തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫിനൊപ്പവും കർണാടകയിൽ ബി.ജെ.പിക്കൊപ്പവും നിൽക്കുക എന്ന പ്രത്യേക രാഷ്ട്രീയ നിലപാടിൽ ജനതാദൾ (സെക്കുലർ). രാഷ്ട്രീയ കുരുക്കിൽപെട്ട കേരളഘടകം നടത്തിയ അതിവേഗ രാഷ്ട്രീയ ഇടപെടലാണ് ദൾ നേതൃത്വത്തിന്റെ എൽ.ഡി.എഫിലെ സ്ഥാനത്തിനുനേരെ ഉയർന്നേക്കാവുന്ന ഭീഷണിയെ അകറ്റിയത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ എച്ച്.ഡി. ദേവഗൗഡയുടെയും മകൻ എച്ച്.ഡി. കുമാരസ്വാമിയുടെയും 'ഹിന്ദുത്വ' രാഷ്ട്രീയ താൽപര്യങ്ങളെ പാട്ടിനുവിട്ട് യശ്വന്ത് സിൻഹയെ പിന്തുണക്കാൻ കേരള ഘടകം തീരുമാനിക്കുകയായിരുന്നു. ജെ.ഡി.എസിന്റെ മതേതര നിലപാടിൽ സംശയം പ്രകടിപ്പിച്ച് ലയനചർച്ചയിൽനിന്ന് പിന്നാക്കം പോയ എൽ.ജെ.ഡി മാറിയ സാഹചര്യത്തിൽ തുടർചർച്ചകളിലേക്ക് കടക്കാനും തീരുമാനിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവിൽ എത്തിയ മാത്യു ടി. തോമസ്, മന്ത്രി കെ. കൃഷ്ണൻകുട്ടി, സി.കെ. നാണു, എ. നീലലോഹിത ദാസൻ എന്നിവർ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയെ കണ്ട് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സാഹചര്യം വിശദീകരിച്ചു. ബി.ജെ.പി നിർദേശിച്ച ദ്രൗപദി മുർമുവിനെ പിന്തുണക്കാൻ സംസ്ഥാന ഘടകം തീരുമാനിച്ചതായി മുൻ മുഖ്യമന്ത്രി കുമാരസ്വാമി പ്രസ്താവിച്ചിരുന്നു. കേരളത്തിൽ ഇടതു മന്ത്രിസഭയിൽ പങ്കാളിയാണ് ജെ.ഡി.എസ്. ഈ നിലയിൽ കർണാടകത്തിൽ സ്വീകരിച്ച നിലപാടിനൊപ്പം നിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് നേതാക്കൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.