മലപ്പുറം: രാമക്ഷേത്രത്തിെൻറ ഭൂമി പൂജക്ക് മണിക്കൂറുകൾ മുമ്പ് ആശംസകളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരസ്യമായി രംഗത്തു വന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി. വിഷയം ചർച്ച ചെയ്യാനും കോൺഗ്രസ് നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനും അടിയന്തര യോഗം ചേരാൻ ലീഗ് നേതൃത്വം തീരുമാനിച്ചു. ഭഗവാൻ രാമെൻറയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിെൻറ ഭൂമിപൂജ ദേശീയ ഐക്യത്തിെൻറയും സാഹോദര്യത്തിെൻറയും സാംസ്കാരിക കൂടിച്ചേരലിെൻറയും അവസരമാകട്ടെ എന്നാണ് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.
വിഷയത്തിൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആദ്യ പ്രതികരണം ന്യൂനപക്ഷ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലാണെന്ന് ലീഗ് നേതൃത്വം വിലയിരുത്തുന്നു. ഇക്കാര്യത്തിൽ പാർട്ടിക്കുള്ള അമർഷം കോൺഗ്രസ് ഹൈക്കമാൻറിനെ അറിയിക്കും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ബുധനാഴ്ച ചേരുന്ന യോഗത്തിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കുക. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, എം.കെ മുനീർ എം.എൽ.എ തുടങ്ങി മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
അതേസമയം, കോൺഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിക്കുകയല്ലാതെ ഇക്കാര്യത്തിൽ മറ്റൊന്നും ചെയ്യാനാവില്ലെന്ന് ലീഗ് നേതൃത്വത്തിനും ബോധ്യമുണ്ട്. രാമക്ഷേത്രം നിർമിക്കുന്ന അയോധ്യ അടങ്ങുന്ന യു.പിയുടെ സംഘടന ചുമതല വഹിക്കുന്ന പ്രിയങ്കക്ക് ഇങ്ങനെയൊരു നിലപാട് എടുക്കാതെ നിർവാഹമില്ല. നിലവിലെ സാഹചര്യത്തിൽ കേരളത്തിന് പുറത്ത് ഈ വിഷയത്തിൽ മറിച്ചൊരു അഭിപ്രായം പറയാനുള്ള ശേഷി ഒരു പാർട്ടിക്കുമില്ല എന്നതാണ് വസ്തുത.
എന്നാലും സ്വന്തം അണികളെ സമാധാനിപ്പിക്കാൻ പ്രതിഷേധം അറിയിക്കാതെ തരമില്ലെന്ന് ലീഗ് നേതൃത്വം കരുതുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കേ കോൺഗ്രസിെൻറത് മൃദുഹിന്ദുത്വ നിലപാടാണെന്ന് പ്രചരിപ്പിച്ച് പാർലമെൻറ് തെരഞ്ഞെടുപ്പിൽ കൈവിട്ട ന്യൂനപക്ഷ വോട്ട് തിരിച്ച് പിടിക്കാൻ സി.പി.എം ശ്രമിക്കുമെന്ന ഭീതി കേരളത്തിൽ കോൺഗ്രസിനും ലീഗിനുമുണ്ട്. ബാബരി മസ്ജിദ് പൊളിച്ച് രാമേക്ഷത്രം പണിയണമെന്ന പാർട്ടി ആചാര്യൻ ഇ.എം.എസിെൻറ നിലപാട് ഉയർത്തി ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ് അവരുടെ കണക്കു കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.