തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്താൻ ഡയറക്ടർ ഡോ. ജേക്കബ് തോമസിെൻറ മാർഗരേഖ. ഇതിലൂടെ അഴിമതിവിരുദ്ധപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോയുടെ ജോലിഭാരം കുറക്കാനുമാകുമെന്ന് ജേക്കബ് തോമസ് കണക്കുകൂട്ടുന്നു. പരാതികൾ സംബന്ധിച്ച് സാങ്കേതികപരിശോധന ആവശ്യമായ കേസുകളിൽ വിദഗ്ധരുടെ അഭിപ്രായം തേടുക, വകുപ്പുകളിൽ പ്രാഥമിക പരിശോധന നടത്തി പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അവിടെത്തന്നെ പരിഹരിക്കുക, ആഭ്യന്തര അഴിമതിവിരുദ്ധ പരിശീലനം ശക്തമാക്കുക, ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ജേക്കബ് തോമസ് മുന്നോട്ടുവെക്കുന്ന പ്രധാനനിർദേശങ്ങൾ.
ഒന്നിലധികം വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ, ഉന്നതങ്ങളിലേക്ക് അന്വേഷണം നീളേണ്ടവ എന്നിവ മാത്രമേ വി.എ.സി.ബിക്ക് കൈമാറാവൂ തുടങ്ങിയ നിബന്ധനകളും റിപ്പോർട്ടിലുണ്ടെന്നറിയുന്നു. മുൻകാലങ്ങളിൽ കുത്തഴിഞ്ഞുകിടന്ന പൊതുമരാമത്ത് വകുപ്പിലെ ആഭ്യന്തര വിജിലൻസ് സംവിധാനം മെച്ചപ്പെടുത്തിയത് ഉദാഹരണമായി അദ്ദേഹം എടുത്തുപറയുന്നു. സമാനരീതിയിൽ ഉടച്ചുവാർക്കൽ എല്ലാ വകുപ്പുകളിലും നടപ്പാക്കണമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ പരിഗണനയിലാണ്.
വകുപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കാനും അഴിമതി സംബന്ധിച്ച പരാതികൾ പരിശോധിച്ച് തീർപ്പാക്കാനുമാണ് ആഭ്യന്തരവിജിലൻസ് സംവിധാനം. ഇവ നിഷ്ക്രിയമാകുമ്പോഴാണ് പരാതികൾ വി.എ.സി.ബിയിലെത്തുന്നത്. പെരുകുന്ന പരാതികൾ വി.എ.സി.ബിയുടെ ജോലിഭാരം വർധിപ്പിക്കുകയാണെന്നും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഇവയെല്ലാം പരിശോധിക്കാനാകില്ലെന്നുമാണ് ജേക്കബ് തോമസിെൻറ നിലപാട്. ഈ സാഹചര്യത്തിലാണ് ആഭ്യന്തരവിജിലൻസ് സംവിധാനം മെച്ചപ്പെടുത്താൻ മാർഗരേഖ തയാറാക്കിയത്. ഇതിനോടൊപ്പം വി.എ.സി.ബിയിൽ ലഭിച്ച നൂറോളം പരാതികളും അദ്ദേഹം ആഭ്യന്തരസെക്രട്ടറിക്ക് കൈമാറി. ഇവ സൂക്ഷ്മപരിശോധന നടത്തി നടപടിക്കായി കൈമാറുമെന്നറിയുന്നു.
കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ വിജിലൻസിെൻറ പ്രവർത്തനങ്ങൾക്ക് സർക്കാർ കടിഞ്ഞാണിട്ടിരുന്നു. എല്ലാ പരാതികളിലും ചാടിക്കയറി എഫ്.ഐ.ആർ ഇടരുതെന്നും പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ തുടർനടപടി കൈക്കൊള്ളാവൂവെന്നും വിവിധ വകുപ്പുകളിലെ ആഭ്യന്തര വിജിലൻസിെൻറ സഹായം തേടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിെൻറകൂടി അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് സർക്കാറിന് പരാതികൾ കൈമാറിയത്. വി.എ.സി.ബിയിലെ ഒഴിവുകൾ വേഗം നികത്താനും സർക്കാർ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.