കൊച്ചി: എത്രയോ കാലമായി സിനിമയിലുള്ള തനിക്ക് ഇതുവരെ ഒരുതരത്തിലുള്ള മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് നടി ജോമോൾ. അമ്മയുടെ എക്സിക്യുട്ടീവ് അംഗമാണ് ജോമോൾ. തന്നോട് ഇതുവതെ ആരും മോശമായി സംസാരിച്ചിട്ടില്ലെന്നും വാതിലിൽ മുട്ടിയിട്ടില്ലെന്നും ജോമോൾ പറഞ്ഞു.
എത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു. ഇന്നേവരെ ഒരുതരത്തിലുള്ള മോശം അനുഭവവും ഉണ്ടായിട്ടില്ല. നിങ്ങൾ പറയുന്നതുപോലെ ആരും കതകിൽ വന്ന് മുട്ടിയിട്ടില്ല. അല്ലെങ്കിൽ സഹകരിച്ചാൽ മാത്രമേ അഭിനയിക്കാൻ അവസരമുള്ളൂവെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നും ജോമോൾ പ്രതികരിച്ചു.
പ്രമുഖ നടിയെ സിനിമയിൽ നിന്നും മാറ്റി നിർത്തിയെന്ന് പറഞ്ഞു. സിനിമയിൽ ഇപ്പോഴും അവർ അഭിനയിക്കുന്നുണ്ട്. ഒരു സംവിധായകന്റേയോ എഴുത്തുകാരന്റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാൻ കഴിയില്ല. അതിൽ ഇടപെടാനാവില്ല. ഇത്തരം മോശപ്പെട്ട അനുഭവങ്ങൾ ഉള്ളവർ പരാതിയുമായി വന്നാൽ അവർക്കൊപ്പം നിൽക്കും. മലയാള സിനിമാ മേഖലയെക്കുറിച്ചുള്ള ആരോപണങ്ങൾ പത്രത്തിൽ വന്നത് മാത്രമാണ് കേട്ടിട്ടുള്ളത്. അല്ലാതെ പരാതിയുമായി ആരും വന്നിട്ടില്ലെന്നും ജോമോൾ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും റിപ്പോർട്ട് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ് പ്രതികരിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിൽ അമ്മ ഇതുവരെ എതിർപ്പറിയിച്ചിട്ടില്ലെന്നും റിപ്പോർട്ട് അമ്മക്കെതിരല്ലെന്നും റിപ്പോർട്ട് അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നതല്ലെന്നും സിദ്ദീഖ് വ്യക്കതമാക്കി. വർഷങ്ങളായി സിനിമാ രംഗത്തു പ്രവർത്തിക്കുന്ന ഒരാളാണ് താനെന്നും പവർ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.