കൊച്ചി: ആദിവാസികൾക്കായി നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിക്കായി 2019-20 കാലയളവിൽ പട്ടികവർഗ വകുപ്പ് ചെലവഴിച്ച 16.50 കോടിക്ക് രേഖയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2019 മേയ് ഒന്ന് മുതൽ 2021 െഫബ്രുവരി 28വരെയാണ് പട്ടികവർഗ ഡയറക്ടറേറ്റിൽ പരിശോധന നടത്തിയത്. അട്ടപ്പാടിയിലെ കുട്ടിമരണം മാധ്യമ വാർത്തയായതോടെയാണ് ആദിവാസി വിഭാഗത്തിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള ഈ പദ്ധതി സർക്കാർ 2013ൽ പ്രഖ്യാപിച്ചത്.
18 മാസംവരെ ഇത്തരത്തിൽ സാമ്പത്തികസഹായം നൽകാനായിരുന്നു ഉത്തരവ്. ഗർഭിണികളുടെയും അമ്മമാരുടെയും ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് അവർക്ക് സ്വന്തമായി പോഷകാഹാരം വാങ്ങിക്കഴിക്കാൻ പ്രതിമാസം സാമ്പത്തിക സഹായം നൽകുന്നതാണ് ജനനി ജന്മരക്ഷ. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ പ്രതിമാസ ധനസഹായം1000 രൂപയാണ് നിശ്ചയിച്ചത്. അഞ്ചുവർഷത്തിനുശേഷമാണ് തുക 2000 രൂപയായി വർധിപ്പിച്ച് പട്ടികവർഗ വികസന വകുപ്പ് 2018 ജൂലൈ 23ന് ഉത്തരവിറക്കി.
ജനനി ജന്മരക്ഷ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാനുള്ള വ്യവസ്ഥകളും ഇടതു സർക്കാർ പുതുതായി ആവിഷ്കരിച്ചുവെന്നാണ് മുൻ മന്ത്രി എ.കെ. ബാലൻ അവകാശപ്പെട്ടത്. സാമ്പത്തിക സഹായം എല്ലാമാസവും കൃത്യമായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കണം.
വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനുള്ള ചുമതല പട്ടികവർഗ വികസന ഡയറക്ടർക്കായിരിക്കും. ഗുണഭോക്താക്കളിൽ പദ്ധതിയുടെ വിവരവും ആനുകൂല്യവും യഥാസമയം എത്തിയെന്ന് ഉറപ്പിക്കാൻ തുടർച്ചയായ നിരീക്ഷണം നടത്തും.
ഇതിനായി വകുപ്പുതലത്തിൽ ഉന്നത ഉദ്യോഗസ്ഥന് ചുമതല നൽകുമെന്നും എ.കെ. ബാലൻ പ്രഖ്യാപിച്ചിരുന്നു. അതെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പദ്ധതിയുടെ തുടർച്ചയായ നിരീക്ഷണത്തിനായി ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.