ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാ പൂരിനടുത്ത് ബീഫ് കടത്തിയെന്നാരോപിച്ച് തല്ലിക്കൊലപ്പെടുത്തിയ മുഹമ്മദ് കാസിമിെൻറ കുടുംബത്തിന് നിർമിച്ചു നൽകുന്ന 'ബൈത്തുറഹ്മ'യുടെ ഗൃഹപ്രവേശം നാളെ നടക്കുമെന്ന് യൂത്ത്ലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈർ അറിയിച്ചു. ഉത്തർപ്രദേശ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് സുബൈറിെൻറ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയതെന്നും സി.കെ സുബൈർ കൂട്ടിച്ചേർത്തു.
സി.കെ.സുബൈർ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
ആലിയ മോളുടെ ഗ്രഹപ്രവേശമാണ് നാളെ..
ഉത്തർപ്രദേശിലെ ഹാ പൂരിനടുത്ത് പിലഖ്വയിൽ സംഘ് ഭീകരർ തല്ലിക്കൊലപ്പെടുത്തിയ മുഹമ്മദ് കാസിമിെൻറ കുടുംബത്തിന് മുസ്ലിം യൂത്ത് ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ ഗൃഹപ്രവേശമാണ് നാളെ.
രണ്ടാം മോദി മന്ത്രിസഭ അധികാരമേൽക്കുന്നതിൻ്റെ തലേ ദിവസമാണ് ആ അനാഥ കുടുംബത്തിന് സ്വന്തമായൊരു വീടിെൻറ സുരക്ഷിതത്വം നൽകുമെന്ന് നാം പ്രഖ്യാപിച്ചത്. ആ ഗ്രാമത്തിലെ പൊതു പ്രവർത്തകനായ മുഹമ്മദ് നഈം കാസിമിൻ്റെ ഭാര്യയുടെ പേരിൽ നൽകിയ ഭൂമിയിലാണ് വീട് നിർമ്മിച്ചത്. യു പി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സുബൈറിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.
കാസിമിെൻറ സഹോദരൻ സലീമിെൻറ ചെറിയ വസതിയിലായിരുന്നു കാസിമിെൻറ മരണശേഷം ആ കുടുംബം താമസിച്ചിരുന്നത്. കാസിമിെൻറ ഇളയ മകൾ ആലിയയും അർഷും ഉമ്മയും പിന്നെ സലിമിൻ്റെ കുടുംബവും ആ ചെറിയ വീട്ടിൽ ശ്വാസം മുട്ടി കഴിയുന്നു എന്നത് കൊണ്ട് തന്നെ പണി നേരത്തേ തന്നെ പൂർത്തിയാക്കി അവർക്ക് പുതിയ വീട്ടിൽ താമസിക്കാൻ സൗകര്യം നൽകിയിരുന്നു.
നിങ്ങളെല്ലാവരും ഞങ്ങളുടെ വീട്ടിൽ വന്ന് ഒരുമിച്ച് കൂടി സന്തോഷത്തോടെ ഗൃഹപ്രവേശം നടത്തണം എന്നത് അവരുടെ ആഗ്രഹമായിരുന്നു. ലോക് ഡൗൺ മൂലം നീണ്ടു പോയ ആ ചടങ്ങ് നാളെ നമ്മൾ നടത്തുകയാണ്.
'അബ്ബയുണ്ടായിരുന്നപ്പോ അതായിരുന്നു ഞങ്ങളുടെ വീട് ' അന്ന് കാസിമിനോടൊപ്പം ജീവിച്ചിരുന്ന വാടക വീട് ചൂണ്ടിക്കാണിച്ച് ആലിയ പറഞ്ഞ വാക്കുകളാണ്. അബ്ബയില്ലാത്ത വിഷമം അവൾ ഒരിക്കലും മറക്കില്ല. എങ്കിലും ഇതെൻ്റെ വീടാണെന്ന് ആ വീട്ടുമുറ്റത്ത് നിന്ന് നാളെ അവൾ പുഞ്ചിരിച്ച് കൊണ്ട് പറയും. ആ പുഞ്ചിരി മുസ്ലിം ലീഗിൻ്റെ ഓരോ പ്രവർത്തകനും അവകാശപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.