മനസ്സില്‍ തെരഞ്ഞെടുപ്പിന്‍െറ ആരവം, 104ാം വയസ്സിലും

ഗുരുവായൂര്‍: റോഡിലൂടെ ഒരു അനൗണ്‍സ്മെന്‍റ് വാഹനം കടന്നുപോയാലുടന്‍ കുഞ്ഞുവറീത് അകത്തേക്ക് നോക്കി നീട്ടിയൊരു വിളിയാണ് ‘‘മോളേ, വോട്ട് ആകാറായോ’’. ചോദ്യം മുന്‍ കണ്ടാണശ്ശേരി പഞ്ചായത്ത് അംഗം കൂടിയായ മരുമകള്‍ ഗ്രേസിയോടാണ്. ‘‘ഇല്ല അപ്പാ... വോട്ടിനിനി രണ്ട് കൊല്ലം കഴിയണം’’. കുഞ്ഞുവറീത് പിന്നെ വിരലില്‍ കണക്കുകൂട്ടലായി. അടുത്ത അനൗണ്‍സ്മെന്‍റ് വാഹനം കടന്നുപോകുമ്പോഴും ഈ ചോദ്യങ്ങളെല്ലാം ആവര്‍ത്തിക്കും.

104 വയസ്സ് പിന്നിട്ട കണ്ടാണശ്ശേരി ആളൂര്‍ കാക്കശ്ശേരി കുഞ്ഞുവറീതിന് വോട്ടെന്നുകേട്ടാല്‍ ഇപ്പോഴും കന്നി വോട്ടിന്‍െറ ആവേശമാണ്. സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത ചരിത്രമുണ്ട് 104കാരന്. 1911 ഏപ്രില്‍ 11നായിരുന്നു ജനനം. ആദ്യ കുര്‍ബാന സ്വീകരണം, വിവാഹം എന്നിവ പോലെ ആദ്യ വോട്ടും ജീവിതത്തിലെ നാഴികക്കല്ലുകളായി അടയാളപ്പെടുത്തിയിരിക്കുകയാണ് കുഞ്ഞുവറീത്. ആദ്യവോട്ട് ചെയ്ത തീയതിയെ കുറിച്ചും ആര്‍ക്കാണ് ചെയ്തത് എന്നതിനെ കുറിച്ചും ഇപ്പോള്‍ അത്ര വ്യക്തത പോരെങ്കിലും ഒരു കാര്യം അടിവരയിട്ടു പറയും. ചെയ്ത വോട്ടെല്ലാം കോണ്‍ഗ്രസിനായിരുന്നു. ഒരിക്കല്‍ മാത്രം മാറി ചെയ്തു. അത് മന$പൂര്‍വമായിരുന്നു. ‘‘എന്‍െറ സ്നേഹിതന്‍ വേലപ്പു വോട്ടിനുനിന്നാല്‍ പിന്നെന്താ ചെയ്യാ?; അവന്‍ ഇടതായിരുന്നു. അവനൊരു വോട്ട് കൊടുത്തു. ജയിക്കുകയും ചെയ്തു’’. പഞ്ചായത്ത് തെരഞ്ഞെടുപ്പിലായിരുന്നു ആ സംഭവം. പിന്നെ ചെയ്തതെല്ലാം കോണ്‍ഗ്രസിന്‍െറ ചിഹ്നങ്ങളില്‍ മാത്രമായിരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ വോട്ടിങ് രീതികളില്‍ വന്ന മാറ്റങ്ങള്‍ക്കെല്ലാം കുഞ്ഞുവറീത് സാക്ഷിയായി. ആദ്യം സ്ഥാനാര്‍ഥികള്‍ക്ക് വ്യത്യസ്ത പെട്ടികളായിരുന്നു. കോണ്‍ഗ്രസിന്‍േറത് കാളപ്പെട്ടിയായിരുന്നു. പിന്നെ ബാലറ്റ് പേപ്പര്‍ വന്നു. ഇപ്പോള്‍ വോട്ടിങ് യന്ത്രവും. കോണ്‍ഗ്രസിന്‍െറ ചിഹ്നങ്ങളും മാറി. പൂട്ടിയ കാള മാറി പശുവും കിടാവുമായി. പിന്നെ കൈപ്പത്തിയും. തെരഞ്ഞെടുപ്പ് ലോക്സഭയായാലും നിയമസഭയായാലും പഞ്ചായത്ത് ആയാലും സഹകരണ സംഘമായാലും കുഞ്ഞുവറീത് വോട്ട് മുടക്കില്ല. ഇപ്പോഴത്തെ പോളിങ് സ്റ്റേഷനായ ആളൂര്‍ സെന്‍റ് ജോസഫ്സ് സ്കൂളിലത്തെണമെങ്കില്‍ കുറച്ച് പടിക്കെട്ടുകള്‍ കയറണം. വോട്ടിന്‍െറ ആവേശത്തില്‍ ആ കടമ്പകളൊക്കെ മറികടക്കും.

ഭാര്യ കുഞ്ഞിലയുള്ളപ്പോള്‍ അവരോടൊപ്പമാണ് വോട്ട് ചെയ്യാന്‍ പോയിരുന്നത്. കുഞ്ഞില 16 വര്‍ഷം മുമ്പ് മരിച്ചു. ഇപ്പോള്‍ മക്കളാണ് കൂട്ടിന്. മകന്‍ ജോസഫിന്‍െറ ഭാര്യ ഗ്രേസി കണ്ടാണശ്ശേരി പഞ്ചായത്ത് അംഗമായിട്ടുണ്ട്. മറ്റൊരു മകന്‍ ഐപ്പ് വീടിനടുത്തുതന്നെയാണ് താമസം. ഏക മകള്‍ ആനി ബംഗളൂരുവിലാണ്. പ്രായം 104 പിന്നിട്ടെങ്കിലും താന്‍ ആരോഗ്യവാനാണെന്ന് കുഞ്ഞുവറീത് പറയുന്നു. രണ്ടുവര്‍ഷം മുമ്പുവരെ വീടിന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കേച്ചേരിയില്‍ പോയി കശുവണ്ടി വിറ്റിരുന്നു. ഇപ്പോഴും അടുത്തുള്ള സ്ഥലങ്ങളിലൊക്കെ പോകാറുണ്ട്. പത്രവായനക്കും മുടക്കമില്ല. കണ്ണട വെക്കാതെയാണ് വായന. കേള്‍വിക്കുറവുണ്ടെന്ന് മാത്രം. യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഇപ്പോഴും ഇഷ്ടമാണ്. അടുത്ത തെരഞ്ഞെടുപ്പിന്‍െറ ആരവം കാതോര്‍ത്തിരിക്കുകയാണ് കുഞ്ഞുവറീതിപ്പോള്‍.

 

Tags:    
News Summary - jan 25 polling day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.