ബിനുവിന് മറുപടിയുമായി ജോസ് കെ. മാണി: ‘എന്തുവേണമെങ്കിലും പറയാം; നഗരസഭ സ്ഥാനാർഥി നിര്‍ണയത്തില്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ല’

കോഴിക്കോട്: പാലാ നഗരസഭാദ്ധ്യക്ഷ പദവി സംബന്ധിച്ച് തനിക്കെതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ട സി.പി.എം നേതാവ് ബിനു പുളിക്കക്കണ്ടത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ മാണി. ‘നഗരസഭാ അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ല. ബിനുവിന് എന്തുവേണമെങ്കിലും പറയാം. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മറുപടി നല്‍കാനില്ല. സ്ഥാനാര്‍ത്ഥി ആരായാലും വോട്ട് ചെയ്യുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു’ -ജോസ് കെ മാണി പറഞ്ഞു.

ബിനു പുളിക്കകണ്ടത്തിന്റെ ആരോപണങ്ങള്‍ക്ക് സി.പി.എം മറുപടി നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ചെയര്‍മാനെ തീരുമാനിച്ചത് സി.പി.എം ആണെന്നും അദ്ദേഹം പറഞ്ഞു.

ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് പാർട്ടി ചിഹ്നത്തിൽ വിജയിച്ച​ ബി​നു പു​ളി​ക്ക​ക്ക​ണ്ട​ത്തെ​യാ​ണ്​ ആ​ദ്യം സി.പി.എം പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ൽ, കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ബി​നു​വി​നെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ആ​ശ​യ​ക്കു​ഴ​പ്പം രൂ​പ​പ്പെ​ട്ടു. മുമ്പ് നഗരസഭ ഹാളിൽവെച്ച് കേരളാ കോൺഗ്രസ് എം അംഗം ബൈജു കൊല്ലംപറമ്പിലിനെ ബിനു പുളിക്കക്കണ്ടം മർദിച്ചതാണ് എതിർപ്പിന് കാരണം. തുടർന്ന് ഇന്ന് രാവിലെ നടന്ന എൽ.ഡി.എഫ് യോഗത്തിലാണ് എൽ.ഡി.എഫ് സ്വതന്ത്ര അംഗം ജോസിൻ ബിനോയെ സ്ഥാനാർഥിയാക്കുകയും അവർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത്.

നഗരസഭയിൽ ജോസിൻ ബിനോക്ക് ആശംസകൾ നേർന്ന് സംസാരിക്കവെയാണ് ജോസ് കെ. മാണിക്കെതിരെ ബിനു രൂക്ഷവിമർശനം നടത്തിയത്. ഓട് പൊളിച്ചു നഗരസഭയിൽ എത്തിയ ആളല്ല താനെന്നും ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും ബിനു ചൂണ്ടിക്കാട്ടി.

ജോസ് കെ മാണിയുടെ പേര് പരാമര്‍ശിക്കാതെ ചതിയുടെ കറുത്ത ദിനമാണ് ഇന്നെന്ന് ബിനു പുളിക്കകണ്ടം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നോട് ചെയ്ത ചതിക്ക് സിപിഎം കൂട്ടുനില്‍ക്കരുതായിരുന്നു. അണികളുടെ ഹൃദയം നുറുങ്ങിയ ദിവസമാണ് ഇന്ന്. ഈ രാഷ്ട്രീയ നെറികേടുകളില്‍ താന്‍ തളരില്ല. തനിക്ക് പ്രതിഷേധമില്ലെന്നും ബിനു പുളിക്കകണ്ടം കൂട്ടിച്ചേര്‍ത്തു.

