ജോജു ഗുണ്ടയെ പോലെ പെരുമാറി, നടപടിയില്ലെങ്കിൽ വ്യാപക പ്രതിഷേധം -കെ. സുധാകരൻ

തിരുവനന്തപുരം: കൊച്ചിയിൽ കോൺഗ്രസ്​ റോഡ്​ ഉപരോധത്തിനിടെ പ്രതികരിച്ച ജോജു ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഒരു ഗുണ്ടയെ പോലെയാണ് നടൻ പെരുമാറിയതെന്നും ജോജുവിനെതിരെ നടപടിയെടുത്തേ തീരുവെന്നും സുധാകരൻ പറഞ്ഞു. മഹിളാ കോൺഗ്രസ്​ പ്രവർത്തകരുടെ പരാതിയിൽ നടപടി ഇല്ലെങ്കിൽ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അരമണിക്കൂറിൽ ഏറെനേരം ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്‍റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജു പ്രതിഷേധിച്ചത്​. സമരംമൂലം ദേശീയ പാതയിൽ വൻ ഗതാഗത തടസമാണ് ഉണ്ടായത്. ഈ സമയത്താണ്​ നടൻ കാറോടിച്ച്​ വന്നത്​.

ഗതാഗത കുരുക്കില്‍പ്പെട്ട ജോജു വാഹനത്തില്‍ നിന്നിറങ്ങി സമരക്കാരോട് കയർക്കുകയായിരുന്നു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. 'രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവർധിപ്പിക്കുന്നതിൽ കഷ്ടപ്പെടുന്നുണ്ട്​. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണം. എന്നാൽ, ഇതല്ല അതിനുള്ള വഴി' - ജോജു പറഞ്ഞു. സമരക്കാർ വളഞ്ഞതോടെ നടനെ കാറിലിരുത്തി സി.ഐയാണ്​​ വാഹനം​ ​ഓടിച്ച് പൊലീസ്​ സ്​റ്റേഷനിലേക്ക്​ പോയത്​.

അര മണിക്കൂർ ഉപരോധിക്കും എന്നായിരുന്നു കോൺഗ്രസ്​ നേതാക്കൾ അറിയിച്ചിരുന്നതെന്ന്​ എറണാകുളം ഡി.സി.പി ഐശ്വര്യ ഡോംഗ്രെ അറിയിച്ചു. സമരം അതിലേറെ നീണ്ടുപോയതായാണ്​ ഗതാഗതക്കുരുക്ക്​ രൂക്ഷമാക്കിയത്​. അതേസമയം, സമരം മുന്നിൽ കണ്ട്​ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ജോജു മദ്യപിച്ചിരുന്നതായി ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ്​ ഷിയാസ്​ അരോപിച്ചു. സമരത്തിലുണ്ടായിരുന്ന സ്​ത്രീകളെ ​​ജോജു അധിക്ഷേപിച്ചതായി മഹിളാ കോൺഗ്രസും പൊലീസിൽ പരാതി നൽകി. അതേസമയം, കാറിന്‍റെ ചില്ല്​ തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരെ പൊലീസ്​ കേസെടുത്തു.

Tags:    
News Summary - Joju behaved like a goon says kpcc president K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.