കോട്ടയം: മലങ്കരസഭാ തർക്കത്തിൽ പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാൻ റഫറണ്ടം അടക്കമുള്ള വ്യവസ്ഥകളുമായി സംസ്ഥാന നിയമപരിഷ്കരണ കമീഷെൻറ കരട് ബില്ല്. ഓർത്തഡോക്സ്-യാക്കോബായ തർക്കമുണ്ടായാൽ ഭൂരിപക്ഷം നിർണയിച്ച് ദേവാലയങ്ങളുടെ ഉടമസ്ഥാവകാശം കൈമാറണമെന്നാണ് കരട് ബില്ലിലെ പ്രധാന നിർദേശം.
അനുബന്ധസ്വത്തുകൾക്കും ഇത് ബാധകമായിരിക്കും. ഭൂരിപക്ഷം നിശ്ചയിക്കാൻ റഫറണ്ടം നടത്തണമെന്നും ജസ്റ്റിസ് കെ.ടി. തോമസിെൻറ അധ്യക്ഷതയിെല സംസ്ഥാന നിയമപരിഷ്കരണ കമീഷൻ സർക്കാറിന് സമർപ്പിച്ച 'മലങ്കരസഭയിലെ ഓർത്തഡോക്സ്-യാക്കോബായ തർക്കപരിഹാര ബില്ലി'െൻറ കരടിൽ വ്യക്തമാക്കുന്നു.
റഫറണ്ടം നടത്താൻ സുപ്രീംകോടതിയിൽനിന്നോ ഹൈകോടതിയിൽനിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്ന് അംഗ അതോറിറ്റിക്ക് സർക്കാർ രൂപംനൽകണം.
ഇതിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ ഓരോ അംഗങ്ങൾ ഉണ്ടാകണം. സഭകൾ അതോറിറ്റിയിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക കൈമാറിയില്ലെങ്കിൽ സർക്കാറിന് നേരിട്ട് നിയമിക്കാം. അതോറിറ്റി എടുക്കുന്ന തീരുമാനങ്ങൾ എല്ലാ വിശ്വാസികൾക്കും ബാധകമായിരിക്കും. ഉടമസ്ഥാവകാശം സംബന്ധിച്ച പരാതി ഉയർന്നാൽ പള്ളിയിൽ തങ്ങൾക്കാണ് ഭൂരിപക്ഷമെന്ന് കാണിച്ച് സഭാവിശ്വാസികൾക്ക് ജില്ല മജിസ്ട്രേറ്റിന് കത്ത് നൽകാം. പ്രാഥമിക അന്വേഷണം നടത്തിയശേഷം റഫറണ്ടത്തിനായി പരാതി അതോറിറ്റിക്ക് കൈമാറണം.
റഫറണ്ടം കഴിയുന്നതുവരെ പള്ളികളിൽനിന്ന് ആരെയും ഒഴിപ്പിക്കരുത്. തലയെണ്ണി ഭൂരിപക്ഷത്തെ നിശ്ചയിച്ചാലും എതിർവിഭാഗത്തിന് പള്ളിയിൽ തുടരുന്നതിന് തടസ്സം സൃഷ്ടിക്കാൻ പാടില്ല. പുതിയ പള്ളി നിർമിച്ച് ഇവർക്ക് അവിടേക്കും മാറാം. ഇങ്ങനെയുണ്ടാകുന്ന സാഹചര്യത്തിൽ പുറത്തുപോകുന്നവർക്ക് പള്ളി നിർമിക്കാനുള്ള സാമ്പത്തിക സഹായം ഭൂരിപക്ഷവിഭാഗം നൽകണമെന്നും ബില്ലിലെ വ്യവസ്ഥകളിൽ വ്യക്തമാക്കുന്നു.
2017ലെ സുപ്രീംകോടതി വിധിയനുസരിച്ച് 1934ലെ സഭാ ഭരണഘടന പ്രകാരമാണ് പള്ളികളിൽ ഭരണം നടക്കേണ്ടത്. എന്നാൽ, സഭാ ഭരണഘടന രജിസ്റ്റർ ചെയ്യപ്പെടാത്ത രേഖ ആയതിനാൽ അത് ഉപയോഗിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുെണ്ടന്ന് ബില്ല് ചൂണ്ടിക്കാട്ടുന്നു.