ബിനു പുളിക്കകണ്ടം ജോസ് കെ മാണിക്ക് എഴുതിയ തുറന്ന കത്തിന്റെ പൂർണരൂപം:

" മോഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല. "

ആശ്വാസ വാക്കുകളുമായി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നിരന്തരം വിളിക്കുന്നുണ്ട്. പാലാ നഗരസഭയുടെ അധ്യക്ഷപദവിയിൽ ഞാൻ എത്തിച്ചേരുമെന്ന് എന്നെക്കാളേറെ ഉറച്ചു വിശ്വസിച്ചവർ... ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അഭിമാനകരമായ നഗരസഭ അധ്യക്ഷ പദവി ഞാൻ പ്രതീക്ഷിച്ചിരുന്നു... ഏതൊരു സഖാവിന്റെയും ആവേശമായ ചുറ്റിക അരിവാൾ നക്ഷത്ര ചിഹ്നം നൽകി തിരഞ്ഞെടുപ്പ് രംഗത്തിറക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന ജനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയോ, പാർട്ടിയോട് കലഹിച്ചോ, വിലപിച്ചോ, വിലപേശിയോ ഒരും സ്ഥാനലബ്ധിയും ഞാൻ ആഗ്രഹിച്ചിട്ടില്ല.. ആഗ്രഹിക്കുകയും ഇല്ല.

താങ്കളെ ആദ്യമായി പരിചയപ്പെട്ട ദിവസം ഇന്നും ഞാൻ ഓർക്കുന്നു. അങ്ങയുടെ പിതാവ്, പാലായുടെ ആരാധ്യനായ നേതാവ് കെഎം മാണി സാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കേക്കര വിജയോദയം വായനശാലയുടെ ചുമരുകളിൽ പോസ്റ്റർ ഒട്ടിക്കുമ്പോൾ ആണ് പാന്റും ഷർട്ടും അണിഞ്ഞ് മാരുതി 800 കാർ സ്വയം ഡ്രൈവ് ചെയ്ത് കത്തീഡ്രൽ പള്ളിയിലേക്ക് പോകുന്ന അങ്ങയെ നിങ്ങളുടെ പാർട്ടിക്കാരനായ തോമസ് ആന്റണി പരിചയപ്പെടുത്തിയത്. അന്നു ഞാൻ അത്ഭുതത്തോടെ ചിന്തിച്ചു കേരള രാഷ്ട്രീയത്തിലെ പ്രായോഗിക രാഷ്ട്രീയക്കാരനായ മാണിസാർ എന്തേ മകന്റെ രാഷ്ട്രീയ പ്രവേശനം വൈകിപ്പിക്കുന്നു? ഇനി മകന് താല്പര്യമില്ലാഞ്ഞിട്ടാകുമോ? പിന്നീട് വളരെ വൈകിയാണെങ്കിലും ഒരുപാട് വിവാദങ്ങൾക്ക് നടുവിൽ ആ രാഷ്ട്രീയ പ്രവേശനം നടന്ന് അങ്ങ് സ്ഥാനാർഥി ആയപ്പോൾ ഒരു പ്രവർത്തകൻ എന്ന നിലയിൽ താങ്കളുടെ വിജയത്തിനായി പ്രവർത്തിക്കുകയും, പരാജയത്തിൽ ദുഃഖിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ.

23 വർഷം കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന എന്റെ പിതാവും അങ്ങയുടെ പരാജയത്തിൽ എന്നെക്കാൾ ദുഃഖിച്ചിരുന്നു. മാണി സാർ എന്ന രാഷ്ട്രീയ ചാണക്യൻ പാലാ അടക്കി വാഴുമ്പോഴും അദ്ദേഹത്തിന് കടന്നു കയറാൻ കഴിയാതിരുന്ന പ്രദേശമായിരുന്നു പാലാ തെക്കേക്കര. അവിടെ എന്റെ പിതാവ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം കേരള കോൺഗ്രസ് പാർട്ടി ഓഫീസിനായി സൗജന്യമായി വിട്ടു കൊടുത്തതിന്റെ പേരിൽ ഞങ്ങളുടെ ജീവനോപാധിയായിരുന്ന റേഷൻ കടയുടെ വ്യാപാര ലൈസൻസ് പോലും പ്രതിസന്ധിയിലായിരുന്നു.

പ്രിയ സഹപ്രവർത്തകന്റെ മകൻ എന്ന വാത്സല്യവും, ചെറുപ്പക്കാരനായ പൊതുപ്രവർത്തകൻ എന്ന പരിഗണനയും, ഒരേ ചേരിയിൽ നിന്ന് പിന്തുണയ്ക്കുമ്പോഴും, മറുചേരിയിൽ നിന്ന് കലഹിക്കുമ്പോഴും മാണിസാർ എനിക്ക് തന്നിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒരിക്കലും പ്രതികാരത്തിന്റെയോ, പകയുടെയോ, വിദ്വേഷത്തിന്റെയോ, അസഹിഷ്ണുതയുടെയോ ആയിരുന്നില്ല എന്ന് ഞാൻ ഈ അവസരത്തിൽ സ്മരിക്കട്ടെ.

