ജഡ്​ജിമാർക്കും ലോകായുക്തക്കുമെതിരെ കേന്ദ്ര വിജിലൻസ്​ കമീഷണർക്ക്​ പരാതിയുമായി ജേക്കബ്​ തോമസ്​

തിരുവനന്തപുരം: തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും ഇതിന്​ പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹൈകോടതി ജഡ്ജിമാര്‍ക്കും ലോകായുക്തക്കുമെതിരെ ഡി.ജി.പി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്ക് പരാതി നല്‍കി. തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്നും ജുഡീഷ്യറിയുടെ സ്വാധീനം ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. പരാതിയുടെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്​റ്റിസിനും അയച്ചു. വിജിലന്‍സ് കേസുകള്‍ കോടതി ഇടപെടലിലൂടെ ദുര്‍ബലമാക്കിയെന്നാണ് പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്​. ഹൈകോടതി ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു, ലോകായുക്ത പയസ് സി. കുര്യാക്കോസ് എന്നിവര്‍ക്കെതിരെയാണ് പരാതി.

ചീഫ് സെക്രട്ടറി മുഖാന്തിരമാണ് ജേക്കബ് തോമസ് പരാതി കൈമാറിയത്​. ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ്​ പരാതിയിൽ ജേക്കബ്​ തോമസ്​ ഉന്നയിച്ചിട്ടുള്ളത്. ജഡ്ജിമാര്‍ക്കെതിരായ ആരോപണത്തിന് ആവശ്യമായ തെളിവുകൾ നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പാറ്റൂര്‍, ബാര്‍ കോഴ, കെ.എം. മാണിക്കെതിരായ ബാറ്ററി കേസ്, അനൂപ് ജേക്കബിനെതിരായ വിജിലന്‍സ് കേസ്, കണ്ണൂരില്‍ നടന്ന സ്‌കൂള്‍ യുവജനോത്സവവുമായി ബന്ധപ്പെട്ട കേസ്, ഇ.പി. ജയരാജ​​​െൻറ ബന്ധു നിയമന കേസ് തുടങ്ങിയവ പരിഗണിക്കുമ്പോള്‍ തനിക്കെതിരെ കോടതി പ്രത്യേക നിലപാടെടുക്കുകയായിരുന്നു. തന്നെ വ്യക്തിഹത്യ നടത്തുന്നതരത്തിലുള്ള പെരുമാറ്റമാണ്​ പലപ്പോഴും കോടതികളുടെ ഭാഗത്ത്​ നിന്നുണ്ടായത്​. കോടതിയുടെ ഇത്തരം നിലപാടുകള്‍മൂലം സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കാനുള്ള വിജിലന്‍സി​​​െൻറ പ്രവര്‍ത്തനങ്ങള്‍ തടയപ്പെട്ടതായും ജേക്കബ് തോമസ് പരാതിയിൽ പറയുന്നു.

ഓരോ കേസി​​​െൻറയും സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടും അവയില്‍ ഹൈകോടതി എടുത്ത നിലപാടുകളെന്താണെന്ന് ചൂണ്ടിക്കാണിച്ചും കോടതിയുടെ നിലപാടില്‍ ത​​​െൻറ സംശയം എന്താണെന്ന് വിശദീകരിച്ചും അഞ്ചുപേജുള്ള വിശദമായ പരാതിയാണ് നല്‍കിയത്. പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ടാണ് ലോകായുക്തക്കെതിരെ പരാമര്‍ശമുള്ളത്. കോടതിയിൽ വിശദീകരണം നൽകാതെ സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിന്​ മുതിർന്നതിന്​ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജേക്കബ് തോമസിനെ അച്ചടക്കത്തി​​​െൻറ പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടിരുന്നു.


 

Tags:    
News Summary - Jacob Thomas complaint against Vigilance commisioner-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.