കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ എന്ന് വിചാരണ തുടങ്ങുമെന്ന് ജനുവരി 27ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ച കേസ് പരിഗണിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, വിചാരണ നടപടി തുടങ്ങാനായി മാറ്റിവെച്ചു. 27ന് കേസ് പരിഗണിക്കുമ്പോള്‍ നേരത്തേ സമന്‍സയച്ച സാക്ഷികള്‍ക്ക് വീണ്ടും സമന്‍സയക്കുമെന്നാണ് വിവരം.
ആകെ 195 സാക്ഷികളെയാണ് വിസ്തരിക്കാന്‍ തീരുമാനിച്ചത്. പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെതിരെ നേരത്തേ കോടതി കുറ്റം ചുമത്തിയിരുന്നു. ഏപ്രില്‍ 28ന് വൈകുന്നേരം 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചുകയറി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം.
ഇതിനുപുറമെ അതിക്രമിച്ച് കടക്കല്‍, വീട്ടില്‍ അന്യായമായി തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍, ദലിത് പീഡന നിരോധനനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് പ്രതി വിചാരണനേരിടുന്നത്. സാക്ഷികളായി വിസ്തരിക്കുന്ന 195 പേരില്‍ 50ലേറെ പേര്‍ അസം, ബംഗാള്‍ സ്വദേശികളാണ്.
വീട്ടില്‍ മറ്റാരുമില്ളെന്നറിഞ്ഞ് അതിക്രമിച്ചുകടന്ന പ്രതി ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിലെ വൈരാഗ്യത്താല്‍ കൈയില്‍ കരുതിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍െറ കണ്ടത്തെല്‍. ആക്രമണം ശ്രദ്ധനേടാതിരുന്ന ആദ്യ ദിവസങ്ങളില്‍ തലക്കടിയേറ്റ് മരിച്ചനിലയില്‍ നിയമവിദ്യാര്‍ഥിനിയെ കണ്ടത്തെിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
എന്നാല്‍, ഇതിനിടെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതും ധിറുതിപിടിച്ച് രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തിയതും വിവാദമാവുകയായിരുന്നു. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16നാണ് പ്രതിയെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.