എന്നിലേക്ക് സ്വാഭാവികമായി വന്നുചേരുമെന്ന് ഞാനും എന്റെ പ്രസ്ഥാനവും, പാർട്ടിയിലെ ആയിരക്കണക്കിന് സഖാക്കളും കരുതിയ അംഗീകാരം - നഗരസഭ അധ്യക്ഷ പദവി , അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനിരയായി എനിക്ക് നഷ്ടപ്പെട്ട ദിനത്തിലാണ് ഞാൻ ഈ തുറന്ന കത്ത് അങ്ങേക്ക് എഴുതുന്നത്. പാലാ നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തിലാദ്യമായി അധികാരത്തിലേറുന്ന സി പി (ഐ) എം ചെയർമാൻ ആകുവാനുള്ള അവസരം ചുറ്റികളഅരിവാൾ നക്ഷത്ര ചിഹ്നത്തിൽ വിജയിച്ചുകയറിയ ഈ നഗരസഭയിലെ ഏക ജനപ്രതിനിധിയായ എനിക്ക് നിഷേധിക്കപ്പെട്ട ദിവസം, നഗരസഭയിൽ ചെങ്കൊടി പാറുന്നത് സ്വപ്നം കണ്ട ആയിരക്കണക്കിന് പാർട്ടി സഖാക്കളുടെ ഹൃദയം നുറുങ്ങിയ ദിവസം......... ഈ ദിവസം... 2023 ജനുവരി 19... " പാലായുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു കറുത്ത ദിനമായി" രേഖപ്പെടുത്തും.

നമ്മുടെ മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞതു പോലെ, മുന്നണിയിലെ ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ, സ്ഥാനാർത്ഥിയെ നിർണയിക്കുന്ന വിഷയത്തിൽ ഘടകകക്ഷികൾ ഇടപെടുന്നത് ശരിയല്ല. പല പാർട്ടി സഖാക്കൾ പറഞ്ഞതും ഇത്തരത്തിൽ ആണെന്നും ഓർമ്മപ്പെടുത്തുന്നു. അടുത്ത ഒരു കൊല്ലം കഴിയുമ്പോൾ ചെയർമാൻ സ്ഥാനം വീണ്ടും അങ്ങയുടെ പാർട്ടിക്ക് തന്നെ ലഭിക്കുമല്ലോ, അന്ന് നിങ്ങളുടെ ചെയർമാൻ ആരാവണമെന്ന് ഞങ്ങൾക്ക് പറയാൻ അവകാശം ഉണ്ടോ എന്ന ചോദ്യവും പല സഖാക്കളും ഉന്നയിക്കുന്നുണ്ട്.

അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് വരുമ്പോൾ (അങ്ങ് അന്നും ഈ മുന്നണിയിൽ ഉണ്ടെങ്കിൽ) പാലായിൽ മത്സരിക്കേണ്ടത് മാണി സി കാപ്പനോട് വെറും 2543 വോട്ടിന് പരാജയപ്പെട്ട ജോസ് ടോം ആണോ, അല്ലെങ്കിൽ പാലാക്കാരനും തികച്ചും ജനകീയനുമായ റോഷി അഗസ്റ്റിൻ ആണോ, അതോ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 15378 വോട്ടിന് പരാജയപ്പെട്ട അങ്ങാണോ ഇടതുമുന്നണിയുടെ സ്ഥാനാർഥിയായി കേരള കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങേണ്ടത് എന്ന വിഷയത്തിൽ മറ്റു ഘടകകക്ഷികൾക്ക് അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം അങ്ങ് അനുവദിക്കുമോ എന്നു കൂടി ഈ അവസരത്തിൽ ചോദിക്കുകയാണ്.

