പത്തനംതിട്ട: കുമ്പഴ മനയത്ത് വീട്ടിൽ ജാനകിയെ (92) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ജില്ല പൊലീസ് മേധാവി കെ.ജി. സൈമണിന് വ്യാഴാഴ്ച പരാതി നൽകും.
എന്തിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് അറിയണമെന്ന് മകൻ അജയഘോഷ് പറഞ്ഞു. വീട്ടിൽനിന്ന് പണം നഷടപ്പെട്ടിട്ടില്ല. അമ്മക്ക് ചെറിയ ഒാർമക്കുറവുള്ളതിനാൽ ആഭരണങ്ങൾ ധരിപ്പിക്കാറില്ല. വീട്ടുവേലക്ക് നിയോഗിച്ചിരുന്ന ഭൂപതിയുടെ കൈയിലാണ് ചെലവിനുള്ള പണവും നൽകിയിരുന്നത്. അവരെ വിശ്വാസമായിരുന്നു. അമ്മയെ ഭൂപതി നല്ലനിലയിലാണ് നോക്കിയിരുന്നത്. പ്രതി മയിൽസ്വാമിയുമായി ഞങ്ങൾക്ക് ബന്ധമില്ല.
അയാളെ ഒപ്പം കൂട്ടിയത് ബന്ധുവായ ഭൂപതിയാണ്. വീട്ടുജോലിക്ക് ഭൂപതിയെ സഹായിച്ചിരുന്നതുകൊണ്ട് ഞങ്ങൾ അയാളെ അവിടെ താമസിപ്പിക്കുന്നതിന് എതിരല്ലായിരുന്നു. പിന്നെ എന്തിന് അയാൾ അമ്മയെ കൊലപ്പെടുത്തിയെന്ന് ഞങ്ങൾക്ക് അറിയണം. മയിൽസ്വാമിക്ക് മാനസിക പ്രശ്നങ്ങൾ എന്തെങ്കിലും ഉള്ളതായി അറിവില്ലെന്നും അജയഘോഷ് പറഞ്ഞു.
ജാനകിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കുമ്പഴയിലെ വീട്ടുവളപ്പിൽ ബുധനാഴ്ച വൈകീട്ട് സംസ്കരിച്ചു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നാണ് ജാനകി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന.
പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകും
പത്തനംതിട്ട: ജാനകിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മയിൽസ്വാമിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകും. കൊലപാതകത്തിെൻറ കാരണം അറിയാൻ മയിൽസ്വാമിയെ കസ്റ്റഡിയിലെടുക്കണം.
മയിൽസ്വാമിയുടെ പേരിൽ കാണപ്പെട്ട കത്തുകൾ ഇയാളുടേത് തന്നെയാണോ എന്നറിയാൻ ശാസ്ത്രീയ പരിശോധന നടത്തും.കത്തിൽ പരാമർശിക്കുന്ന ഭൂപതി, മകൾ, ഒാട്ടോ ഡ്രൈവർ എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.