വിശ്വാസികൾ നൽകുന്ന പണവും സംഭാവനകളും കൊണ്ടാണ് പള്ളികളുടെ ആസ്തികളും സ്ഥലവും വാങ്ങിയത്. 2017ലെ സുപ്രീംകോടതി വിധി ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിെവക്കുകയാണെന്നും ബില്ലിൽ പറയുന്നു.
സുപ്രീംകോടതി വിധിയുെട ചുവടുപിടിച്ചാണ് കരട് ബിെല്ലന്ന് ജസ്റ്റിസ് കെ.ടി. തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു. ബില്ലിൽ തുടർനടപടി സ്വീകരിക്കേണ്ടത് സർക്കാറാണ്. നിയമപരിഷ്കരണ കമീഷൻ സ്വന്തം നിലയിലാണ് ബില്ല് തയാറാക്കിയതെന്ന് പറഞ്ഞ അദ്ദേഹം നിയമനിർമാണത്തിലൂടെ മാത്രമേ കോടതിവിധി മറികടക്കാൻ കഴിയൂെവന്ന് കോടതി വിധിയിലുണ്ടെന്നും വ്യക്തമാക്കി.
നേരേത്ത നിയമപരിഷ്കരണ കമീഷൻ നൽകിയ കരട് ബില്ലിെൻറ അടിസ്ഥാനത്തിലായിരുന്നു സർക്കാർ സെമിത്തേരി ഓര്ഡിനന്സ് കൊണ്ടുവന്നത്. തർക്കപരിഹാരത്തിന് കരട് ബില്ലിെൻറ അടിസ്ഥാനത്തിൽ സർക്കാറിന് ഇനി ഓർഡിനൻസ് ഇറക്കാം. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല.
കരട് ബിൽ തള്ളി ഓർത്തഡോക്സ് സഭ
േകാട്ടയം: മലങ്കരസഭാ തർക്കത്തിൽ നിയമപരിഷ്കരണ കമീഷൻ തയാറാക്കിയ കരട് ബിൽ തള്ളി ഓർത്തഡോക്സ് സഭ. സുപ്രീംകോടതി വിധിയെ മറികടക്കാൻ ബില്ലിലൂടെ കഴിയില്ല. സർക്കാറിെൻറ തുടർനടപടി കാക്കുകയാണ്. നിയമപരമായി നേരിടുന്നതും പരിഗണിക്കും. ബില്ലിലെ പല നിർദേശങ്ങളും യാക്കോബായ സഭക്ക് വേണ്ടിയാണെന്നും ഓർത്തഡോക്സ് സഭ വിമർശിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടത്. തർക്കത്തിന് ബില്ലിലൂടെ പരിഹാരം കാണാനാകില്ല. വിധി മറികടക്കാൻ ശ്രമിക്കരുതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സഭാ നേതൃത്വം പറഞ്ഞു.
യാക്കോബായ സഭ പ്രതിസന്ധികളെ അതിജീവിക്കും –മെത്രാപ്പോലീത്ത
തിരുവനന്തപുരം: യാക്കോബായ സഭ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും മുന്നോട്ടുള്ള പ്രയാണം പ്രത്യാശ പകരുന്നതാണെന്ന് സഭയുടെ മൈലാപ്പൂർ ഭദ്രാസനാധിപനും അഖില മലങ്കര യാക്കോബായ യൂത്ത് അസോസിയേഷൻ പ്രസിഡൻറുമായ ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത.
യാക്കോബായ സഭ സെക്രേട്ടറിയറ്റ് പടിക്കൽ നടത്തുന്ന അവകാശ സംരക്ഷണ സമരത്തിെൻറ 41ാം ദിവസത്തെയും റിലേ നിരാഹാര സത്യഗ്രഹത്തിെൻറ മൂന്നാം ദിവസത്തെയും പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ സഭക്ക് നീതി ലഭ്യമാക്കുമെന്ന് പൂർണ വിശ്വാസമുണ്ട്. യാക്കോബായ സഭയെ കരുതുന്നവരെ സഭയും കരുതുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.