തിരഞ്ഞെടുപ്പിൽ ജനം തിരസ്കരിക്കുന്നത് മൂലം രാഷ്ട്രീയ സൗഭാഗ്യങ്ങൾ നഷ്ടപ്പെടുന്നതിനേക്കാൾ വേദനാജനകമാണ് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം രാഷ്ട്രീയ/വ്യക്തി വിരോധത്തിന്റെ പേരിൽ അംഗീകാരങ്ങൾ നിഷേധിക്കപ്പെടുന്നത്. ജനം തിരസ്കരിച്ചതിനാൽ താങ്കൾക്ക് നഷ്ടപ്പെട്ട രാഷ്ട്രീയ സൗഭാഗ്യങ്ങൾ ഭാവിയിൽ ലഭ്യമാക്കുവാൻ പൊതുപ്രവർത്തനത്തിനായി നീക്കിവെക്കുന്ന സമയത്തിന്റെ ഒരു വിഹിതം ഇന്നുമുതൽ ഞാൻ സമർപ്പിക്കുകയാണ്. നഷ്ടപ്പെട്ടുപോയ അധികാരങ്ങളെ കുറിച്ചുള്ള മോഹഭംഗമാവില്ല, ജനങ്ങൾക്ക് വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ആയിരിക്കും എന്നത്തെപ്പോലെ നാളെകളിലും എൻറെ പൊതുജീവിതം.

പോരാട്ടങ്ങൾ സിപി(ഐ)എം പാർട്ടിയുടെ മുഖമുദ്രയാണ്.. അത് മുറുകെപ്പിടിച്ച് തന്നെയാവും മുന്നോട്ടുള്ള പ്രയാണവും... അധികാര സ്ഥാനങ്ങളുടെ അലങ്കാരമില്ലെങ്കിലും തണലായും, താങ്ങായും ചെങ്കൊടിയേന്തിയ സഖാക്കളും, സിപി(ഐ)എം എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനവും ഉള്ളടത്തോളം കാലം അതിൽ വിട്ടുവീഴ്ച ഉണ്ടാവില്ല.

രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് വേണ്ട അച്ചടക്കവും, ചട്ടക്കൂടുകളും ഞാൻ മനസ്സിലാക്കിയത് സിപി(ഐ)എം എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തണലിൽ വന്നതിനു ശേഷം ആണ്. ആ ബോധ്യങ്ങളും, ഉത്തരവാദിത്വങ്ങളും മുറുകെപ്പിടിച്ച് ചെങ്കൊടിയേന്തി തന്നെയാവും മുന്നോട്ടുള്ള പ്രയാണവും.. അങ്ങ് എന്നെ ചാരി എന്റെ പ്രസ്ഥാനത്തോട് കാട്ടിയ വിശ്വാസവഞ്ചനയോട് കലഹവും, പ്രതിഷേധവും, രൂക്ഷ പ്രതികരണങ്ങളും ഉപേക്ഷിച്ച് പ്രതികരിക്കാതെ സംയമനം പാലിക്കുന്നത് പ്രതികരണശേഷി നഷ്ടപ്പെട്ടു പോയതു കൊണ്ടോ, ഭയപ്പാട് കൊണ്ടോ അല്ല മറിച്ച് സിപി(ഐ)എം എന്ന കേഡർ പാർട്ടിയുടെ ആശയ പ്രത്യയശാസ്ത്രങ്ങളിൽ മനസുറച്ചു പോയതുകൊണ്ടാണ്... അതുകൊണ്ടുതന്നെയാണ് ഞാൻ ആദ്യമേ പറഞ്ഞത് മോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടപ്പോൾ മോഹഭംഗമില്ലാത്തത്... എന്ന്.

ഞാൻ പാർട്ടിയോടും മുന്നണിയോടും പരിഭവിച്ച്, നഷ്ടബോധത്താൽ പൊതുരംഗത്ത് നിന്നും മാറിനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മറുപടിയായി ഇനിയും പാർട്ടിക്ക് വേണ്ടി, ജനങ്ങൾക്ക് വേണ്ടി, അവരുടെ ക്ഷേമത്തിനു വേണ്ടി മുൻനിരയിൽ തന്നെ ഉണ്ടാവുമെന്ന് പറഞ്ഞുകൊള്ളട്ടെ.

