മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ വാർഷിക സനദ്ദാന സമ്മേളനത്തിൽനിന്നും സ്ഥിരംപ്രഭാഷകനായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദം. വിഷയത്തിൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിക്കാൻ തയ്യാറായില്ല. ബുധനാഴ്ച രാവിലെ മലപ്പുറത്തെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ സാദിഖലി തങ്ങൾ ഇതേകുറിച്ച് അറിയില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.
സുന്നി യുവജനസംഘം സംസ്ഥാന വർക്കിംഗ് സെക്രട്ടറിയായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് വർഷങ്ങളായി ജാമിഅ നൂരിയ്യ സമ്മേളനത്തിലെ സ്ഥിരം പ്രഭാഷകനാണ്. ഇത്തവണ പ്രോഗ്രാം നോട്ടീസിൽ അദ്ദേഹത്തിന്‍റെ പേരില്ല. സത്താർ പന്തല്ലൂർ, സലാഹുദ്ദീൻ ഫൈസി
തുടങ്ങിയ നേതാക്കളേയും തഴഞ്ഞതായി ആരോപണമുണ്ട്. എസ്.വൈ.എസിന്‍റെ സംസ്ഥാന അധ്യക്ഷനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ജാമിഅയുടേയും പ്രസിഡന്‍റ്. മുസ്ലിംലീഗ് തീരുമാനപ്രകാരമാണ് അബ്ദുൽ ഹമീദ് ഫൈസി അടക്കമുള്ളവരെ മാറ്റിനിർത്തിയതെന്നാണ് ആരോപണം. സമസ്തയിലെ ഒരു വിഭാഗവും ലീഗും തമ്മിൽ കുറച്ചുകാലമായി
പല വിഷയങ്ങളിലും ഭിന്നദ്രുവങ്ങളിലാണ്. കേക്ക് മുറിക്കൽ അടക്കമുള്ള വിഷയങ്ങളിൽ സാദിഖലി തങ്ങളുമായുള്ള വിയോജിപ്പ് സമസ്ത നേതാക്കൾ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ജാമിഅയുടെ പൂർവ്വ വിദ്യാർഥികൂടിയായ അബ്ദുൽ ഹമീദ് ഫൈസിയെ മാറ്റിനിർത്തിയതിനെതിരെ ചില പോഷക സംഘടനകളിൽനിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടാണ് ജാമിഅ സമ്മേളനത്തിന്‍റെ പ്രധാന പരിപാടി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.