തിരുവില്വാമല (തൃശൂര്‍): പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം എ.എസ്.പി കിരണ്‍ നാരായണന്‍െറ നേതൃത്വത്തില്‍ കോളജില്‍ തെളിവെടുപ്പ് തുടങ്ങി. പരീക്ഷാ ഹാളിലുണ്ടായിരുന്ന 30 വിദ്യാര്‍ഥികളില്‍നിന്ന് പ്രത്യേകം മൊഴി ശേഖരിച്ചുവരികയാണ്. പരീക്ഷ ഇല്ലാത്തതിനാല്‍ പല വിദ്യാര്‍ഥികളും വീട്ടിലാണ്. ഫോണില്‍ ബന്ധപ്പെട്ട് ഇവരില്‍നിന്ന് വിവരം ശേഖരിച്ചു. ജിഷ്ണു പ്രണോയ് കോപ്പിയടിച്ചുവെന്നാരോപിച്ച് വിളിച്ചുകൊണ്ടുപോയ വൈസ് പ്രിന്‍സിപ്പലിന്‍െറ മുറിയിലും പരിസരത്തും സി.സി.ടി.വി പ്രവര്‍ത്തിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടില്ല.
അതേസമയം, ജിഷ്ണുവിന്‍െറ മരണത്തെ പൊലീസ് ലാഘവത്തോടെയാണ് കാണുന്നതെന്ന് സഹപാഠികള്‍ കുറ്റപ്പെടുത്തി. പഴയന്നൂര്‍ പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട് അതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. മാനേജ്മെന്‍റിന് അനുകൂല സമീപനം വെച്ചാണ് എഫ്.ഐ.ആര്‍ തയാറാക്കിയതെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം.
ജിഷ്ണുവിന്‍െറ ക്ളാസില്‍ പഠിക്കുന്ന പാലക്കാട് എടത്തനാട്ടുകര സ്വദേശി അമലിന്‍െറ മൊഴി അടിസ്ഥാനമാക്കിയാണ് പഴയന്നൂര്‍ എസ്.ഐ ജനശേഖരന്‍ ഈമാസം ആറിന് എഫ്.ഐ.ആര്‍ തയാറാക്കിയത്. കോപ്പിയടിച്ചത് കണ്ടുപിടിച്ചതിലുള്ള മനോവിഷമത്താല്‍ സ്വയം മരിക്കണമെന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയുമാണ് സംഭവമെന്ന് മൊഴി തന്നുവെന്നാണ് എഫ്.ഐ.ആറില്‍. കോപ്പിയടി പിടിച്ചതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തുവെന്ന മാനേജ്മെന്‍റ് വാദത്തെ സാധൂകരിക്കുന്നതിനാണ് ഇതത്രേ. സംഭവിച്ച കാര്യങ്ങള്‍ കാമ്പസില്‍ പറയപ്പെട്ടിട്ടും പൊലീസ് അതിവേഗം നിഗമനത്തില്‍ എത്തിയെന്നാണ് സഹപാഠികള്‍ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.