കോഴിക്കോട്: ഫാഷിസത്തിനും വർഗീയതക്കുമെതിരെ ചെറുത്തുനിൽപുയർത്തി സാഹോദര്യ സംഗമം. മുസ്ലിം ദലിത് വേട്ടക്കും വർഗീയ ഭീകരതക്കുമെതിരെ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് അരയിടത്തുപാലം ഗ്രൗണ്ടിൽ സംഘടിപ്പിച്ച സാഹോദര്യ സംഗമത്തിൽ രാജ്യത്തെ അരക്ഷിതാവസ്ഥയിലാക്കുന്ന വർഗീയവത്കരണത്തിനെതിരെ െഎക്യനിര ഉണ്ടാകണമെന്ന് ആഹ്വാനമുയർന്നു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് വിഡിയോ കോൺഫറൻസിലൂടെ സം ഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വർധിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ തടയുന്നതിന് നിയമനിർമാണം ആവശ്യമാണെന്ന് അവർ പറഞ്ഞു. ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിലാണ് ആൾക്കൂട്ടങ്ങൾ അക്രമം കാട്ടുന്നത്. ഭരണകൂട ഒത്താശയും പ്രത്യയശാസ്ത്ര പിൻബലവും അവർക്കുണ്ട്. മനുഷ്യനെക്കാൾ പശുവിന് പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമനിർമാണം അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.
സംഘ്പരിവാറിെൻറ വർഗീയ ധ്രുവീകരണം രാജ്യത്തെ അരാജകത്വത്തിലേക്കാണ് നയിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് പറഞ്ഞു. ആഭ്യന്തര കാലുഷ്യങ്ങൾ തകർത്തെറിഞ്ഞ രാജ്യങ്ങളെപ്പോലെ നമ്മുടെ രാജ്യം മാറാതിരിക്കാൻ അതിജാഗ്രത ആവശ്യമാണ്. എത്ര പ്രകോപന സാഹചര്യമുണ്ടായാലും വർഗീയ ധ്രുവീകരണത്തിെൻറ വഴികൾ തെരഞ്ഞെടുക്കാതെ മാനവികമായ കരുത്തോടെ ഫാഷിസത്തെ പ്രതിരോധിക്കാൻ അഭിപ്രായഭിന്നതകൾ മറന്ന് ഒന്നിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അസമത്വവും ദാരിദ്ര്യവുമാണെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോഴത് അസഹിഷ്ണുതയായി മാറിയിരിക്കയാണെന്ന് ചരിത്രകാരൻ എം.ജി.എസ്. നാരായണൻ പറഞ്ഞു. ദലിതരെയും മുസ്ലിംകളെയുമൊക്കെ എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് അകറ്റിനിർത്തി ആക്രമിക്കുന്ന പ്രവണത രാജ്യത്ത് വർധിക്കുന്നു. ജനാധിപത്യത്തിലൂടെയാണ് പലപ്പോഴും സ്വേച്ഛാധിപതികൾ ഉയരുന്നത്. വൈവിധ്യങ്ങളുടെ രാജ്യത്ത് ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അനുവദിച്ചുകൂടെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്ക് ഏറ്റ പരാജയമാണ് മോദിയെയും കാത്തിരിക്കുന്നതെന്ന് എം.െഎ. ഷാനവാസ് എം.പി പറഞ്ഞു. സംഘ്പരിവാറിെൻറ ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ചാലും പ്രതിരോധിക്കാത്ത മുസ്ലിംകളെയാണ് ഭീകരവാദികളായി ചിലർ മുദ്രകുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോരക്ഷയുടെ കാലത്തെ മുസ്ലിം വേട്ടക്കും ആർ.എസ്.എസ് അജണ്ടകൾക്കുമെതിരെ െഎക്യത്തോടെ പൊരുതണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രാണൻ പകുത്തുനൽകി നേടിയെടുത്ത സ്വാതന്ത്ര്യം ആർ.എസ്.എസ് കാര്യാലയത്തിന് മുന്നിൽ അടിയറവെക്കില്ലെന്ന് പ്രഖ്യാപിക്കാൻ നമുക്കാവണമെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ഭീതിദമായ സാഹചര്യത്തിൽ ഒന്നിച്ചുനിൽക്കേണ്ട സമയത്ത് െചറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ അനൈക്യപ്പെടുന്നത് വേദനജനകമാണെന്ന് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.
മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ബാലചന്ദ്രൻ വടക്കേടത്ത്, കെ.പി. രാമനുണ്ണി, ഹമീദ് വാണിയമ്പലം, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, കെ. അംബുജാക്ഷൻ, കെ.കെ. കൊച്ച്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കൽപറ്റ നാരായണൻ, പി.കെ. പാറക്കടവ്, സി.ടി. സക്കീർ ഹുസൈൻ, മുജീബുറഹ്മാൻ കിനാലൂർ, എ.പി. അബ്ദുൽ വഹാബ്, പി.എ. പൗരൻ, സി.കെ. അബ്ദുൽ അസീസ്, മണമ്പൂർ രാജൻബാബു, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, േഗ്രാ വാസു, എൻജിനീയർ മമ്മദ്കോയ, ടി.കെ. അശ്റഫ്, ശൈഖ് മുഹമ്മദ് കാരകുന്ന്, എ. റഹ്മത്തുന്നിസ, പി.എം. സ്വാലിഹ്, സി.ടി. സുഹൈബ്, അഫീദ അഹമ്മദ് എന്നിവർ സംസാരിച്ചു. ജമാഅത്ത് ജന. സെക്രട്ടറി എം.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.