നാദാപുരം: പാമ്പാടിനെ നെഹ്റു കോളജിൽ മരിച്ച വളയത്തെ ജിഷ്ണു പ്രണോയിയുടെ ഓർമകൾക്ക ് നാളേക്ക് രണ്ടു വയസ്സ് തികയുന്നു. നെഹ്റു കോളജ് ഹോസ്റ്റൽ മുറിയിൽ 2017 ജനുവരി ആറിനാണ് ദുരൂഹ സാഹചര്യത്തിൽ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണുവിനെ മരിച്ചനിലയിൽ കണ്ടത്. സംസ്ഥാന സർക്കാറിനെ പിടിച്ചുലച്ച സംഭവം ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രത്യേക അന്വേഷണ സംഘവും ക്രെംബ്രാഞ്ചും അന്വേഷിച്ചെങ്കിലും വിവാദങ്ങളുടെ പെരുമഴയായിരുന്നു. സുപ്രീംകോടതി സി.ബി.ഐക്ക് അന്വേഷണം വിട്ടതോടെ വിവാദങ്ങൾ കെട്ടടങ്ങിയെങ്കിലും ജിഷ്ണുവിെൻറ വിയോഗത്തിന് രണ്ടുവർഷം തികയുമ്പോഴും സി.ബി.ഐ ഇരുട്ടിൽ തപ്പുകയാണ്.
കേസിൽ പ്രധാന പ്രതിയായ നെഹ്റു ഗ്രൂപ് ചെയർമാൻ കൃഷ്ണദാസ് സംസ്ഥാനത്ത് പ്രവേശിക്കുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു. ഒന്നര വർഷത്തിനുശേഷം കർശന ഉപാധികളോടെ പ്രവേശന അനുമതി നൽകി. പ്രധാന സാക്ഷികളായ വിദ്യാർഥികളെ പരീക്ഷകളിൽ തോൽപിച്ചും ഭീഷണിപ്പെടുത്തിയും മാനേജ്മെൻറ് കേസിൽനിന്ന് രക്ഷപ്പെടാൻ കളമൊരുക്കുന്നതായി ആരോപിച്ച് കുടുംബം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ കൃഷ്ണദാസ് സംസ്ഥാനത്ത് തങ്ങുന്നത് വിലക്കാൻ സർക്കാർ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുടുംബം ആവശ്യപ്പെടും. ജിഷ്ണുവിെൻറ വിയോഗം സി.പി.എം ആചരിക്കുന്നുണ്ട്. ഒപ്പം പ്രദേശത്തെ ക്ലബുകളും സ്മരണ പുതുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.