മാവേലിക്കര: ജോലി വാഗ്ദാനം ചെയ്ത് 10 കോടിയിലധികം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി. വിനീഷ് രാജൻ (32) മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചത് ആദ്യ കേസിലെ പരാതിയുടെ വിവരങ്ങൾ ചോർന്ന് കിട്ടിയതിന് പിന്നാലെയെന്ന് വിവരം. മാവേലിക്കരയിൽ മുമ്പ് ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥനിൽനിന്നാണ് വിവരം ചോർന്നതെന്നാണ് സംശയം.
ദേവസ്വം ബോർഡിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രതികളുടെ പൊലീസ് ബന്ധം വെളിവാക്കുന്ന വിവരങ്ങൾ കണ്ടെത്തിയത് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലാണ്. ആഗസ്റ്റ് പകുതിയോടെ ആദ്യ പരാതി ലഭിച്ചപ്പോൾ കേസെടുത്തതിന് പിന്നാലെ പരാതിക്കാരുടെ മൊഴിപ്പകർപ്പ് വിനീഷിന് ലഭിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് വിനീഷ് ആലപ്പുഴ ജില്ല കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.
ആഗസ്റ്റ് 24ന് വിനീഷിന്റെ കടവൂർകുളങ്ങരയിലെ സ്ഥാപനത്തിലും വാടക ഫ്ലാറ്റിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന ഉത്തരവായിരുന്നു കാരണം. അതിനിടെ പരാതിക്കാരിൽ ചിലരെ സ്വാധീനിച്ച് പരാതി നൽകുന്നത് തടയാനും വിനീഷ് ശ്രമിച്ചതായി പൊലീസ് പറയുന്നു.
കോടതിയിൽ കീഴടങ്ങുന്നതിന് മുമ്പ് വിനീഷ് തെളിവുകൾ നശിപ്പിച്ചതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അനധികൃതമായി മദ്യവും ലഹരിമരുന്നും സൂക്ഷിച്ചതിനും വ്യാജരേഖ ചമച്ചതിനും വിനീഷിനെതിരെ കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിച്ച സമയത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഉപയോഗിച്ചിരുന്ന ഒരു മൊബൈൽ ഫോൺ കൂടി അന്വേഷണ സംഘത്തിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.