടെ കീക്കൊഴൂർ മുതൽ മേലുകര വരെയുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായി. ഇവരുടെ യാത്രക്ലേശം ഒഴിവാക്കാൻ കുറച്ചു ബസുകൾ ചാക്കപ്പാലം വഴി തിരിഞ്ഞ് അന്ത്യാളൻ കാവ് വഴി പുതമൺ മറുകരയിൽ എത്തി കോഴഞ്ചേരിക്ക് പോകാൻ നിർദേശം നൽകും. 10 കി.മീ. അധികം സഞ്ചരിക്കേണ്ടിവരും.
പുതമൺ - വയലത്തല റോഡ് തിങ്കളാഴ്ച മുതൽ ജലവിഭവ വകുപ്പ് പൈപ്പ് ഇടാൻ കുഴിക്കുന്നതിനാലാണ് ബസുകൾ ചാക്കപ്പാലം വഴി കടത്തിവിടാൻ തീരുമാനിച്ചത്. റാന്നി- കോഴഞ്ചേരി റൂട്ടുകളിൽ പോകുന്ന ടിപ്പർ ലോറികൾ മാമുക്ക് ഭാഗത്തുനിന്നുതന്നെ തിരിഞ്ഞുപോകാൻ സംവിധാനം ഒരുക്കും. ഇതുവഴി പോകുന്ന ടിപ്പർ ലോറികളുടെ യാത്ര രാവിലെ എട്ടു മുതൽ പത്തുമണി വരെയും വൈകീട്ട് മൂന്ന് മുതൽ അഞ്ചുവരെയും നിരോധിക്കും.
ചെറുകോൽപ്പുഴ നെടിയത്ത് ജങ്ഷനിലും കീക്കൊഴൂർ പാലത്തിെൻറ ഭാഗത്തും സൂചന ബോർഡുകൾ വെക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. സന്തോഷ്, തഹസിൽദാർ മഞ്ജുഷ, ഡിവൈ.എസ്.പി ജി. സന്തോഷ് കുമാർ, ചീഫ് എൻജിനീയർ പാലം വിഭാഗം എം. അശോക് കുമാർ, ചീഫ് എൻജിനീയർ നസീം, റോഡ്സ് എക്സി. എൻജിനീയർ അംബിക, അസി. എൻജിനീയർ റീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.