മാവോ വേട്ട: സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ സന്നദ്ധമാവണം –ജമാഅത്തെ ഇസ് ലാമി

കോഴിക്കോട്: മാവോവാദി വേട്ടയുടെ പേരില്‍ നിലമ്പൂര്‍ വനത്തില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ പൊലീസ് നടപടിയെ കുറിച്ച് സമഗ്രാന്വേഷണം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.

20 മിനിറ്റോളം പരസ്പരം വെടിവെപ്പ് നടന്നിട്ടും പൊലീസ് സേനയില്‍ ഒരാള്‍ക്ക് പോലും പരിക്കേറ്റില്ളെന്നതും ചട്ടങ്ങള്‍ പാലിക്കാതെ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് പൊലീസ് ധൃതികാണിച്ചതും പൊതുസമൂഹത്തില്‍ പൊലീസ് നടപടിയെ കുറിച്ച് സംശയമുണര്‍ത്തിയിട്ടുണ്ട്.

സംഭവസ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെയും അയല്‍ സംസ്ഥാനങ്ങളിലെ പൊലീസിനെയും കടത്തിവിടാതിരുന്നതും സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സമഗ്രാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം.

രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയാണ് നിലമ്പൂരിലും സംഭവിച്ചതെങ്കില്‍ പൗരജീവിതത്തെ അപകടപ്പെടുത്തുന്നതാണ് പൊലീസ് നടപടി.

സംഭവത്തെ കുറിച്ച് ആഭ്യന്തര വകുപ്പിന്‍െറ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. മാവോവാദി ഭീഷണിയുടെ മറവില്‍ കടുത്ത നിയമങ്ങള്‍ പ്രദേശത്ത് അടിച്ചേല്‍പിക്കാനുള്ള ആസൂത്രണത്തിന്‍െറ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം.ഐ. അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.

മുണ്ടൂര്‍ രാവുണ്ണിക്കുമേല്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണം  –സോളിഡാരിറ്റി

കോഴിക്കോട്: മുണ്ടൂര്‍ രാവുണ്ണിക്കുമേല്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു.

യു.എ.പി.എ തങ്ങളുടെ നയമല്ല എന്ന് പ്രഖ്യാപിക്കുകയും അടിക്കടി നിസ്സാര കാരണങ്ങള്‍ പറഞ്ഞ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മേലും മറ്റും ഭീകരനിയമം ചാര്‍ത്തുകയും ചെയ്യുന്ന പിണറായി സര്‍ക്കാറിന്‍െറ നിലപാടിനെതിരെ പൊതുസമൂഹത്തിന്‍െറ ശക്തമായ പ്രതികരണം ഉയര്‍ന്നുവരണം. നിലമ്പൂരിലെ മാവോവാദി ഏറ്റുമുട്ടല്‍ കൊല വ്യാജമാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ അറസ്റ്റ് നടന്നത്.

ഭരണകൂടത്തിന്‍െറ ചെയ്തികളെ എതിര്‍ക്കുന്നവരെ യു.എ.പി.എ ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള സര്‍ക്കാറിന്‍െറ ശ്രമത്തിന്‍െറ ഭാഗമാണ് ഈ അറസ്റ്റ് എന്ന് ന്യായമായും സംശയിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - jih

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.