ജഡ്ജിമാർക്കും ലോകായുക്തക്കുമെതിരെ കേന്ദ്ര വിജിലൻസ് കമീഷണർക്ക് പരാതിയുമായി ജേക്കബ് തോമസ്
text_fieldsതിരുവനന്തപുരം: തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും ഇതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹൈകോടതി ജഡ്ജിമാര്‍ക്കും ലോകായുക്തക്കുമെതിരെ ഡി.ജി.പി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്ക് പരാതി നല്‍കി. തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്നും ജുഡീഷ്യറിയുടെ സ്വാധീനം ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിയുടെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അയച്ചു. വിജിലന്‍സ് കേസുകള്‍ കോടതി ഇടപെടലിലൂടെ ദുര്‍ബലമാക്കിയെന്നാണ് പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഹൈകോടതി ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു, ലോകായുക്ത പയസ് സി. കുര്യാക്കോസ് എന്നിവര്‍ക്കെതിരെയാണ് പരാതി.
ചീഫ് സെക്രട്ടറി മുഖാന്തിരമാണ് ജേക്കബ് തോമസ് പരാതി കൈമാറിയത്. ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ ജേക്കബ് തോമസ് ഉന്നയിച്ചിട്ടുള്ളത്. ജഡ്ജിമാര്‍ക്കെതിരായ ആരോപണത്തിന് ആവശ്യമായ തെളിവുകൾ നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പാറ്റൂര്‍, ബാര്‍ കോഴ, കെ.എം. മാണിക്കെതിരായ ബാറ്ററി കേസ്, അനൂപ് ജേക്കബിനെതിരായ വിജിലന്‍സ് കേസ്, കണ്ണൂരില്‍ നടന്ന സ്‌കൂള്‍ യുവജനോത്സവവുമായി ബന്ധപ്പെട്ട കേസ്, ഇ.പി. ജയരാജെൻറ ബന്ധു നിയമന കേസ് തുടങ്ങിയവ പരിഗണിക്കുമ്പോള്‍ തനിക്കെതിരെ കോടതി പ്രത്യേക നിലപാടെടുക്കുകയായിരുന്നു. തന്നെ വ്യക്തിഹത്യ നടത്തുന്നതരത്തിലുള്ള പെരുമാറ്റമാണ് പലപ്പോഴും കോടതികളുടെ ഭാഗത്ത് നിന്നുണ്ടായത്. കോടതിയുടെ ഇത്തരം നിലപാടുകള്‍മൂലം സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കാനുള്ള വിജിലന്‍സിെൻറ പ്രവര്‍ത്തനങ്ങള്‍ തടയപ്പെട്ടതായും ജേക്കബ് തോമസ് പരാതിയിൽ പറയുന്നു.
ഓരോ കേസിെൻറയും സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടും അവയില്‍ ഹൈകോടതി എടുത്ത നിലപാടുകളെന്താണെന്ന് ചൂണ്ടിക്കാണിച്ചും കോടതിയുടെ നിലപാടില്‍ തെൻറ സംശയം എന്താണെന്ന് വിശദീകരിച്ചും അഞ്ചുപേജുള്ള വിശദമായ പരാതിയാണ് നല്‍കിയത്. പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ടാണ് ലോകായുക്തക്കെതിരെ പരാമര്‍ശമുള്ളത്. കോടതിയിൽ വിശദീകരണം നൽകാതെ സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിന് മുതിർന്നതിന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജേക്കബ് തോമസിനെ അച്ചടക്കത്തിെൻറ പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.