നിലപാടുകളുടെ പേരിൽ കൈമോശം വരുന്ന അധികാര സ്ഥാനങ്ങൾ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് കൈമുതലാക്കണമെന്ന് ആഗ്രഹിക്കുന്നിടത്താണ് ഒരു പൊതുപ്രവർത്തകന്റെ പരാജയം ആരംഭിക്കുന്നത്. അങ്ങനെ നിലപാടുകളിൽ വെള്ളം ചേർത്തും, കള്ളം പറഞ്ഞും, പകയുടെയും പ്രതികാരത്തിന്റെയും രാഷ്ട്രീയത്തിലൂടെ ആഗ്രഹ സാക്ഷാത്കാരത്തിന് ഇറങ്ങുമ്പോൾ..... ജനകീയ കോടതിയിൽ, പരാജയപ്പെടുന്നവരുടെ പകപോക്കലുകൾ... "നിഴൽ യുദ്ധങ്ങളാണ്..." യാഥാർത്ഥ്യവുമായി ബന്ധമില്ലാതെ, ജനവികാരത്തെ ഉൾക്കൊള്ളാൻ ആവാതെ, ജനവിശ്വാസ്യത ആർജിക്കാനാവാത്തവരുടെ നിഴൽ യുദ്ധങ്ങൾ.... അത്തരം യുദ്ധങ്ങൾക്ക് ഒരിക്കലും ആരെയും പരാജയപ്പെടുത്താൻ ആവില്ല. നാളെകളിലും അവരെ കാത്തിരിക്കുന്നത് ജനങ്ങളുടെ തിരസ്കരണം.... അതുൾക്കൊള്ളാൻ കഴിയാതെ വരുമ്പോൾ നാളെകളിലും ആരെയെങ്കിലും ബലിയാടുകൾ ആക്കി ആത്മനിർവൃതി അടയണം..... ഇന്ന് ഞാൻ ആണെങ്കിൽ നാളെ മറ്റൊരാൾ.... പക്ഷേ അത്തരം ബലികൾ കൊണ്ട് കീഴടക്കാവുന്നതല്ലല്ലോ ജനമനസ്സ്.

പാർട്ടിയുടെ പാലായിലെ സജീവ പ്രവർത്തകനായി, ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി, അവരോട് വിശ്വസ്തത പുലർത്തി കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായുള്ള നഗരസഭ കൗൺസിലർ എന്ന എന്റെ കർമ്മപഥത്തിലൂടെ തലയുയർത്തി തന്നെ ഞാൻ ഇനിയും നടക്കും. ഇപ്പോൾ ചിലരെങ്കിലും ആഘോഷിക്കുന്ന..... എന്നാൽ എന്നെ ഒട്ടും സ്പർശിക്കാത്ത ഈ ഒരു തിരിച്ചടി ദൗർബല്യമല്ല മറിച്ച് എന്റെ പ്രസ്ഥാനത്തോടും സഖാക്കളോടും ഉള്ള പ്രതിബദ്ധത തന്നെയാണ്.

ഈ രാഷ്ട്രീയ നെറികേടിൽ തളർന്നു പൊകാതെ എന്നെ ചേർത്ത് നിർത്തിയ ധീര സഖാക്കളും, പാലായിലെ പൊതു സമൂഹവും എനിക്ക് ധൈര്യം തരുന്നു. " കറുപ്പ് ഒരു നിറം മാത്രമല്ല, അത് പ്രതിഷേധത്തിന്റെ അടയാളം മാത്രവുമല്ല, ആത്മസമർപ്പണത്തിന്റെയും, ചില ഓർമ്മപ്പെടുത്തലിന്റെയും കൂടിയാണ്." ഇനിയുള്ള കൗൺസിൽ കാലയളവിലും, അങ്ങയോട് ഒപ്പമുള്ള രാഷ്ട്രീയ പ്രവർത്തനത്തിനും ഈ കറുപ്പിന് വലിയ പ്രസക്തി ഉണ്ട്

അഭിവാദ്യങ്ങളോടെ,

അഡ്വ. ബിനു പുളിക്കകണ്ടം.

പാലാ,

19/01/2023

Tags:    
News Summary - jose k mani against binu pulikkakandam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.